Thursday, December 26, 2024
Homeഅമേരിക്കഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തി

നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, ന്യൂ യോർക്ക് ചാപ്റ്റർ പ്രതിനിധികളായ സജി എബ്രഹാം, ജിനേഷ് തമ്പി, കൂടാതെ പ്രസ് ക്ലബ് പ്രതിനിധിയും ഫൊക്കാന നാഷണൽ ട്രെഷററുമായ ബിജു കൊട്ടാരക്കര തുടങ്ങിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

21 വർഷത്തെ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ചരിത്രവും പ്രവർത്തങ്ങളും പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ കോൺസൽ ജനറലിനെ അറിയിക്കുകയും, പ്രവർത്തനോദ്‌ഘാടനിലേക്ക് ക്ഷണിക്കുകയും ചെയ്തു. മറുപടിയായി എല്ലാ ആശംസകളും അറിയിക്കുകയും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്തു.

പിന്നീട് ഏകദേശം ഒരു മണിക്കൂറോളം പ്രസ് ക്ലബ് പ്രതിനിധികളുമായി സംവദിച്ച അദ്ദേഹം പ്രവാസികളായ എല്ലാ ഇന്ത്യക്കാരുടെയും നന്മക്കായി 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇവിടെ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രതിനിധികൾ മാധ്യമങ്ങളുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഈയിടെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ആയി മരിച്ച ആറ് വിദ്യാർത്ഥികളെ കുറിച്ചും ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയെകുറിച്ചുമുള്ള പ്രസ് ക്ലബ് പ്രതിനിധി ജിനേഷ് തമ്പിയുടെ ചോദ്യങ്ങൾ കൊണ്ട് ചർച്ചകക്ക് തുടക്കം കുറിച്ചു. ഇന്ത്യൻ വിദ്യാർഥികൾ എല്ലാരും തന്നെ സുരക്ഷിതരാണെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഈ അടുത്ത സമയത്തു നടന്നതെന്നും അതിൽ രണ്ട് പേരുടെ മൃതദേഹം ഇന്ത്യൻ കോൺസുലേറ്റിന്റെ പണം ഉപയോഗിച്ച് നാട്ടിലേക്ക് അയച്ചുവെന്നും കോൺസൽ ജനറൽ പറഞ്ഞു.

ചൈനീസ് വിദ്യാർത്ഥികൾ യുഎസിൽ വരുമ്പോൾ തന്നെ അവരുടെ കോൺസുലേറ്റുകളിൽ സ്വയം രജിസ്റ്റർ ചെയ്യുന്നു. എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഈ രാജ്യത്ത് വരുമ്പോൾ രജിസ്റ്റർ ചെയ്യാൻ വിമുഖരാണ്. ടാൻസാനിയയിലും ഇതേ അവസ്ഥ കണ്ടിട്ടുണ്ട്. പല ഇന്ത്യാക്കാരും കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യാനും അവിടെ വന്നവരായി തിരിച്ചറിയപ്പെടാനും ആഗ്രഹിക്കുന്നില്ല. കാരണം അവർക്ക് മറ്റു ലക്ഷ്യമുണ്ട്

അതോടൊപ്പം ഇന്ത്യൻ സമൂഹത്തിന്റെ അറിവിലേക്കായി അദ്ദേഹം നിരവധി കാര്യങ്ങൾ പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്‌ക്കുന്നതിന് സമൂഹം പണം ചെലവഴിക്കേണ്ടതില്ല. പണമുള്ളവർ സ്വയം കൊണ്ടുപോകും. അല്ലാത്തവരെ കോൺസുലേറ്റ് സഹായിക്കും. അതിനുള്ള തുക കോൺസുലേറ്റുകൾക്കുണ്ടെന്നു അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. ഇതിനു ചെറിയ നിബന്ധനകൾ ഉണ്ട്. കഴിഞ്ഞയാഴ്ച 44 വ്യത്യസ്‌ത കമ്മ്യൂണിറ്റി നേതാക്കലുമായി സംസാരിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിന് പകരം സംഘടനകൾ മറ്റ് ക്രിയാത്മക പ്രവർത്തനങ്ങൾക്ക് പണം ചെലവഴിക്കണമെന്ന് നിർദേശിച്ചു

ഇന്ത്യൻ വിദ്യാർത്ഥികളുൾടെ അറിവിലേക്കായി മൊബൈൽ ഫോണിൽ ജോലി അന്വേഷിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അധികാരികൾ വിദ്യാർഥികളുടെ ഫോൺ അല്ലെങ്കിൽ ബ്രൗസർ ഹിസ്റ്ററി പരിശോധിക്കുന്നതു ശെരിയല്ലെങ്കിലും അത് സംഭവിക്കുന്നെണ്ടെന്നു അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർത്ഥി മൊബൈലിൽ ജോലി അന്വേഷിക്കുകയാണെന്ന് അവർ കണ്ടെത്തി. അതുകൊണ്ടു മാത്രം ഒരവസരത്തിൽ ആ വിദ്യാർഥിയെ നാട് കടത്തിയതായറിഞ്ഞു.

വിദ്യാർഥികൾ എന്തിനാണ് കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അഞ്ച് മിനിറ്റ് സമയം മതി. കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്‌താൽ ഒരാവശ്യം വരുമ്പോൾ അവരെ കണ്ടെത്തുക എളുപ്പമാവും. ഇപ്പോൾ വാർത്തകൾ കണ്ട് അവരെ തേടിപ്പോകേണ്ടി വരുന്നു. എന്തായാലും എല്ലാ യുണിവേഴ്സിറ്റികളിലെയും ഇന്ത്യൻ സംഘടനകളുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ആരെയാണ് ബന്ധപ്പെടേണ്ടതെന്നു എളുപ്പത്തിൽ മനസിലാവുമല്ലോ. എല്ലാ ദിവസവും എന്തെങ്കിലും സംഭങ്ങൾ ഉണ്ടാവുന്നു. കാരണം അത്രയധികം ആളുകൾ ഇവിടെയുണ്ട്

വിദ്യാർഥികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആശങ്ക ഇന്ത്യ പ്രസ് ക്ലബ് പ്രതിനിധികളുമായി വിശദമായി സംസാരിച്ചു. വിദ്യാർഥികൾ അറിയാതെ മയക്കുമരുന്നിന് അടിമയാകാനുള്ള സാദ്ധ്യതകൾ അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘ഫെന്റനിൽ’ എന്ന മയക്കുമരുന്നു ഒരു തവണ കഴിച്ചാൽ തന്നെ അഡിക്റ്റ് ആകും. മയക്കുമരുന്ന് കഴിച്ചു മരിച്ച വിദ്യാർത്ഥി വന്നിട്ട് ഒരു മാസമേ ആയുള്ളൂ. അതിനാൽ ഇക്കാര്യങ്ങൾ സംബന്ധിച്ചു ബോധവൽക്കരണം അത്യാവശ്യമാണ്. അമേരിക്കയിൽ കാൽ കുത്തിയാലുടൻ എല്ലാവരും ജേതാക്കളായി എന്ന തെറ്റായ ധാരണ ഇന്ത്യയിലുണ്ട്. വലിയ വായ്പ എടുത്തും മറ്റുമാണ് പലരും ഇവിടെ എത്തുന്നത്. എം.ഐ.ടി പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ അത് എടുക്കുന്നത് മനസിലാക്കാം. എന്നാൽ ആർട്ട്സ് വിഷയങ്ങളും മറ്റും പഠിക്കാൻ വലിയ ലോൺ നല്ലതാണോ എന്ന് ചിന്തിക്കണം. ഒരു വര്ഷം ഒരു വിദ്യാർത്ഥി ഇവിടെ 50,000 ഡോളർ ചെലവിടുന്നു എന്ന് വയ്ക്കുക. മൂന്നര ലക്ഷം പേർ ആകുമ്പോൾ അത് 20 ബില്യൺ ആയി. ഗൾഫിൽ പണിയെടുത്തു നമ്മുടെ ആളുകൾ ഇന്ത്യയിലേക്കയക്കുന്നത്ര തുക നാം പഠനത്തിനായി പുറത്തേക്കു കൊണ്ടുപോകുന്നു.

ഇവിടെ വരുന്ന വിദ്യാർഥികൾ പല കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മദ്യം, അശ്ലീല വീഡിയോ കാണൽ , മയക്കുമരുന്ന് തുടങ്ങിയവ. കൂടാതെ ചാറ്റ് ചെയ്യചെയ്യുന്നതും മറ്റും ചിലപ്പോൾ കുഴപ്പത്തിൽ ചാടിക്കും. എതിർ വശത്തു ചിലപ്പോൾ പോലീസ് ആയിരിക്കും. അത് പോലേ നിയമവിരുദ്ധമായി ജോലിക്കു ശ്രമിക്കുന്നതുമൊക്കെ അധികൃതർ മോണിറ്റർ ചെയ്‌തുവെന്നിരിക്കും.

ഇവിടെ വരുന്ന വിദ്യാർത്ഥികളുമായി പ്രവാസി സംഘടനകളും മറ്റും ബന്ധപ്പെടേണ്ടത് ആവശ്യമാണ്. സമ്മേളനങ്ങൾക്കും മറ്റും അവരെ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്യുക. താൻ പഠിക്കാൻ വന്നപ്പോൾ തന്റെ സീനിയേഴ്സ് നൽകിയ പിന്തുണ ഇപ്പോഴും ഓർമ്മയുണ്ട്.

അമേരിക്കയിലെ എയർപോർട്ടുകളിലെ ഇമ്മിഗ്രെഷൻ പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കയും അറിയിച്ചു. എന്തെങ്കിലും പ്രശ്നം നേരിടുന്നവർക്ക് പുറത്തേക്ക് ഒരു ഫോൺ കോൾ മാത്രമേ പാടുള്ളു എന്ന ഇപ്പോഴത്തെ അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു കോൾ എങ്കിലും വിളിക്കാൻ അനുവദിക്കണമെന്നു അമേരിക്കൻ അധികൃതരോട് ആവശ്യപ്പട്ടതായി പ്രധാൻ പറഞ്ഞു. അമേരിക്കയിൽ എത്തി വിമാനത്താവളത്തിലോ അല്ലെങ്കിൽ പുറത്തോ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിട്ടാൽ നിങ്ങൾക്ക് വിളിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺ ലൈൻ ഇപ്പോൾ ലഭ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അത് ഉപയോഗിക്കാൻ വിദ്യാർഥികളും പൊതു ജനങ്ങളും മടിക്കുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു. വാട്ട്‌സ്ആപ്പിലും വിളിക്കാം.

ജിനേഷ് തമ്പിയുടെ മറ്റൊരു ചോദ്യം പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങളാണ് പ്രത്യേകിച്ച് ഫോട്ടോ സൈസ് 3.5 X 2.5 എന്നത് പലർക്കും പ്രശ്നമാണെന്നും ആ സൈസിൽ ഫോട്ടോ ഇവിടെ സ്റ്റുഡിയോയിൽ എടുക്കാൻ പറ്റില്ല, അത് പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ജിനേഷ് തമ്പി അദ്ദേഹത്തെ ധരിപ്പിച്ചു. .അതിനായി എന്തെങ്കിലും ചെയ്യാൻ ഒക്കുമെങ്കിൽ ഉടൻ തന്നെ ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു തന്നു.

ഇ-വിസയിൽ പോകുന്നവർ ഇന്ത്യയിലെ ഇമ്മിഗ്രേഷനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ന്യൂ യോർക്ക് ചാപ്റ്റർ പ്രെസിഡന്റ്റ് ഷോളി കുമ്പിളുവേലിയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ‘ഐഡിയും മറ്റും ഇന്ത്യയിൽ പരിശോധിക്കണമെങ്കിൽ മതിയായ കാരണം കാണും. സാധാരണ സംഭവിക്കുന്ന കാര്യമല്ല അത്. എല്ലാ വിവരവും ഇവിടെ നൽകിയാണ് ഇ-വിസ കൊടുക്കുന്നത്. കൂടുതൽ ആളുകൾക്ക് ഇത് സംഭവിക്കുന്നുവെങ്കിൽ, ദയവായി ഞങ്ങളെ അറിയിക്കുക. ഇ-വിസ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം 70% ഇ-വിസയും 30% പേപ്പർ വിസയും ആണ് നൽകിയത് .’

ആരെങ്കിലും കോൺസുലേറ്റിൽ വിളിക്കുമ്പോൾ ഫോൺ എടുക്കുന്ന ഉദ്യോഗസ്ഥൻ തന്റെ പേര് പറയണമെന്ന് പുതുതായി നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടുതൽ സുതാര്യത ഉറപ്പു വരുത്തും. ഈ കോൺസുലേറ്റിന്റെ പരിധിയിൽ മാത്രം 25 ലക്ഷം ഇന്ത്യാക്കാരുണ്ട്. എന്നാൽ അവരുമായി ബന്ധപ്പെടാൻ ചുരുക്കം ഉദ്യോഗസ്ഥരെയുള്ളു. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾക്ക് സമൂഹവും പിന്തുണ നൽകുന്നു. അത് ഏറെ നന്ദി അർഹിക്കുന്നു. അതിനാൽ കോണ്സുലേറ്റ് ഏറെ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്നു പറയുന്നത് ശരിയല്ല.

പ്രസ് ക്ലബ് ന്യൂ യോർക്ക് പ്രതിനിധി സജി ഏബ്രഹാമിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി “ഇന്ത്യൻ രാഷ്ട്രീയ നേതാക്കളാണ് അതേപടി സംസാരിക്കേണ്ടത്. ഇപ്പോൾ ഓസിഐ കാർഡ് രണ്ടോ മൂന്നോ കാര്യം ഒഴിച്ച് ബാക്കി എല്ലാറ്റിനും പൗരനൊപ്പമുള്ള അവകാശം നൽകുന്നു. ഇരട്ട പൗരത്വമുള്ള രാജ്യങ്ങളിൽ ഒരിടത്തു കുറ്റകൃത്യങ്ങൾ ചെയ്തവർ അടുത്ത രാജ്യത്തേക്ക് പോയി രക്ഷപ്പെടുന്നതും കാണുന്നുണ്ട്.”

പ്രസ് ക്ലബ് ന്യൂ യോർക്ക് പ്രതിനിധിയും ഫൊക്കാനയുടെ നാഷണൽ ട്രെഷററുമായ ബിജു കൊട്ടാരക്കരയുടെ ചോദ്യം പ്രായമായവർക്ക് ‘പവർ ഓഫ് അറ്റോർണി’ കിട്ടാൻ ഇന്ത്യൻ കോൺസുലേറ്റിൽ വരുന്നതു ഒഴിവാക്കാൻ പറ്റുമോ എന്നതായിരുന്നു, അതിനു മറുപടിയായി അദ്ദേഹം വിശദമായി പഠിച്ചിട്ട് അറിയിക്കാം എന്ന് പറഞ്ഞു.

ഇന്ത്യൻ ഫോറിൻ സർവീസിലെ 2002 ബാച്ചിലെ അംഗമാണ് ന്യു യോർക്കിൽ പുതുതായി ചാർജെടുത്ത കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ. ഇംഗ്ലീഷ്, റഷ്യൻ, ഹിന്ദി, ഒഡിയ ഭാഷകൾ സംസാരിക്കുന്നു. മോസ്കോയിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ, ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുടെ (ഇഎസി) സ്ഥിരം പ്രതിനിധി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ ഇന്ത്യ-ടാൻസാനിയ ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ ആയി ഉയർത്തപ്പെടുകയും ടാൻസാനിയയിലെ സാൻസിബാറിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസിൻ്റെ ആദ്യത്തെ വിദേശ കാമ്പസ് സ്ഥാപിക്കുകയും ചെയ്തു. കോൺസൽ ജനറൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ സമൂഹം ഉറ്റുനോക്കുന്നു.

ഷോളി കുമ്പിളുവേലി

RELATED ARTICLES

Most Popular

Recent Comments