ഡൽഹിയിലെ കനത്തതും വരണ്ടതുമായ വേനലിൽ നിന്നും രക്ഷ നേടണം എന്നു തോന്നുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഹിമാചൽ പ്രദേശ് . പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിൻ്റെ ആവശ്യമില്ല എന്നാലും ഇന്ത്യയുടെ
വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്. ഇവിടെയുള്ള ഒരു ഹിൽ സ്റ്റേഷനാണ് ബറോഗ് .
ശരാശരി സമുദ്രനിരപ്പിൽ നിന്ന് 1560 മീറ്റർ ഉയരത്തിലാണ് ബറോഗ് സ്ഥിതി ചെയ്യുന്നത്. ഉയരം കാരണം, വേനൽക്കാലത്ത് ഇവിടെ താപനില 23 മുതൽ 10 ഡിഗ്രി സെൽഷ്യസാണ്. പക്ഷെ പെട്ടിയിൽ തുണികൾ അടുക്കി വെച്ചപ്പോൾ ഇത്തരം അറിവുകൾ ഗൂഗിളിൽ തന്നെ ഒതുങ്ങിയതിനാൽ സ്വെറ്ററുകൾ എടുക്കാൻ മറന്നു പോയി. പകൽ സമയം വലിയ പ്രശ്നം തോന്നിയില്ലെങ്കിലും വൈകുന്നേരത്തോടെ മുറിയിൽ തന്നെ അടച്ചു പൂട്ടി ഇരിക്കേണ്ടി വന്നു. ഹോ ! എന്തൊരു തണുപ്പ്!
ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് ആര് വിചാരിച്ചു അല്ലേ? അതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത!
നിങ്ങളുടെ കാർ പാർക്ക് ചെയ്‌തു കഴിഞ്ഞാൽ നല്ലൊരു നടപ്പ് തന്നെയുണ്ട്. ആദ്യമെല്ലാം ചില വീടുകളുടെ പുറകു വശത്തു കൂടെ …അവിടെ ഉണ്ടായി നിൽക്കുന്ന ചോളം എല്ലാം കണ്ട് ആകെ ഫോട്ടോ ബഹളം പക്ഷെ പിന്നെയങ്ങോട്ട് പാറക്കെട്ടുകൾ, അയഞ്ഞ ചെളിയുള്ള സ്ഥലം കോൺക്രീറ്റ് കല്ലുകൾ എന്നിവയിലൂടെയെല്ലാം കൂടി ഒരു കിലോമീറ്റർ ദൂരമെങ്കിലും നടക്കണം. പലപ്പോഴും വഴി തെറ്റിയോ എന്ന ആശങ്കയായിരുന്നു എനിക്ക്. ഒരു റെയിവേ സ്റ്റേഷൻ ഇതുപോലെയുള്ളൊരു സ്ഥലത്ത് അല്ലല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. വഴിയിൽ മറ്റു ചില സഞ്ചാരികളെ കാണുമ്പോൾ ഒരു ആശ്വാസം.
ഇറങ്ങാൻ എളുപ്പമുള്ള പാതയാണ്. എന്നാലും മടക്ക യാത്രയിൽ ഇതെല്ലാം കയറേണ്ടേ എന്നായിരുന്നു മനസ്സിൽ . ദുർഘടമായ കോണിപ്പടികൾ ഇറങ്ങി മനോഹരമായ ബറോഗ് സ്റ്റേഷൻ കണ്ടെത്തുന്നതുവരെ സ്റ്റേഷൻ എവിടെയും കാണില്ല എന്നതും മറ്റൊരു പ്രത്യേകത.
യുനെസ്‌കോ പൈതൃകമായ കൽക്ക-ഷിംല റെയിൽവേ പാതയിലെ 103 പ്രവർത്തന തുരങ്കങ്ങളിൽ ഏറ്റവും നീളം കൂടിയതാണ് ബറോഗ് ടണൽ . ടണലിന് തൊട്ടുപിന്നാലെയാണ് ബറോഗ് സ്റ്റേഷൻ . മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഈ തുരങ്കം കടക്കാൻ ട്രെയിനുകൾ ഏകദേശം 2.5 മിനിറ്റ് എടുക്കും.
തുരങ്കത്തിന് ഒരു പ്രേതവുമായി ബന്ധമുള്ള കഥയുണ്ട്. ഇതിന്റെ നിർമ്മാണ ചുമതലയുള്ള എഞ്ചിനീയർ കേണൽ ബറോഗ് നിർമ്മാണ പ്രവർത്തനത്തിൽ വലിയ തെറ്റ് വരുത്തി രണ്ടറ്റത്തുനിന്നും തുരങ്കം കുഴിച്ചു. ശരിയായ കണക്കുകൂട്ടൽ നടത്തുന്നതിൽ പരാജയപ്പെട്ട തിനാൽ കേണൽ വളരെ വിഷാദത്തിലായിരുന്നു. അതോടൊപ്പം ബ്രിട്ടീഷ് സർക്കാർ കേണൽ ബറോഗിന് 1000 രൂപ പിഴ ചുമത്തി. അത് ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് ഒരു പുതിയ തുരങ്കം നിർമ്മിച്ച് ബറോഗ് ടണൽ എന്ന് നാമകരണം ചെയ്തു, കൂടാതെ സെറ്റിൽമെന്റിനും മരിച്ച കേണലിന്റെ പേര് നൽകി. കേണൽ ബറോഗിന്റെ പ്രേതം ഈ സ്ഥലത്തെ വേട്ടയാടുന്നുവെന്നും അദ്ദേഹത്തിന്റെ ആത്മാവ് ചുറ്റും കാണുന്നതായി ധാരാളം ആളുകൾ സമ്മതിക്കുന്നുവെന്നും കിംവദന്തിയുണ്ട്. ഞങ്ങളാരും ആ പ്രേതത്തെ കണ്ടില്ല.
കൽക്ക ഷിംല നാരോ -ഗേജ് റെയിൽപ്പാതയാണ് , ഇത് കൽക്കയിൽ നിന്ന് ഷിംലയിലേക്ക് കൂടുതലും പർവത പാതയിലൂടെ കടന്നുപോകുന്നു . കുന്നുകളുടെയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും കാഴ്ചകൾക്ക് ഇത് പേരുകേട്ടതാണ്. ചിത്രഹാറിലും മറ്റും കണ്ട ചില പാട്ടുകളുടെ സീനുകളാണ് അപ്പോൾ ഓർമ്മയിൽ വന്നത്.
25 മിനിറ്റ് ലേറ്റായി വന്ന തീവണ്ടിക്കും ആ ഗ്ലാമറാണ് മനസ്സിൽ പ്രതീക്ഷിച്ചത്. പക്ഷെ അതിലുള്ള യാത്രക്കാർക്കെല്ലാം ആകെയൊരു നിസ്സാഹയതയുടെ മുഖഭാവമാണ് തോന്നിയത്. ട്രെയിനു ചുറ്റും ഓടി നടന്ന് ഫോട്ടോ എടുക്കുന്ന ഞങ്ങളെ അവർ അത്ഭുതത്തോടെയാണ് നോക്കിയിരുന്നത്. എല്ലാവരും ഏതോ ഗ്രാമപ്രദേശത്തുള്ളവരായാണ് തോന്നിയത്.
അവിടെ നിന്ന് യാത്ര പറയുമ്പോൾ, കാഴ്ചയായോ ചരിത്രമായോ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും ഇന്ത്യയുടെ എവിടെ പോയാലും നമ്മളെ കാത്തിരിപ്പുണ്ടാവും എന്നത് ഒരു സത്യമാണ്. ഇവിടേയും മാറ്റമില്ല !