അമേരിക്കൻ മലയാളികളുടെ പ്രമുഖ ദേശീയ സംഘടനയായ ഫോമ സൺഷൈൻ റീജിയന്റെ(ഫ്ളോറിഡാ) 2024-2026 പ്രവർത്തന ഉദ്ഘാടനം ജനുവരി 25 ശനിയാഴ്ച വൈകുന്നേരം 4.30നു സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ(5501 Williams Road, Seffner, FL) വെച്ചു നടത്തപ്പെടും.
ഫോമയുടെ സമുന്നതരായ നേതാക്കൾ പങ്കെടുക്കുന്ന ഈ സമ്മേളനം, ഫോമ പ്രസിഡന്റ് ശ്രീ.ബേബി മണക്കുന്നേൽ ഉദ്ഘാടനം ചെയ്യും. റീജിയണൽ വൈസ് പ്രസിഡന്റ്റ് ശ്രീ.ജോമോൻ ആന്റണി അദ്ധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിൽ ഫോമയുടെ ദേശീയ നേതാക്കളും ഫ്ളോറിഡായിലെ എല്ലാ ഫോമ പ്രതിനിധികളും, അംഗ്വത സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും, പ്രമുഖ നേതാക്കന്മാരും പങ്കെടുക്കും.
ഉദ്ഘാടന പരിപാടികൾ പ്രൗഢഗംഭീരമാക്കുന്നതിനായി രൂപീകരിച്ച വിവിധ സബ്കമ്മററികൾ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.
ഫോമാ സൺഷൈൻ റീജിയൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ജനോപകാരപ്രദമാക്കുന്നതിനുമായി നയപരിപാടികൾ രൂപീകരിച്ചു വരുന്നതായി സൺഷൈൻ റീജിയൻ കമ്മറ്റിയെ പ്രതിനിധീകരിച്ചു പ്രസിഡൻ്റ് ജോമോൻ ആൻ്റണി പ്രസ്താവിച്ചു.
ഇതിനായി വുമൺസ് ഫോറം, കൾച്ചറൽ കമ്മറ്റി, ബിസിനസ് ഫോറം, സ്പോർട്സ് കമ്മറ്റി, ഐ.ടി.ഫോറം, പൊളിറ്റിക്കൽ ഫോറം എന്നീ സമിതികൾ രൂപീകരിച്ചു പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പൊതുസമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന മികച്ച കലാപരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടികൾക്കുശേഷം വിഭവസമൃദ്ധമായ അത്താഴ വിരുന്നോടു കൂടി പരിപാടികൾ സമാപിക്കും. പ്രവേശനം സൗജന്യമായിരിക്കും.
വമ്പിച്ച ജനപങ്കാളിത്വം പ്രതീക്ഷിക്കുന്ന ഈ മഹനീയ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി, ഏവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.