Monday, November 18, 2024
Homeഅമേരിക്കഎൻറെ ആദ്യത്തെ മരണം (നർമ്മകഥ) ✍ സദാശിവൻകുഞ്ഞി

എൻറെ ആദ്യത്തെ മരണം (നർമ്മകഥ) ✍ സദാശിവൻകുഞ്ഞി

സദാശിവൻകുഞ്ഞി

കൊളസ്ട്രോളും ഷുഗറും ഇക്കൊല്ലത്തെ വേനൽ പോലെ
കത്തിനിൽക്കുന്ന കാലം. അലോപ്പതി മരുന്നുകളെ “കടക്ക് പുറത്ത്” എന്ന്
പറഞ്ഞ് തികഞ്ഞ അവജ്ഞയോടെയാണ് ഞാൻ കണ്ടിരുന്നത് . ഹോമിയോ
മരുന്നുകളും ഹോംലി മരുന്നുകളും കൊണ്ടാണ് ഈ രാജകീയ രോഗങ്ങളോട്
ഞാൻ പടപൊരുതി നിന്നിരുന്നത് .

കൊറോണയുടെ വരവോടെ അൻപതിനും അറുപതിനും ഇടക്ക്
പ്രായമുള്ളവരുടെ മരണനിരക്ക് കൂടി എന്ന് പറയപ്പെടുന്നു . മനോരമയുടെ
ചരമക്കോളത്തിൽ എന്നും കണ്ണുകളെ തെളിവെടുപ്പിനായി ഞാൻ
കൊണ്ടുപോകാറുണ്ട് .

എൻറെ വീടിനടുത്ത കവലയിൽ ഒരു ഇലക്ട്രിക് പോസ്റ്റുണ്ട് . അതിന്
നാട്ടുകാർ ഇട്ടിരിക്കുന്ന പേരാണ് "കാലൻ പോസ്റ്റ് ". നാട്ടിൽ എവിടെയെങ്കിലും മരിച്ചവരുടെ ഫ്ളക്സ് ആ പോസ്റ്റിൽ തൂക്കിയിട്ടുണ്ടാകും. അതിനാലാവണം ഇലക്ട്രിക് പോസ്റ്റ് കാലൻ പോസ്റ്റായി മാറിയത് . എന്നും രാവിലെ കാലൻ പോസ്റ്റിലേക്ക് പ്രഭാതസവാരിക്കിടയിൽ ഞാൻ നോക്കും . അതിൽ
ആരുടെയെങ്കിലും മരണ ഫ്ളക്സ് ഉണ്ടോയെന്ന് നോക്കണം മരിച്ചവന്റെ
പ്രായം അറുപതിൽ താഴെ അല്ലെന്ന് ഉറപ്പുവരുത്തണം .
ഇതെല്ലം പറഞ്ഞത് മറ്റൊരു കാര്യം പറയാനാണ് .ഒരിക്കൽ രാവിലെ
അഞ്ചു മണിക്ക് ഒരു നെഞ്ചുവേദന . ഭാര്യയോട് ഒന്ന് സൂചിപ്പിച്ചു .
ഉടനെ ഭാര്യ യൂടൂബിൽ നോക്കി എന്നോട് ചോദിച്ചു.
" ചേട്ടാ വയറ്റിന്ന് പോകണമെന്ന് തോന്നുന്നുണ്ടോ " നെഞ്ചിൽ നിന്ന്
വേദന കയ്യിലേക്ക് ഇറങ്ങുന്നുണ്ടോ ? ഛർദിക്കാൻ വരുന്നുണ്ടോ ?
ഞാൻ പറഞ്ഞു ‘ആദ്യം ചോദിച്ചത് മാത്രം ഉണ്ടേ’
… കാരണം എന്നും രാവിലെ അഞ്ചു മണിക്ക് പതിവാണ് . ഞാൻ പതിവ്
തെറ്റിക്കാറില്ല .
അവൾ ഒരു കരിം ജീരകം വറുത്ത് വെള്ളം തിളപ്പിച്ചു തന്നു . നെഞ്ച്
വേദനയല്ലേ ഡോക്ടറെ കാണിച്ചേക്കാം ഞാനും വരാം . തിരികെ വരുമ്പോൾ
ലക്ഷ്മി ഭവനിൽ നിന്ന് ഒരു മസാലദോശയും കഴിക്കാല്ലോ . ഭാര്യ പറഞ്ഞപ്പോൾ
"ആശുപതിയിലേക്ക് പോകുമ്പോ കഴിച്ചിട്ട് പോയാലോ" എന്ന് ഞാൻ
ചോദിച്ചത് അവൾക്കിഷ്ടമായില്ല.
ഞങ്ങൾ ആശുപത്രിയിൽ എത്തി . രാവിലെ എട്ട് മണി ആയിട്ടുണ്ട് കിട്ടിയ
ചീട്ട് നമ്പർ 127 ആണ് . ഭായിമാർ നിരനിരയായി നിൽക്കുന്നത് പെരുമ്പാവൂർ
ടൗണിലെ ഞായറാഴ്ചകളെ ഓർമിപ്പിച്ചു . ഗവണ്മെന്റ് ആശുപത്രി
ആയതിനാൽ ആണ് ഇത്ര തിരക്ക് . ഞാൻ അവിടെ അറിയാവുന്ന
വീടിനടുത്തുള്ള ഒരു നഴ്സിനെ കണ്ടു .

'എന്തുപറ്റി’ അവർ ചോദിച്ചു ‘കുഴപ്പമില്ല ഒരു ചെറിയ നെഞ്ച് വേദന രാവിലെ . ഇപ്പൊ കുറവുണ്ട് എന്നാലും ഡോക്ടറെ ഒന്ന് കണ്ടേക്കാം " അത്രേയുള്ളൂ ഞാൻ പറഞ്ഞു .
അവർ ഈ കാര്യം ഡോക്ടറോട് പറഞ്ഞു കാണണം , രണ്ടുമൂന്ന്
ഭായിമാരെ തള്ളി മാറ്റി റൂമിൽ നിന്ന് ഡോക്ടർ പുറത്തേക്ക് ചാടി . നമ്പർ 127
കാഷ്വാലിറ്റിയിൽ പോകാൻ ഉറക്കെ വിളിച്ചലറി . പെട്ടെന്ന് ഇ സി ജി
എടുക്കാൻ സിസ്റ്റേഴ്സിനോട് പറഞ്ഞു .
ഒരു ഗവൺമെന്റ് ആശുപത്രിയുടെ കർത്തവ്യബോധത്തിൽ മതിമറന്ന
ഞാൻ സ്വപ്നത്തിലോ സ്വർഗ്ഗത്തിലോ എന്ന് ചിന്തിക്കവേ ‘കിടക്കൂ’ എന്ന
മധുരമൊഴി . ഞാൻ കിടന്നു .
അപ്പഴേക്കും വേദന ഏതാണ്ട് 99 ശതമാനം മാറിയിരിക്കുന്നു . സിസ്റ്ററുടെ
സൗന്ദര്യമാണോ ഡോക്ടറുടെ ഇടപെടൽ ആണോ വേദന മാറ്റിയതെന്നറിയില്ല .
കഷ്ടകാലമെന്ന് പറയട്ടെ ഇസിജി മെഷിൻ കാണാനില്ല . ഞാൻ കിടന്ന
ബെഡിനു സമീപം ഒരു പച്ച അലമാരി കിടന്നിരുന്നു . അവർ പച്ച അലമാരയുടെ
ഉച്ചിയിലേക്ക് എത്തിവലിഞ്ഞു നോക്കിയപ്പോൾ അതാ ഇസിജി മെഷീൻ
ഒളിച്ചിരിക്കുന്നു . കണ്ടേ എന്ന് അലറി കരയാൻ സിസ്റ്റർക്കാവില്ലല്ലോ .
അവർ ഇസിജി മെഷീനിൽ ശക്തിയോടെ ഒറ്റ ഊത്താണ് .ചുഴലിക്കാറ്റിൽ
ഉരുണ്ടുകൂടിയ പൊടിപടലങ്ങളെ ഓർമ്മപ്പെടുത്തി മുറിയിൽ ഇട്ടിരുന്ന
ഫാനിന്റെ കാറ്റിൽ ഇസിജി മെഷിനിൽ ഉണ്ടായ പൊടിപടലങ്ങൾ
പാറിക്കളിക്കുമ്പോൾ മാസ്ക് വച്ചിരുന്നവർ പോലും തുമ്മിക്കാണണം .
പെട്ടെന്ന് കർമനിരതരായ മാടപ്രാവുകൾ എൻറെ ശരീരം
ഇലക്ട്രോഡുകളും വയറുകളും കൊണ്ട് പൊതിഞ്ഞെടുത്തു . എല്ലാവരും
ഇസിജി മെഷിനിലെ പ്രസവത്തെ ഉറ്റുനോക്കുകയാണ് ഞാനും
ആകാംഷാഭരിതനായി .
മെഷിൻ പ്രസവിച്ചു .
‘ഡോക്ടർ വന്നാലേ റിസൾട്ട് പറയൂ’ .
ചുറ്റും എന്നെ ഉറ്റുനോക്കി നിന്ന നഴ്‌സുമാർ പറഞ്ഞു .
അവർ ദയനീയമായി എന്റെ ഭാര്യയെയും നോക്കുന്നത് എനിക്ക് കാണാം.

ദൂരെ നിന്നും ഡോക്ടർ ഓടി വരുന്നു . അവർ എന്റെ ഭാര്യയെ നോക്കി
പറയുന്നത് എനിക്ക് നന്നായി കേൾക്കാമായിരുന്നു .
" ഇയാൾ മരിച്ചിരിക്കുന്നു"
കാരണം ഇസിജി പ്രകാരം നേരെ വര വന്നാൽ ഹൃദയം നിന്നു
പോയെന്നാണ് വിചാരിക്കേണ്ടതെന്ന് .

ഞാൻ പറഞ്ഞു ‘ഡോക്ടർ ഞാൻ മരിച്ചിട്ടില്ല’ . ഇലക്ട്രോഡുകൾ
ശരീരത്തിൽ പിടിച്ചിരിക്കാതെ കിടക്കയിൽ വീണുകിടന്നിരുന്നു
ഇലക്ട്രോഡുകളെ ശരീരവുമായി ചേർത്തുനിർത്തുന്ന ‘ജെൽ’
പണിമുടക്കിയതാണ് എന്നെ മരണത്തിലേക്ക് തള്ളിവിട്ടത് .
ഒടുവിൽ പുറത്തു നിന്ന് ഇസിജി മെഷിൻ വാടകക്ക് എടുത്തിട്ടാണ്
എന്റെ ഹൃദയം പ്രവർത്തനക്ഷമമെന്ന് മനസ്സിലായത് .

സദാശിവൻകുഞ്ഞി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments