റമദാൻ ആത്മീയ ശക്തി സംവാദനത്തിന്റെ വസന്തകാലമാണ്. റമദാനിലെ പ്രധാന ആരാധനയാണ് നോമ്പ്. സർവ്വ മനുഷ്യരെയും ഒന്നിപ്പിക്കുന്ന വികാരങ്ങളിലൊന്നാണ് വിശപ്പ്. ഒന്നിച്ച് ഒരേസമയക്രമം പാലിച്ച് ഭക്ഷണപാനീയങ്ങൾ വെടിയുകയാണ് നോമ്പിലൂടെ ചെയ്യുന്നത്. ഭക്ഷണം ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഒന്നിച്ചിരുന്ന് നോമ്പ് തുറക്കുന്നതിലും വർദ്ധിതമായ പുണ്യവും നന്മയും പഠിപ്പിക്കപ്പെടുന്നു. വയറിനു മാത്രമല്ല കണ്ണിനും കാതിനും നാവിനും തുടങ്ങി സർവ്വ അവയവങ്ങൾക്കും കൂടിയാണ് നോമ്പുണ്ടാവേണ്ടത്.
ഹിജ്റാവർഷം ശവ്വാൽ മാസത്തിലെ പൊന്നമ്പിളി മാനത്തു പിറക്കുമ്പോൾ ആണ് മലയാളികൾ ചെറിയ പെരുന്നാൾ എന്നുവിളിക്കുന്ന ‘ഈദുൽ ഫിതർ’ ആഘോഷിക്കുന്നത്. റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്‌തി. ഇന്നേ ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്.
ഇസ്ലാം മതവിശ്വാസികൾക്ക് സന്തോഷിക്കാനും ആഘോഷിക്കാനുമായി അല്ലാഹു നൽകിയ മഹത്തായ രണ്ട് സമ്മാനങ്ങളാണ് രണ്ട് പെരുന്നാളുകൾ. വളരെ മഹത്തായ പ്രാർത്ഥനകളുടെയും ആരാധനകളുടെയും പരിസമാപ്‌തിയാണ് രണ്ട് പെരുന്നാളുകളും. നോമ്പിന്റെ സമാപനത്തോടെ ഈദുൽ ഫിതറും ഹജ്ജ് കർമ്മത്തിന്റെ സമാപനത്തോടെ ബലിപെരുന്നാളും സമാഗതമാവുന്നു.
പള്ളിയുടെ മിനാരങ്ങളിൽ നിന്നും ഉയരുന്ന അല്ലാഹുവിനെ സ്തുതിക്കുന്ന വചനങ്ങൾ അഥവാ “തക്ബീറിന്റെ” ധ്വനികൾ കേട്ടുകൊണ്ടാണ് ഈദുൽ ഫിതറിന്റെ ആരംഭം കുറിക്കുന്നത്. അതിരുവിട്ട ആഘോഷപ്രകടനങ്ങളില്ലാതെ, ആരവങ്ങളില്ലാതെ കൊണ്ടാടുന്ന ഈദുൽ ഫിതർ എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ മാർഗ്ഗദർശനം ഇസ്‌ലാം നൽകിയിട്ടുണ്ട്. കുളിച്ചു വൃത്തിയായി പുതുവസ്ത്രം ധരിച്ച് സുഗന്ധം പൂശുന്നതിന് പ്രത്യേകം പ്രതിഫലവുമുണ്ട്.
റമദാൻ നോമ്പ് അവസാനിക്കുന്നതോടെ നിർബന്ധമായിത്തീരുന്ന ദാനധർമ്മമാണ് ‘ഫിത്ർ സകാത്’. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിൽ സംഭവിച്ചുപോയിട്ടുള്ള കുറവുകൾ പരിഹരിക്കപ്പെടാനും അല്ലാഹുവിന്റെ അടുക്കൽ സ്വീകരിക്കപ്പെടാനും അതിന്റെ പ്രതിഫലം കിട്ടാനും വേണ്ടി, ഒരു നിശ്ചിത അളവിൽ ധാന്യം അർഹതപ്പെട്ട പാവങ്ങൾക്ക് നൽകുന്നതിനെയാണ് ഫിത്ർ സകാത് എന്നുപറയുന്നത്. അന്നേദിവസം ലോകത്ത് ഒരു വിശ്വാസിയും പട്ടിണി കിടക്കരുത് എന്ന സന്ദേശമാണ് ഇതിലൂടെ നല്കപ്പെടുന്നത്. ഒരിക്കലും ഒരാളും അയല്പക്കത്ത് പട്ടിണി കിടക്കരുത് എന്നൊരു മറുവശം കൂടിയുണ്ട് ഇതിന്.
ആദരവായ റസൂൽ (സ) മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ വന്ന് രണ്ടാമത്തെ വർഷമാണ് ഫിത്ർ സകാത് നിർബന്ധമായത്. സകാത്തുകൾ രണ്ടുവിധമുണ്ട്. ശരീരത്തിന്റെയും സമ്പത്തിന്റെയും. ഇതിൽ ശരീരത്തിന്റെ സകാത്താണ് ഫിത്ർ സകാത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവ ഉള്ളവർ നിർബന്ധമായും ഇത് കൊടുക്കണം. ഒരു വീട്ടിലെ ഓരോ അംഗവും കൊടുക്കണം. ഗുണമേന്മയുള്ളത് അർഹതപ്പെട്ടവർക്ക് മാന്യമായിട്ട് കൊടുക്കണം എന്നാണ് ഇസ്‌ലാം നിഷ്കർഷിക്കുന്നത്. സകാത് കൊടുക്കാത്തവന്റെ നോമ്പും പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കുകയില്ല എന്ന് മതഗ്രന്ഥങ്ങൾ താകീത് നൽകുന്നതോടൊപ്പം തന്നെ അത് ധനികന്റെ ഔദാര്യമല്ല, ദരിദ്രന്റെ അവകാശമാണ് എന്നുകൂടി ഓർമ്മപ്പെടുത്തുന്നു.
ഒരു നിശ്ചിത അളവിൽ കൂടുതൽ സ്വർണ്ണം കയ്യിൽ വച്ചിട്ടുള്ളവർ അതിന്റെ രണ്ടര ശതമാനം സ്വർണ്ണം നിശ്ചയമായും ഓരോ വർഷവും സകാത് നൽകിയിരിക്കണം. ദരിദ്രരായ പെൺകുട്ടികളുടെ വിവാഹാവശ്യത്തിനും മറ്റും കൊടുക്കുന്നതാണ് ശ്രേഷ്ടം. കൊടുക്കും തോറും അല്ലാഹു വർധിപ്പിച്ചു തരും എന്ന ഉറച്ച വിശ്വാസത്തോടെയാണ് ദാനം ചെയ്യേണ്ടത്.
നീണ്ട ഒരുമാസക്കാലത്തെ വ്രതത്തിനും പുണ്യകർമ്മങ്ങൾക്കും പ്രതിഫലമായിക്കിട്ടുന്ന നരകമോചനം കാംക്ഷിച്ച്, പുഞ്ചിരിച്ച മുഖത്തോടെ ബന്ധുമിത്രാദികളെ വരവേൽക്കുകയും ഐക്യത്തിനും സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുകയും വേണം.
അങ്ങനെ ഈദുൽ ഫിത്ർ ഒരാഘോഷം മാത്രമല്ല ഒരുപാട് പുണ്യപ്രവൃത്തികളുടെയും പുനർവിചിന്തനങ്ങളുടെയും മാർഗ്ഗദർശനങ്ങളുടെയും ആകെത്തുകയാണ്. ലോകത്തിലെ എല്ലാ വിശ്വാസികളും ഈദുൽ ഫിത്ർ അതിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് ആഘോഷിക്കുമാറാകട്ടെ.(ആമീൻ)
എല്ലാ പ്രിയ സഹോദരങ്ങൾക്കും ‘ഈദ്മുബാറക്’.
Thank you dear


ആശംസകൾ
Thank you dear

