അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനിയം
പീയൂഷാ/പ്ലാവിതോ/ഹം തദനു തദുദരേ ദിവ്യകൈശോര വേഷം
എന്ന നാരായണീയ ശ്ലോകത്തെ ഇവിടെ ഓർത്തുപോവുകയാണ്. ഘനീഭൂതമായ തേജസ്സിൻ്റെ അത്യന്ത മനോഹരമായൊരു പ്രകാശ ധോരണിയെ ഞാൻ കാണുന്നുവെന്നും അതിൻ്റെ അമൃതധാരയിൽ ഞാൻ ആപ്ലാവിതനായെന്നും ആ തോജോഗോളത്തിൻ്റെ ഉദരത്തിൽ ഭഗവാൻ്റെ ദിവ്യമായ ലീലാകോമളകിശോരവേഷം ഞാൻ കാണുന്നുവെന്നുമാണിവിടെ ഭട്ടതിരിപ്പാട് പറഞ്ഞിട്ടുള്ളത്. തികഞ്ഞ ഒരു യോഗികാനുഭൂതിയാണിത്. ഈ അനുഭൂതിയുടെ നേർ പകർപ്പുതന്നെയാണ് ശ്രീകോവിലിൽ ദേവവിഗ്രഹദർശനം. യോഗികൾക്ക് ഈ പ്രകാശ ദർശനത്തോടൊപ്പം നാദാനഭൂതിയും ഉണ്ടാകുന്നുണ്ട്. ചിണിചിഞ്ചിണിത്യാദി ഭാവത്തിലുള്ള ഈ നാദാനുഭൂതിയുടെ പ്രതീകമാണ് മണിയടിയിൽ നിന്നുത്ഭവിയ്ക്കുന്ന നാദം. വലിയ മണികളിൽ നിന്നുത്ഭവിക്കുന്ന നാദധാര ദീർഘ പ്രണവത്തെ അനുസ്മരിപ്പിയ്ക്കുന്നതാണ്. അതുകൊണ്ടാണ് ദേവനെ തൊഴുമ്പോൾ മണിയടിച്ചുവെണമെന്ന ആചാരമുണ്ടായത്. അധികാരിഭേദം വിവേചനാശൂന്യമായ ജാതി വിത്യാസത്തോളം അധ:പതിച്ചപ്പോൾ ബ്രാഹ്മണർക്കു മാത്രമേ മണിയടിച്ചു തൊഴുതു കൂടൂ എന്ന അനാചാരമായി ഇത് പരിണമിച്ചു. ആ നാദധാരയിൽ ലയിച്ച് മിക്കവാറും തൻ്റെ ആജ്ഞാ ചക്രത്തിൻ്റെ മുമ്പിൽതന്നെ കാണുമാറാകുന്ന പൂർണ്ണ ചൈതന്യ വിഗ്രഹത്തിന്മേൽ മനസ്സുറപ്പിച്ച് ധ്യാനനിരതനായിട്ടാണ് ദേവദർശനം നടത്തേണ്ടത്.
വന്ദനം
കൈകൂപ്പിത്തൊഴുന്നതിനും പ്രമാണമുണ്ട്. “”കരാംബൂജം കോശകതാമു പൈതു “ എന്ന ശ്ലോകപാദം കരങ്ങൾ ഒരു പൂമൊട്ടിൻ്റെ ആകൃതിയിൽ ആക്കേണമെന്നാണ് പറയുന്നത്. ഒരു പക്ഷേ അത് ഹൃദയത്തിൻ്റെ പ്രതീകവുമാകാം. “ഈശ്വര: സർവ്വഭൂതാനാം ഹൃദ്ദേശ/ർജ്ജുന തിഷ്ഠതി “ എന്ന ഗീതാവചനപ്രകാരം ഹൃദയസ്ഥിതനാണല്ലോ ജീവാത്മാവ്. ആ ജീവാത്മാവിനെ അഥവാ സ്ഥൂലമായ ഭാഷയിൽ തൻ്റെ സമ്പൂർണ്ണ ജീവിത കുസുമത്തെ ആരാധ്യദേവന് സമർപ്പിച്ച് മുക്തിപദമടയുകയാണ് തൊഴുമ്പോൾ നാം ചെയ്യുന്നത്.
വന്ദനമെന്ന മുദ്രയെപ്പറ്റി ഇതിനേക്കാൾ അഴത്തിൽ നാം ചിന്തിക്കേണ്ടതായിട്ടുണ്ട്. ഊർദ്ധ്വാഭിമുഖമായി അംഗുലുകൾ വിടർത്തിയ രണ്ടു കൈകളും ദേഹമദ്ധ്യത്തിൽ ഹൃദയത്തിനടുത്തോ തലമുകളിലോ മറ്റോ പിടിച്ചായിരിക്കുമല്ലോ നാം വന്ദനമുദ്ര ചെയ്യുന്നത്. ഓരോ കയ്യിലേയും 5 വിരലുകൾ – പെരുവിരൽ മുതൽ ചെറുവിരൽ വരെ – ആകാശം, വായു, അഗ്നി, ജലം, പൃഥി എന്നീ പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണെന്ന് മനസപൂജയുടെ വിവരണത്തിൽ പറഞ്ഞിട്ടുണ്ട്. ഈ വിരലുകൾ ഊർദ്ധ്വമുഖങ്ങളാകുമ്പോൾ ആ പഞ്ചഭൂതശക്തികളും ഊർദ്ധ്വഗാമികളായി ചരിയ്ക്കുന്നതിനെയാണല്ലോ സൂചിപ്പിക്കുന്നത്. അതായത് മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലേയ്ക്കുള്ള പ്രയാണമാണിത്. ആ കൈകൾ ഒന്നിച്ച് ചേർക്കുന്നതിന് മുമ്പ് അവ ഇഡാനാഡിയിലേയും പിംഗളനാഡിയിലേയും ചലനത്തെ സൂചിപ്പിക്കുന്നു. ആ കൈൾ ചേർത്ത് നാം തൊഴുമ്പോൾ ആ രണ്ടു ചലനങ്ങളും ഒന്നായി സുഷുമ്നയിൽ മേളിക്കുന്ന പ്രക്രിയയെയാണ് സൂചിപ്പിക്കുന്നതെന്ന് മനസ്സിലാക്കുവാൻ പ്രയാസമില്ല. യോഗി ആദ്യമാദ്യം പ്രാണായാമ പ്രക്രിയയിലൂടെ ഇഡാപിംഗള നാഡികളിലൂടെയുള്ള പ്രാണനെ ക്രമേണ അയാമം ചെയ്ത് കേവല കുംഭത്തിൽ, അതായത് ധ്യാനത്തിൻ്റെ പരമകാഷ്ഠയിൽ, വരുമ്പോൾ ആ ചലനങ്ങൾ മെല്ലെ മെല്ലെ ഇല്ലാതായി സുഷുമ്നയിലേയ്ക്ക് പ്രാണൻ വരുന്നു.
കുൺലിന്യുത്ഥാപനവേളയിൽ ഇഡാ പിംഗള ചലനങ്ങൾ നിശ്ശേഷമായി നശിക്കുകയും മഹത്തായ പ്രാണശക്തി, അതായത് ഈശ്വരീയ ശക്തി സുഷുമ്നയിലൂടെത്തന്നെ ഊർദ്ധ്വഗാമിയായി പ്രവഹിക്കുകയും ചെയ്യുന്നു.അതോടെ അഞ്ചുഭൂതങ്ങളും ഓരോന്നും ക്രമത്തിൽ ഉപര്യുപരി വിലയം പ്രാപിച്ച് അവസാനം എല്ലാം തന്നെ ശിരസ്ഥിതമായ പരമാത്മാവിൽ ലയിക്കുകയും ചെയ്യുന്നു. ഈ മോക്ഷപ്രക്രിയയാണ് യാഗസാധനയുടെ അന്ത്യം. ദ്വന്ദ ഭാവങ്ങളിൽ നിന്ന് ഉത്ഭവിച്ച പ്രപഞ്ചത്തിൻ്റെ ഏകത, അതിൻ്റെ അനുഭൂതി എന്നീ കാര്യങ്ങളെയാണ് നാം സാധാരണ ഉപയോഗിക്കുന്ന ഈ വന്ദനമുദ്ര.
ഒരാളെ വന്ദിയ്ക്കുമ്പോൾ “ഞാനും നിയും ഒന്ന് ” എന്ന ഭാവമാണ്. സ്ഫുരിയ്ക്കുന്നത്. ഈശ്വരനെ തൊഴുമ്പോഴും അതു തന്നെയാണ് ഭാവം. യോഗമാർഗ്ഗത്തിൽ ഉദാത്ത തലത്തിലുള്ള അനുഭൂതിയാണിത്. ഹൃദയത്തിനടുത്തു വന്ദനമുദ്ര പിടിക്കുമ്പോൾ പ്രാണൻ്റെ തലത്തിലും ഭൂമദ്ധ്യത്തിൽ ആ മുദ്ര പിടിക്കുമ്പോൾ മനസ്സിൻ്റെ തലത്തിലും സഹസ്രാരത്തിൽ ആ മുദ്ര പിടിക്കുമ്പോൾ ആത്മതലത്തിലും ഈ ഐക്യഭാവന ദൃഢതരമാവുകയാണ്. അതു തന്നെയാണ് നമസ്ക്കാരത്തിൻ്റെ പൊരുൾ. ഒന്ന് ശ്രദ്ധിച്ചു നോക്കൂ! മന: എന്ന പദത്തെ തിരിച്ചിട്ടാൽ നമ: എന്നായിത്തീരുമെന്ന് കാണാം. അതായത് മനോജന്യമായ വികാരവിക്ഷേപങ്ങളെ പ്രപഞ്ചത്തിൻ്റെ ഉല്പത്തിപ്രക്രിയയിലേയ്ക്ക് തിരിച്ചുവിട്ടാൽ ആയിത്തീരുന്ന അവസ്ഥയാണ് നമ: എന്നത്. ചുരുക്കത്തിൽ വന്ദനമാകുന്ന സമ്സ്ക്കാരമുദ്ര മനോലയത്തെ കാണിയ്ക്കുന്നു. ഇക്കാലത്ത് ജനങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന ഈ താന്ത്രികമുദ്രയുടെ ആഴം ഇത്രത്തോളം വരുമെന്ന് ചിന്തിയ്ക്കുമ്പോൾ നമ്മുടെ സംസ്ക്കാര സങ്കല്പങ്ങളുടെ മുമ്പിൽ നാം നമ്രശിലസ്കരാകാതിരിയ്ക്കുകയില്ല.
നല്ലറിവുകൾ
നല്ല അറിവ് ഗുരുജി ക്ഷേത്രവന്ദനത്തെ കുറിച്ചും കൈ കൂപ്പുമ്പോൾ നാമറിയാതെ നടക്കുന്ന മാനസിക സശാരീരികവുമായ അനുഭവങ്ങളെ കുറിച്ചും മണിയടിയുടെ നാദബ്രഹ്മത്തൊ കുറിച്ചുമെല്ലാം മനസ്സിലാക്കാനായി. നന്ദി ഗുരുജി നമസ്ക്കാരം.
ജിഷ , സി സി ബിനോയ്, അരവിന്ദൻ, സരോജിനി സന്തോഷം – സ്നേഹം