ഫിലാഡൽഫിയാ, യു.എസ്.എ.: 2023 ജൂലൈ മാസത്തെ സെൻ്റർ ഫോർ മൈഗ്രേഷൻ ഓഫ് ന്യൂയോർക്ക് വിജ്ഞാപനാനുസരണം ഒരുകോടി 17 ലക്ഷം ജനങ്ങൾ അനധികൃതമായി വിവിധ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽ കുടിയേറിയതായി പറയുന്നു. 2022 ജനുവരി മാസത്തെ ഹോംലാൻഡ് സെക്യൂരിറ്റി ജനസ്ഥിതി വിവരാനുസരണം ഒരുകോടി 10 ലക്ഷം അനധികൃതർ യാതൊരുവിധമായ രേഖകളും ഇല്ലാതെ അമേരിക്കയിൽ രഹസ്യമായി ഉള്ളതായും 2 കോടി 60 ലക്ഷം വിദേശികൾ നിയമാനുസരണം കുടിയേറിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. പരസ്പരബന്ധം ഇല്ലാതെയുള്ളതായ വിവിധ ഗവണ്മെന്റ്റ് ഏജൻസികളുടെ ഗണിതശാസ്ത്രത്തിന്റെ നിഷ്ഠത സംശയാസ്‌പദംതന്നെ.

അനധികൃത കുടിയേറ്റക്കാരെ മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയയ്ക്കുമെന്നും അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ബോർഡർ സെക്യൂരിറ്റി പോലീസിനെ കൂടുതലായി നിയമിക്കുമെന്നും ഇലക്ഷനുമുമ്പായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയ്ക്കു ഉറപ്പായി വാഗ്ദാനം ചെയ്തിരിക്കുന്നു. ഇലക്ഷൻ പ്രതിജ്ഞ പൂർത്തീകരണ തുടക്കങ്ങൾതന്നെ 9980 കൊടും കുറ്റവാളികൾ അടക്കം 14111 അനധികൃത കുടിയേറ്റക്കാരെ മടക്കിയയച്ചതായി മാർച്ച് 13 ലെ ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ്റ് (ഐ.സി.ഇ.) പ്രസ്സ് റിലീസ് കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളോറിഡായിൽനിന്നും 1722 കിലോമീറ്റർ (1070 മൈൽസ്) എയർ ഡിസ്റ്റൻസ് ഉള്ള എൽ സാൽവഡോറിലേക്ക് നാടുകടത്തൽ നിറുത്തൽ ചെയ്യണമെന്ന കോർട്ട് ഓർഡറിനെ ലംഘിച്ചു ട്രംപ് ഭരണകൂടം കൊലയാളികളും ബലാൽസംഗ കേസുകളും ഉള്ള 17 കുറ്റവാളികളെ സധൈര്യം ഡിപ്പോർട്ട് ചെയ്തായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാക്രോ റുപിയോ മാധ്യമങ്ങലോടു വെളിപ്പെടുത്തി.

2009 മുതൽ 2024 വരെയുള്ള കാലഘട്ടം 16000 ത്തിലധികം അനധികൃത ഇൻഡ്യൻ പൗരന്മാരെ വിവിധ ഗ്രൂപ്പുകളായി ഡിപ്പോർട്ട് ചെയ്‌തതായി ബ്രിട്ടീഷ് ബോർഡ് കാസ്റ്റിംഗ് കോർപ്പറേഷൻ (ബി.ബി.സി.) പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്. മാർച്ച് 30, ഞായറാഴ്‌ച 12 ഇൻഡ്യക്കാരുമായി യു.എസ്. മിലിട്ടറി പ്ലെയിൻ പനാമയിൽനിന്നും ഇൻസ്റ്റാൻബുൾ വഴി ഡെൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ ലാൻഡ് ചെയ്‌തതായും പോലീസ് സഹായത്തോടെ പഞ്ചാബിലും ഉത്തർപ്രദേശിലും ഹരിയാനയലിലുമുള്ള സ്വന്തം വീടുകളിൽ എത്തിച്ചതായും ന്യൂസ് നയൻ റിപ്പോർട്ടിൽ പറയുന്നു.
15.51 ലക്ഷം ജനസംഖ്യയുള്ള ഫിലദൽഫിയ സിറ്റിയിൽ 12,500 ൽ അധികം ഇൻഡ്യയിൽ ജനിച്ചവരിൽ കൃത്യമായും അനധികൃതമായിട്ടുള്ള കുടിയേറ്റക്കാരെ അനായാസമായി കണ്ടെത്തുക അസാധ്യമാണ്. ന്യൂയോർക്ക്, ചിക്കാഗോ, ലോസാഞ്ചലസ്, ഫിലദൽഫിയ, ഹൂസ്റ്റൺ അടക്കമുള്ള ജനനിബിഡമായ വൻ നഗരങ്ങളിലുള്ള സുഹൃത്തുക്കളോടൊപ്പമോ ബന്ധുക്കളോടൊപ്പമോ വസിക്കുന്ന അനധികൃതർ കൃത്യമായി അനുദിനം ജോലിക്കു എത്തിച്ചേരുന്നു. ഉദ്യോഗാർത്ഥികളുടെ അഭാവം നിമിത്തം വൻ വിഭാഗം ബിസിനസ്സ് ഉടമകൾ കൃത്യമായ അമേരിക്കൻ വാസത്തിനുള്ള അനുമതി ലഭിച്ചവരെന്നോ വർക്ക് പെർമിറ്റ് ഉള്ളവരെന്നോ അന്വേഷിക്കുന്നതും അപൂർവ്വം ആയിരിക്കും.

32 ശതമാനം അമേരിക്കൻ ജനത അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതായി സി.എം.എസ്. റിപ്പോർട്ടിൽ അടിവരയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽപ്പെട്ട അനധികൃതരെ മാതൃരാജ്യത്തേയ്ക്ക് ജയിൽശിക്ഷ ശേഷം ഡിപ്പോർട്ട് ചെയ്യണമെന്നു 97 ശതമാനം സാധാരണ അമേരിക്കൻ ജനത ആവശ്യപ്പെടുമ്പോൾ പ്രബലമായ റിപ്പബ്ളിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്ക് പാർട്ടിയും വിഭിന്ന അഭിപ്രായഗതിയിലാണ്. കൃത്യമായ രേഖകൾ ഇല്ലാത്ത വിദേശികളെ തിരിച്ചയയ്ക്കണമെന്നു 54 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി മെമ്പേഴ്‌സ് ആവശ്യപ്പെടുമ്പോൾ 10 ശതമാനം മാത്രം ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ സപ്പോർട്ട് ചെയ്തിട്ടുള്ളൂ.
ക്രമാനുസരണമായ വാഹന പരിശോധനയോടൊപ്പം ഉടമയുടെയും യാത്രക്കാരുടെയും ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിശോധിയ്ക്കണമെന്ന് 81 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ അനുകൂല നിലപാടിൽ 33 ശതമാനം മാത്രം ഡെമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ.
2022, ജനുവരി 19 ന് യു.എസ്. – കനേഡിയൻ അതിർത്തിയിൽ പൂർണ്ണമായി മഞ്ഞുമൂടിക്കിടക്കുന്ന അതിശൈത്യ മേഖലയായ മിനിസോറ്റായുടെ നോർത്ത് വെസ്റ്റ് പ്രദേശത്തുകൂടി ഗുജറാത്ത് സ്റ്റേറ്റിലുള്ള പട്ടേൽ കുടുംബത്തിൻ്റെ കൂരിട്ടിൻന്റെ മറവിലെ അതിദാരുണമായ അനധികൃത അന്ത്യയാത്രയുടെ ഓർമ്മകൾ ഓരോ ഇൻഡ്യക്കാരന്റെയും മനസ്സിൽ മങ്ങാതെ സഹതാപപൂർവ്വം ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അമിതമായ അമേരിക്കൻ അഭിനിവേശനം ഇൻഡ്യക്കാരും പ്രത്യേകിച്ച് ഗുജറാത്തികളും മലയാളികളും അന്തസോടെ ഒരു പരിധിവരെ കൈവെടിഞ്ഞു ജന്മനാട്ടിൽത്തന്നെ പുലരുവാനുള്ള പ്രക്രിയകൾ പ്രാവർത്തികമാക്കണം.