എച്ച്.ഐ.വി., വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. മേൽപ്പറഞ്ഞവ പ്രധാന ആരോഗ്യവെല്ലുവിളികളായി തുടരുകയാണെന്നും പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നുമാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ഹെപ്പറ്റൈറ്റിസ് ബി,സി രോഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. ലോകത്തിന്റെ പലയിടങ്ങളിലും ലൈംഗികരോഗങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. 2022-ൽ പുതിയ സിഫിലിസ് രോഗികൾ പത്തുലക്ഷമായി ഉയർന്നു, ആഗോളതലത്തിൽ ഈ രോഗികളുടെ നിരക്ക് എൺപതുലക്ഷമാണ്. അമേരിക്കയിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്.
സിഫിലിസ് രോഗികളുടെ വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു. 2030 ആകുമ്പോഴേക്കും ഈ മഹാമാരികൾക്ക് അവസാനമുണ്ടാക്കാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.