തെഹ്‌റാൻ: ഹെലികോപ്‌റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഖബറടക്ക ചടങ്ങുകൾ ബുധനാഴ്‌ച തെഹ്‌റാനിൽ ആരംഭിച്ചു. പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. തെഹ്‌റാൻ സർവകലാശാലയിലും ഫ്രീഡം സ്‌ക്വയറിലുമായി പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ബുധൻ രാവിലെ നടന്ന പ്രാർഥനയിൽ ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്‌മായി ഹനിയ പങ്കെടുത്തു. റെയ്‌സിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്ത്യൻ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനി, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി, കുവൈത്ത് വിദേശ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യ തുടങ്ങിയവർ തെഹ്‌റാനിലെത്തി. റെയ്‌സിയുടെ ജന്മനാടായ ബിർജന്ദിൽ മാഷദ് ഇമാം റേസ പള്ളിയിൽ വ്യാഴാഴ്‌ചയാണ് ഖബറടക്കം.”