ഒമാനിലെ ദുരിതപെയ്ത്ത്,,, സ്കൂളിൽ നിന്നും മടങ്ങവേ കുത്തൊഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത് 10 കുരുന്നുകൾക്ക്; കണ്ണീരോടെ വിട.കുഞ്ഞുങ്ങളുടെ വേർപാടില്‍ ഹൃദയം തകർന്ന് മുദൈബി ഗ്രാമം. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് കുരുന്നു ജീവനുകളാണ് മഴ ദുരന്തത്തില്‍ പൊലിഞ്ഞു പോയത്. സ്കൂളില്‍നിന്ന് അയല്‍വാസിയായ യൂനുസ് അല്‍ അബ്ദാലിയുടെ കൂടെ വാഹനത്തില്‍ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അല്‍ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ പത്ത് കുട്ടികളുടെ ജീവനാണ് മുദൈബിയിലെ സമദ്ഷാൻ വാദിയില്‍ പൊലിഞ്ഞു പോയത്.
10-15 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. അപകടത്തില്‍ രക്ഷപ്പെട്ട കാർ ഓടിച്ചിരുന്ന യൂനിസ് അല്‍ അബ്ദാലി ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് ഇനിയും വിട്ടു മാറിയിട്ടില്ല. ഞായറാഴ്ച സ്കൂളില്‍ പോയ തന്റെ മകൻ മുതാസിനെ മഴ കനക്കുന്നത് കണ്ട് തിരികെ വിളിക്കാൻ പോയ യൂനുസ് അയല്‍വാസികളായ മറ്റ് 14 കുട്ടികളേയും കൂടെ കൂട്ടുകയായിരുന്നു. ഇതില്‍ 12 പേരും മുതാസിന്റെ സഹപാഠികളാണ്. മഴ കൂടുതല്‍ ശക്തമാകുന്നതിനു മുമ്ബേ വീട്ടില്‍ എത്തുന്നതിനായി വാദിയില്‍ വാഹനം ഇറക്കുകയായിരുന്നു.
യൂനസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് കൊണ്ടാണ് ദുരന്തമെത്തിയത്. പാഞ്ഞടുത്ത വാദി പ്രവാഹത്തില്‍ അവരുടെ വാഹനം അകപ്പെടുകയും കുട്ടികള്‍ ഒലിച്ചുപോകുകയുമായിരുന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട ഡ്രൈവറെയും ഒരു വിദ്യാർഥിയെയും 600 മീറ്റർ ദൂരത്തുനിന്ന് റോയല്‍ ഒമാൻ പൊലീസ് വ്യോമസേന ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിദ്യാർത്ഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി. കാണാതായവർക്കായി നടത്തിയ തിരച്ചിലിലാണ് ഒമ്ബത് വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയും പത്താമത്തെ കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തിയത്.