Sunday, December 22, 2024
HomeUncategorizedവിദ്യാർഥികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക നൈപുണ്യ വികസന കേന്ദ്രങ്ങളുടെ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

വിദ്യാർഥികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക നൈപുണ്യ വികസന കേന്ദ്രങ്ങളുടെ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

പത്തനംതിട്ട —സാമൂഹ്യ  വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും വ്യക്തിജീവിതത്തിൽ അവരെ കൂടുതൽ കരുത്തരാക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ നൈപുണി വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ജിവിഎച്ച്എസ്എസ് ആറന്മുളയിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥി ശാക്തീകരണം സാധ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചി അനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കാനും അതുമായി ബന്ധപ്പെട്ട നൈപുണി വികസനവും ലക്ഷ്യമാക്കിയാണ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നൈപുണി വികസന കേന്ദ്രം (എസ്ഡിസി) കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനം ആരംഭിക്കുന്നത്. പുതിയ കാലഘട്ടത്തിൻ്റെ ഒട്ടേറെ സാധ്യതകളെ കുട്ടികൾക്ക് മുന്നിൽ അനാവൃതമാക്കാനും നൈപുണി വികസന കേന്ദ്രങ്ങൾക്ക് സാധിക്കും. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കും സൗജന്യ തൊഴിൽ പരിശീലനം എസ്ഡിസികളിലൂടെ സാധ്യമാകും. ഓരോ കുട്ടിക്കും ഏതെങ്കിലും ഒരു തൊഴിൽ മേഖലയിലെങ്കിലും നൈപുണ്യം നേടാൻ സാധിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതിയുടെ ആദ്യഘട്ടമായാണ് പത്തനംതിട്ട ജില്ലയിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ആറന്മുള ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിക്കപ്പെട്ട സ്കിൽ ഡെവലപ്മെൻറ് സെൻററിൽ ന്യൂ ജനറേഷൻ കോഴ്സുകൾ ആയ ഡ്രോൺ സർവീസ് ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ എന്നീ കോഴ്സുകൾ ആരംഭിക്കുന്നത്. ഇവയിലൂടെ ലഭ്യമാക്കുന്ന സ്കിൽ ഡെവലപ്മെൻ്റ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപജീവനമാർഗം ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ സംരംഭങ്ങൾക്ക് സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസരംഗത്തും സാക്ഷരതയിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത് തുടരുന്നത് ദീർഘ ദർശിയായ ഇത്തരം പ്രവർത്തനങ്ങൾ മൂലമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കേരളത്തിൽ സ്വതന്ത്രചിന്തകരായ, ശാസ്ത്രബോധമുള്ള വിദ്യാർഥികളുണ്ടാകണം. അവർക്ക് തൊഴിലവസരങ്ങളും തൊഴിൽ നൈപുണ്യവും ഉണ്ടാകണം. ഇത്തരത്തിലുള്ള പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

ചടങ്ങിൽ ജില്ലാ കളക്ടർ എ. ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാർ ക്ലാസ് റൂം ലാബ് ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജിജു ജോസഫ്, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. ലെജു പി തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസർ എ.പി ജയലക്ഷ്മി, ജില്ലാ സ്കിൽ കോർഡിനേറ്റർ ആർ. ബിപിൻ ചന്ദ്രൻ, മേഖല ഓഫീസ് എഡി ഷാജു തോമസ്, കോഴഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ എസ്. ശിഹാബുദ്ദീൻ, സ്കിൽ സെൻ്റർ കോർഡിനേറ്റർ ജി. ഹരികൃഷ്ണൻ, ജിവിഎച്ച്എസ്എസ് ആറന്മുള പ്രിൻസിപ്പൾ എ. ആർ ഇന്ദു, ഹെഡ്മിസ്ട്രസ്സ് എം. ഗീത, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments