Sunday, December 22, 2024
HomeUncategorizedകോന്നിയിലെ തൊഴിലന്വേഷകര്‍ക്ക് ജോബ് സ്റ്റേഷന്‍ ഗുണകരമാകും

കോന്നിയിലെ തൊഴിലന്വേഷകര്‍ക്ക് ജോബ് സ്റ്റേഷന്‍ ഗുണകരമാകും

പത്തനംതിട്ട —കോന്നി നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് തൊഴിലന്വേഷകരായ യുവതീയുവാക്കള്‍ക്ക് ജോബ്‌സ്റ്റേഷന്‍ ഗുണകരമാകുമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ ജോബ്‌സ്റ്റേഷന്റെയും ഇത് സംബന്ധിച്ച വിജ്ഞാനപഞ്ചായത്ത് ആലോചനാ യോഗത്തിന്റെയും ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്തിലെ പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാനത്തൊട്ടാകെ അയ്യായിരം പേര്‍ക്ക് ഈ മാസം തന്നെ ഇതിന്റെ പ്രയോജനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നോളഡ്ജ് ഇക്കോണമി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് വിജ്ഞാനം പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതി നടപ്പാക്കുന്നത്. എല്ലാ താലൂക്ക് തലത്തിലും ജോബ് സ്റ്റേഷനുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ നടക്കുകയാണ്. കോന്നിയില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതീയില്‍ മിനിസിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ നാലാം നിലയിലാണ് ജോബ് സ്റ്റേഷന്‍ ആരംഭിച്ചിരിക്കുന്നത്. മലയോരമേഖലയായ മണ്ഡലത്തില്‍ തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്ന യുവതീയുവാക്കള്‍ ഏറെയുണ്ട്. അവരുടെ അഭിരുചിക്ക് അനുസരിച്ച് പ്രോത്സാഹനം നല്‍കി ഉചിതമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ചാര്‍ളി അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത്ത്കുമാര്‍ പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് ആദ്യഘട്ട രജിസ്‌ട്രേഷന് ജോബ് സ്റ്റേഷനില്‍ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ സുരേഷ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ബിന്ദു രേഖ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ജി ആനന്ദന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments