Friday, November 15, 2024
Homeകഥ/കവിതകണ്ണില്ലാത്ത ചോദ്യങ്ങൾ (കവിത) ✍കിളിമാനൂർ ദിവാകരൻ

കണ്ണില്ലാത്ത ചോദ്യങ്ങൾ (കവിത) ✍കിളിമാനൂർ ദിവാകരൻ

കിളിമാനൂർ ദിവാകരൻ

മുന്നിൽ നടക്കുന്ന –
താരെന്നറിയാതെ
പിന്നിൽ നടക്കയാ-
ണിന്നുനാ,മന്ധരായ്!

തൊട്ടടുത്തുള്ളതി –
ന്നാരെന്നറിയാതെ
തൊട്ടിരിക്കുന്നു നാ –
മന്യരാ,യേകരായ്!

വെട്ടമണച്ചു –
നടക്കും വഴിയിലെ
കട്ടിയിരുട്ടിൻ –
കഠിനത കാണാതെ!

ഇഷ്‌ട ജനങ്ങളെ
ശത്രുക്കളാക്കീട്ട്
കെട്ടിപ്പുണരുന്നു
ജന്മശത്രുക്കളെ!

പൊട്ടിപ്പൊളിഞ്ഞ –
പഴഞ്ചനാചാരങ്ങൾ
കെട്ടിയെടുക്കുന്നു
വീണ്ടും പുതുക്കുവാൻ!

ജീർണ്ണിച്ചൊ –
രന്ധവിശ്വാസ ശവപ്പുര –
വീണ്ടും പണിയുന്നു
ചത്തദൈവത്തിനായ്!

എല്ലാമതങ്ങൾക്കു –
മപ്പുറം മാനവ –
വിശ്വസംസ്‌കാരം
കൊടിയുയർത്തുമ്പോഴും,

തമ്മിൽ പിണങ്ങി
പരസ്പരം കൊല്ലുന്നു
നന്മയറിയാത്ത
നമ്മൾ നിരന്തരം!

ആരാർക്ക് വേണ്ടിയി –
കൊല്ലുന്ന, താരോട്
ചോദിക്കുമിന്നുനാ –
മുത്തരം കിട്ടുവാൻ?

ചോദ്യങ്ങളുണ്ട്,
മറുപടിയില്ലാതെ
ചോദിച്ചുകൊണ്ടേ
യിരിക്കാം പരസ്പരം!

എങ്കിലും വീണ്ടും
ഗമിക്കയാണീ ലോക –
മെന്തിനു വേണ്ടിയെ –
ന്നോതാ, തറിയാതെ!

കാലം കണക്കു –
കുറിച്ചുവെയ്ക്കുന്നൊരാ-
യേട്ടിലെ തെറ്റും ശരിയു –
മാരോർക്കുവാൻ….??

✍കിളിമാനൂർ ദിവാകരൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments