കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് വിജയത്തുടക്കം. കാനഡയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തില്‍ പക്ഷേ ലയണല്‍ മെസി അവസരങ്ങള്‍ പാഴാക്കി. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസും സ്‌കോര്‍ ചെയ്തപ്പോള്‍ മെസിക്ക് രണ്ട് തുറന്ന അവസരങ്ങള്‍ മുതലാക്കാനായില്ല. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ കടുത്ത വെല്ലുവിളിയാണ് മത്സരത്തിന്റെ അവസാനം വരെ അര്‍ജന്റീനക്ക് മേല്‍ ഉയര്‍ത്തിയത്
മത്സരം തുടങ്ങിയത് മുതല്‍ ലോക ചാമ്പ്യന്‍മാരെ ഭയക്കാതെയുള്ള മെയ് വഴക്കത്തിലായിരുന്നു കാനഡയുടെ നീക്കങ്ങള്‍. മെസിയും അല്‍വാരസും ഡീമരിയയും ചേര്‍ന്ന് മെനയുന്ന നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ കാനഡ വിജയിച്ചു. ഒമ്പതാം മിനിറ്റില്‍ കാനഡയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്ത് മുന്നേറിയ ഡി മരിയക്ക് ലക്ഷ്യം കാണാനായില്ല. ഡി മരിയ തൊടുത്ത ഷോട്ട് കാനഡ കീപ്പര്‍ സുന്ദരമായി പിടിച്ചെടുത്തു.
യൂറോ ആവേശത്തിനിടെ ആരാധകര്‍ ഏറെ കാത്തിരുന്ന മത്സരമായിരുന്നു അര്‍ജന്റീനയുടേത്. എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത ഒത്തിണക്കത്തോടെ അര്‍ജിന്റീനിയന്‍ സംഘത്തിന് മൈതാനത്ത് പെരുമാറാന്‍ കാനഡ സമ്മതിച്ചോ എന്ന് സംശയമുളവാക്കുന്നതായിരുന്നു മത്സരം. മെസ്സിയും ഡി മരിയയും വിങ്ങുകളിലൂടെ ഒറ്റപ്പെട്ടതും പ്രതിരോധം ഭേദിക്കാന്‍ കഴിയാത്തതുമായ ചില ദുര്‍ബല മുന്നേറ്റങ്ങള്‍ നടത്തി എന്നതൊഴിച്ചാല്‍ ഇന്നത്തെ മത്സരത്തില്‍ രണ്ട് സീനിയര്‍ താരങ്ങളും മങ്ങിപോയി. മറുവശത്ത് കാനഡ അര്‍ജന്റീനയുടെ അപ്രമാദിതത്തെ തന്നെ കൂസാതെ മുന്നേറുകയായിരുന്നു. 39-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ അലക്‌സിസ് മാക് അലിസ്റ്ററുടെ ഹെഡര്‍ കനേഡിയന്‍ കീപ്പര്‍ മാക്സിം ക്രപ്യു തട്ടിയകറ്റി. രണ്ട് നിമഷം മാത്രം, 42-ാം മിനിറ്റില്‍ കനേഡിയന്‍ സംഘം അര്‍ജന്റീനിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി. സ്റ്റീഫാന്‍ എസ്റ്റക്യുവിന്റെ ഹെഡര്‍ ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി അര്‍ജന്റീന കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. റീബൗണ്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൂലിയന്‍ അല്‍വാരസ് അവസരം നഷ്ടപ്പെടുത്തുന്ന കാഴ്ച്ച കണ്ടു.
നിരാശരായ അര്‍ജന്റീന ആരാധകര്‍ക്ക് സന്തോഷം മടക്കി നല്‍കിയത് അറ്റാക്കറായ മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ് ആണ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അ65-ാം മിനിറ്റില്‍ മെസ്സി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നല്‍കിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോള്‍ മുന്നില്‍ കനേഡിയന്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് മെസ്സിക്ക് കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് ഓടിയെത്തിയ ഡിഫെന്‍ഡര്‍ തടഞ്ഞു.
പിന്നാലെ തിരിച്ചടിക്കാന്‍ കാനഡ മുന്നേറ്റങ്ങള്‍ ശക്തമാക്കി.അതോടെ മത്സരം കടുത്തു. 79-ാം മിനിറ്റില്‍ വീണ്ടും മെസ്സി കിട്ടിയ അവസരം പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഇക്കുറിയും അര്‍ജന്റീന നായകന് പിഴച്ചു. ലൗട്ടാറോ മാര്‍ട്ടിനസ് തൊടുത്ത ഷോട്ടും തട്ടിയകറ്റി കാനഡ കീപ്പര്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. അങ്ങനെയിരിക്കെ 88-ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടാം ഗോളും നേരി. മെസ്സിയുടെ അസിസ്റ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കിയതോടെ ലോകചാമ്പ്യന്‍മാര്‍ ആശ്വാസ ജയത്തോടെ ഗ്രൗണ്ട് വിട്ടു.