കോട്ടയ്ക്കൽ.–കാലമാകുന്ന മരത്തിൽ നിന്നു എത്ര ഇലകൾ അടർന്നുവീണാലും, പക്ഷികൾ കൂടണഞ്ഞാലും, കാണാദൂരത്തേക്കു പറന്നകന്നാലും തനിമ നശിക്കാത്ത ചിലതുണ്ട്., അവയിലൊന്നാണു പാട്ടുകൾ. “വർഷങ്ങൾ പോയതറിയാതെ” എന്ന സിനിമയിലെ “ഇലകൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി” എന്ന ഗാനം ഇറങ്ങി 37 വർഷത്തിനുശേഷം
പാട്ടു ചിട്ടപ്പെടുത്തിയ മോഹൻ സിത്താരയും വരികളെഴുതിയ കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻകുട്ടിയും തമ്മിൽ ഇന്നലെ കണ്ടുമുട്ടി. കുഞ്ഞിമൊയ്തീൻകുട്ടിയുടെ കോട്ടയ്ക്കലിലെ വീട്ടിൽവച്ചായിരുന്നു ഈ അപൂർവ സംഗമം. പരസ്പരം കണ്ടപ്പോഴുണ്ടായ അമ്പരപ്പ് പിന്നീട്, സന്തോഷത്തിലേക്കു വഴിമാറി.
പാട്ടൊരുക്കിയശേഷം പലപ്പോഴായി ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിൽ കാണാൻ പല കാരണങ്ങളാൽ സാധിച്ചില്ല. ഇരുവരും സഹകരിക്കുന്ന പുതിയ സിനിമയുടെ ചർച്ചയ്ക്കുള്ള അവസരം കൂടിയായിമാറി ഈ സമാഗമം.
രഘുനാഥ് പലേരി രചനയും സംവിധാനവും നിർവഹിച്ച “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലെ “രാരീരാരിരം രാരോ” എന്നു തുടങ്ങുന്ന പാട്ടു ചിട്ടപ്പെടുത്തിയാണു മോഹൻ സിത്താര സിനിമയിലെത്തിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെയോ, നാലാമത്തെയോ പാട്ടാണ് “ഇല കൊഴിയും ശിശിരം”. ചിട്ടപ്പെടുത്തിയവയിൽ കൂടുതൽ ഇഷ്ടം ഈ പാട്ടിനോടു തോന്നാനുള്ള കാരണവും അദ്ദേഹം പറയുന്നു: “അർഥവത്തായ വരികൾ. കൈകാര്യം ചെയ്യുന്ന വിഷയമാകട്ടെ ഏതുകാലത്തും പ്രസക്തമായ പ്രണയ വും”.
റിയാലിറ്റിഷോകളിൽ പുതുതലമുറ കൂടുതലായി പാടുന്ന പാട്ടുകളിൽ ഒന്നാണിത്. കോളജ് വിദ്യാർഥികൾ അടക്കമുള്ളവരുടെ ഫോണുകളിൽ റിങ്ടോണും കോളർടോണുമാണ്.
പാട്ടു വന്ന വഴി
ഇരുപത്തിനാലുകാരനായ കുഞ്ഞിമൊയ്തീൻകുട്ടി മന്ത്രി യു.എ.ബീരാന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരത്ത് താമസിക്കുന്ന സമയം. ദൂരദർശൻ ആർട്ടിസ്റ്റു കൂടിയായിരുന്നു അദ്ദേഹം. ദൂരദർശൻ പ്രൊഡ്യൂസർ എ.അൻവർ റമസാൻ അടിസ്ഥാനമാക്കി ഒരു സംഗീത ഡോക്യുമെന്ററി ചെയ്തു. അതിലെ വരികൾ എഴുതിയതു കുഞ്ഞിമൊയ്തീനാണ്. സംഗീതം മോഹൻ സിത്താരയും. ആ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതോടെ മോഹൻസിത്താരയാണു “വർഷങ്ങൾ പോയതറിയാതെ” എന്ന സിനിമയ്ക്കു പാട്ടെഴുതാൻ അവസരമൊരുക്കിയത്. ആ സിനിമയിലെ മുഴുവൻ പാട്ടുകളും എഴുതിയതു കുഞ്ഞിമൊയ്തീനാണ്. “ഇല കൊഴിയും ശിശിരത്തിലി”നു പുറമെ “ആ ഗാനം ഓർമകളായി, ആ നാദം വേദനയായി”,
“ആനന്ദപ്പൂമുത്തേ” എന്നീ 2 പാട്ടുകൾ കൂടി സിനിമയിലുണ്ട്. “ആ ഗാനം ഓർമകളായി” ഹിറ്റാവുമെന്നായിരുന്നു റിക്കോർഡിങ് സമയത്തു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, സൂപ്പർഹിറ്റായത് യേശുദാസും ചിത്രയും വെവ്വേറെ പാട്ടിയ “ഇല കൊഴിയും ശിശിര” മാണ്.
പാട്ടുപാടുമ്പോൾ യേശുദാസിനു അറിയില്ലായിരുന്നു ഇതു എഴുതിയതു ആരാണെന്ന്. “ഇത്രയും നല്ല പാട്ട് അടുത്തകാലത്തൊന്നും പാടിയിട്ടില്ല”. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീടാണ് വരികൾ എഴുതിയ ആളെ യേശുദാസ് നേരിൽ കാണുന്നത്. തുടർന്നു തരംഗിണിക്കുവേണ്ടി 11 പാട്ടുകൾ എഴുതാൻ അദ്ദേഹം കുഞ്ഞിമൊയ്തീനോടു ആവശ്യപ്പെട്ടു. അതാണ് “വെള്ളിപ്പറവകൾ” എന്ന പേരിൽ കസെറ്റായി ഇറങ്ങിയത്. യേശുദാസും ചിത്രയും പാടിയ ഇതിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായി.
പിതാവിന്റെ മരണത്തോടെ ഇരുപത്തിഅഞ്ചാം വയസ്സിൽ കോട്ടയ്ക്കലിലേക്കു തിരിച്ചുപോന്ന കുഞ്ഞിമൊയ്തീൻകുട്ടി പിന്നീട്, സിനിമയിൽ കൈവച്ചില്ല. ബിസിനസിനൊപ്പം തമിഴ്നാട് രാഷ്ട്രീയത്തിലും ഒന്നുപയറ്റിയ അദ്ദേഹം ദീർഘകാലം ഡിഎംകെയുടെ കേരള ഘടകം അധ്യക്ഷനായിരുന്നു. വീണ്ടും സിനിമാരംഗത്തു സജീവമാകാനാണ് ഇപ്പോഴത്തെ തീരുമാനം.