Sunday, July 21, 2024
Homeഅമേരിക്ക"ജെറെമി കോര്‍ബിന്‍: ‘ബ്രിട്ടന്‍ നഷ്ട്ടപ്പെടുത്തിയ പ്രധാനമന്ത്രി'.

“ജെറെമി കോര്‍ബിന്‍: ‘ബ്രിട്ടന്‍ നഷ്ട്ടപ്പെടുത്തിയ പ്രധാനമന്ത്രി’.

ബ്രിട്ടനിൽ  ടൈംസ് റേഡിയോ എക്‌സിൽ ഒരു വോട്ടെടുപ്പ്‌ നടത്തി. “ബ്രിട്ടന്‍ നഷ്ട്ടപെടുത്തിയ ഏറ്റവും മികച്ച പ്രധാനമന്ത്രി” ആരെന്നായിരുന്നു വോട്ടെടുപ്പിലെ വിഷയം. ആ എക്സ് തെരഞ്ഞെടുപ്പിൽ ജെറെമി കൊര്‍ബിൻ എന്ന സോഷ്യലിസ്റ്റിനായിയിരുന്നു മുൻതൂക്കം. എന്ത്‌ കൊണ്ടായിരിക്കും ടൈംസ്‌ റേഡിയോയുടെ എക്‌സ്‌ തെരഞ്ഞെടുപ്പിൽ കോർബിൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടാവുക.

2010ന് ശേഷം  നടന്ന ബ്രിട്ടീഷ്  പൊതു തെരഞ്ഞെടുപ്പുകള്‍ പ്രധാനമായും  ബ്രെക്സിറ്റ്  കേന്ദ്രീകരിച്ചായിരുന്നു.  ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ബ്രെക്സിറ്റിനെ അനുകൂലിച്ച ടോറി പാര്‍ട്ടി വിജയിക്കുകയും എതിർത്ത ലേബര്‍ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു.

2015  മെയ് മാസത്തിൽ നടന്ന  തെരഞ്ഞെടുപ്പ്  പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ലേബർ പാർടി നേതാവ് എഡ് മിലിബാൻഡ്‌ രാജി വച്ചു.  അദ്ദേഹത്തിനെതിരെ വലതുപക്ഷ  മാധ്യമങ്ങള്‍  ഉയര്‍ത്തിയ  ഏറ്റവും വലിയ ആരോപണം അദ്ദേഹത്തിൻറെ ഇടതുപക്ഷ  മാനിഫെസ്റ്റോ  ബ്രിട്ടീഷ്‌ സമൂഹത്തിനു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നായിരുന്നു. ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ  നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്‌ ചിന്തകൾ ലേബർ പാർട്ടിയുടെ അന്ത്യം കുറിച്ചുവെന്നും അടുത്ത 20 വർഷത്തേക്ക് ലേബർ പാർട്ടി അധികാരത്തിന്റെ അരികത്തു പോലും വരില്ലെന്നും തരത്തിലുള്ള നിരീക്ഷണങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായി.

ഈ വാദത്തെ  പിന്തുണയ്ക്കുന്ന സംഭാവികാസങ്ങളാണ് പിന്നീടുള്ള ദിനങ്ങളിൽ ബ്രിട്ടനിൽ അരങ്ങേറിയത്. എഡ് മിലിബാൻഡ്‌ രാജിവച്ചതിനു ശേഷം ലേബർ പാര്‍ടിയിലെവലതുപക്ഷ വീക്ഷണമുള്ള  മുതിർന്ന നേതാക്കൾ പലരും സോഷ്യലിസ്റ്റ്‌ ആശയങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട്  പ്രസ്താവനകൾ ഇറക്കുകയും വലതുപക്ഷ നയങ്ങൾ നടപ്പാക്കി ഇനിയുള്ള തെരഞ്ഞെടുപ്പിനെ നേരിടണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു.

“പക്ഷെ യുകെയിലെ തൊഴിലാളി സംഘടനകൾ ഒന്നടങ്കം ഈ വാദത്തെ തള്ളി കളഞ്ഞു. ലേബർ പാർട്ടി നേതാക്കൾ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളിൽ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിൽ നിന്നും വ്യതിചലിച്ചുവെന്നും ലേബർ പാർടിയുടെ  സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ നിന്നുള്ള പിന്തിരിയലാണ് പരാജയകാരണമെന്നും അവർ വിലയിരുത്തി.

ഇതിന്റെ പ്രതിഫലനം യുകെയിലെ ഏറ്റവും വലിയ പൊതുമേഖല  ട്രേഡ് യൂണിയനായ യൂനിസന്റെ (UNISON) ദേശീയ പ്രതിനിധി സമ്മേളനത്തിലും ആഞ്ഞടിക്കുകയുണ്ടായി.  ഗ്ലാസ്ഗോയിൽ  നടന്ന ട്രേഡ് യൂണിയൻ കോണ്‍ഫറൻസിൽ കമറോണ്‍ സർക്കാരിനെതിരെ ശക്തമായ വിമർശനമുണ്ടായി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാൻ യൂനിസൻ സജ്ജമാണെന്ന്  ജനറൽ സെക്രട്ടറി ഡൈവ് പ്രെന്റിസ് പറയുകയും ചെയ്തു.

“ടോറി സർക്കാർ ക്ഷേമരാഷ്ട്രപദ്ധതികൾ ഒന്നൊന്നായി അട്ടിമറിച്ചുകൊണ്ടിരിക്കയാണ്. ജനാധിപത്യത്തെ തകർക്കുന്ന, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന സർക്കാർ ഈ രാജ്യത്തെ ജനങ്ങളുടെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാക്കുന്ന നയങ്ങളാണ് നടപ്പിലാക്കുന്നത്. തൊഴിലാളി  സംഘടനകളുടെ സംഘടിത ശക്തിയും അവകാശങ്ങളും  തകർക്കുന്ന നിയമങ്ങളുമായി   മുന്നോട്ടുപോകുന്ന സർക്കാർ തൊഴിലാളികളിൽ നിന്നും ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും തങ്ങൾ പ്രതിഷേധസമരം ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്നും’ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്  യൂനിസൻ  ജനറൽ സെക്രട്ടറി ഡൈവ്  പ്രെന്റിസ്  പ്രസ്താവിച്ചു.

മിനിമം വെയ്ജസ് ഉയർത്തുന്നത് തുടങ്ങി ടോറി സർക്കാരിന്റെ  തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങളെ എതിർക്കാൻ ഇംഗ്ലണ്ട്, വെയ്‌ൽസ്, സ്കോട്ട്‌ലൻഡ്‌, വടക്കൻ അയർലൻഡ്‌ എന്നീ നാലു രാജ്യങ്ങളിൽ നിന്നായി  എത്തിയ 3000 ത്തോളം ട്രേഡ് യൂണിയൻ പ്രതിനിധികൾ ദേശീയ ട്രേഡ് യൂണിയന്‍ കോണ്‍ഫറന്‍സില്‍  ഏകകണ്‌ഠമായി തീരുമാനിച്ചു. യു കെയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ യുനൈറ്റിന്റെ  ജനറൽ സെക്രട്ടറി ലെൻ മെക്ക്ലസ്കിയും ലേബർ പാർട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെ ശക്തമായി വിമർശിച്ചു.  “ലേബർ പാർട്ടി അതിന്റെ മഹത്തായ വർഗതാല്പര്യവും പാരമ്പര്യവുംഉയര്‍ത്തിപ്പിടിച്ച്‌  സോഷ്യലിസ്റ്റ്‌ നയങ്ങളിൽ അടിയുറച്ചുകൊണ്ട് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ നയിക്കണമെന്നും” ഇദ്ദേഹം ആവശ്യപ്പെട്ടു.

ലേബർ പാർട്ടിയിലെ ഇടതുവലതുപക്ഷ വിഭാഗങ്ങൾ തമ്മിൽ  ഇങ്ങനെ രൂക്ഷമായ വാദപ്രതിവാദങ്ങൽ നടന്നുകൊണ്ടിരുന്ന സമയത്താണ് നേതൃത്വ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമുണ്ടായത്‌. ഇടതുപക്ഷ വീക്ഷണമുണ്ടെങ്കിലും തീവ്ര സോഷ്യലിസ്റ്റുകള്‍ അല്ലാത്ത  ആൻഡി ബൻഹം, ഇവറ്റ് കൂപ്പർ എന്നിവരടോപ്പം ടോണി ബ്ലെയറിന്റെ പിൻഗാമിയും വലതുപക്ഷ പ്രീണനമുള്ള ലിസ് കെന്റലും നേതൃത്വ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം  ചെയ്യപ്പെട്ടു.

പക്ഷെ ഈ മൂന്നു നേതാക്കളിലും ബ്രിട്ടനിലെ തൊഴിലാളി വര്‍ഗത്തിന് പൂർണവിശ്വാസം ഉണ്ടായിരുന്നില്ല. അടിസ്ഥാനവിഷയങ്ങളിൽ പലപ്പോഴും  ഇവർ തൊഴിലാളി വർഗത്തിന് അനുകൂലമല്ലാത്ത നിലപാടുകളെടുക്കുന്നു  എന്ന ആരോപണം ഇവർക്കെതിരെയും ഉയർന്നു.  ഈ ആരോപണം മറികടക്കാൻ വേണ്ടിയാണ് ലേബർ പാർട്ടിയിലെ 35 എംപിമാർ ചേർന്ന് തീവ്ര സോഷ്യലിസ്റ്റായ ജെറെമി കൊർബിനെ നേതൃസ്ഥാന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നോമിനേഷൻ അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം അവശേഷിക്കെയാണ് മത്സരിക്കാൻ ആവശ്യമായ 35 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ കോർബിന് ലഭിച്ചത്. “ജെറെമി വിജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും  പാർടിയിലെ  ഇടതുപക്ഷവികാരം മാനിച്ചു ഒരു സംവാദത്തിനു വേദിയൊരുക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തതെന്നാണ്’ നോമിനേഷൻ ചെയ്ത പല എംപിമാരും പറഞ്ഞത്.”

“പക്ഷെ , ഇദ്ദേഹത്തിന്റെ വരവോടെ ലേബർ പാർട്ടിയിൽ  മത്സരത്തിനു പതിവില്ലാത്തൊരു സവിഷേത കൈവന്നു. നേതൃസ്ഥാനത്തേക്കുള്ള മത്സരം വെറും വ്യക്തിത്വ സവിശേഷതകൾക്കപ്പുറം പാര്‍ടിയുടെ  സോഷ്യലിസ്റ്റ്‌  നയങ്ങളിൽ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങൾക്ക് വഴിയൊരുക്കി.  കോര്‍ബിന്‍  ഉയർത്തിയ സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ ആകൃഷ്ടരായി ആയിരങ്ങൾ പ്രവർത്തിക്കാൻ മുന്നോട്ടു വന്നു. മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നിരുന്ന യുവജനങ്ങളും വിദ്യാര്‍ഥികളും രാഷ്ട്രീയരംഗത്തേക്കെത്തി. പത്തുവർഷമായി ലേബർ പാർടിയിൽ നിന്ന്‌ അകന്നുപൊയ്ക്കൊണ്ടിരുന്ന തൊഴിലാളിവര്‍ഗം  കൂട്ടത്തോടെ   ലേബർ പാര്‍ട്ടിയിലേക്ക്  തിരിച്ചുവരാൻ തുടങ്ങി.

ജെറെമിയുടെ നോമിനേഷൻ കഴിഞ്ഞു നേതൃത്വ  തെരഞ്ഞെടുപ്പ് വരെയുള്ള രണ്ടുമാസ കാലയളവിൽ മാത്രം ലേബർ പാർടിയുടെ അംഗത്വം രണ്ടു ലക്ഷത്തിൽ നിന്ന് ആറര ലക്ഷമായി ഉയർന്നു. അംഗത്വ വിതരണത്തിന് വേണ്ടി ഒരു പ്രചാരണവും നടക്കാത്ത  നേതൃതെരഞ്ഞെടുപ്പ് സമയത്ത്  ജെറെമിക്ക് വോട്ടു ചെയ്യാൻ വേണ്ടി മാത്രമായി പതിനായിരങ്ങൾ ലേബർ പാർട്ടിയിൽ ചേർന്നു. ഇത് വെറുതെ സംഭവിച്ചതല്ല,  ബ്രിട്ടനിലെ  ലേബര്‍ പാര്‍ടിക്ക് മഹത്തായ ഒരു പാരമ്പര്യമുണ്ട്.

നീതിക്ക് വേണ്ടിയും അവകാശ സംരക്ഷണത്തിനു വേണ്ടിയും സ്വന്തം ജീവിതം ബലി കൊടുത്ത മഹത്തായ സമരചരിത്രമാണ് ബ്രിട്ടനിലെ   തൊഴിലാളികള്‍ക്കുള്ളത്. ആ പാരമ്പര്യമുള്ള ബ്രിട്ടനിലെ തൊഴിലാളികളെല്ലാം പതിറ്റാണ്ടുകളായി ലേബർ പാർട്ടിയുടെ വലതുപക്ഷ വ്യതിയാനത്തിൽ പ്രതിഷേധിക്കുന്നവരുമാണ്. വർഷങ്ങളായി അടിച്ചമർത്തപ്പെട്ട അവരുടെ  പ്രതിഷേധമാണ്  ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വ തെരഞ്ഞെടുപ്പില്‍  പ്രകടമായത്‌.”
ഈ അവസരത്തില്‍  ലേബർ പാർടിയുടെ രൂപീകരണത്തെ കുറിച്ച്  പരാമർശിക്കുന്നത് ഉചിതമായിരിക്കും. റഷ്യയിലും ചൈനയിലും തൊഴിലാളികൾ നേരിട്ടുള്ള വിപ്ലവത്തിലൂടെ അധികാരം നേടിയപ്പോൾ ബ്രിട്ടനിലെ തൊഴിലാളികൾ തൊഴിലാളി സംഘടനകൾ രൂപീകരിച്ചു  പ്രവർത്തിച്ച്‌   ജനാധിപത്യത്തിലൂടെയാണ് അധികാരത്തിലെത്തിയത്‌. ഇതിനുവേണ്ടി  ആയിങ്ങള്‍ ജീവൻ ബലി കൊടുത്തിട്ടുണ്ട്.

മാറി മാറി ഭരിച്ച ടോറി, ലിബറൽ ഡെമോക്രറ്റ്  പാർട്ടികൾ തൊഴിലാളി  വര്‍ഗത്തെ സംരക്ഷിക്കാൻ ഒന്നും ചെയ്യില്ലെന്ന  തിരിച്ചറിവില്‍ നിന്നാണ്  തൊഴിലാളി സംഘടനകൾ ചേർന്ന് ലേബർ പാർട്ടിക്ക് രൂപം കൊടുത്തത്.   യുകെയിലെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയായ  ട്രേഡ് യൂണിയൻ കോണ്‍ഗ്രസ്സ് (ടിയുസി)  സോഷ്യലിസ്റ്റ്‌ ചിന്തകളിൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 70 തൊഴിലാളി സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് 1900  ഫെബ്രുവരി 26,-27 തിയതികളിൽ ഒരു സ്പെഷ്യൽ കോണ്‍ഫറൻസ്  ലണ്ടനിലെ  മെമോറിയൽ ഹാളിൽ  വിളിച്ചുചേർത്തു. ബ്രിട്ടീഷ് പാർലമെന്റിൽ തൊഴിലാളി വർഗത്തിന്റെ പ്രതിനിധികളെ എങ്ങനെ തിരഞ്ഞെടുപ്പിലൂടെ എത്തിക്കാം എന്നതായിരുന്നു വിഷയം.

അന്ന് തൊഴിലാളി സംഘടനകളെല്ലാം ചേർന്ന് രൂപീകരിച്ച ലേബർ  റപ്രസെന്റെഷൻ കമ്മിറ്റി 1906ല്‍  നടന്ന തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റ് പാർടിയുമായി സഖ്യത്തിൽ ഏർപ്പെട്ട് 29 സീറ്റുകൾ നേടുകയും മുന്നണി ഭരണത്തിലൂടെ അധികാരത്തിലെത്തുകയും ചെയ്തു. ഈ   ലേബർ  റപ്രസെന്റെഷൻ കമ്മിറ്റിയാണ് പിൽക്കാലത്ത്   ബ്രിട്ടനിലെ തൊഴിലാളി വര്‍ഗത്തെ  പിന്തുണക്കുന്ന ലേബര്‍ പാര്‍ട്ടിയായി മാറിയത്. ബ്രിട്ടനിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ, എല്ലാവര്‍ക്കും സൗജന്യമായി ചികിത്സ നല്‍കുന്ന നേഷനല്‍ ഹെല്‍ത്ത്‌ സര്‍വീസ് (എൻഎച്ച്‌എസ്‌) രൂപീകരിച്ചതും ഇന്നത്തെ നിലയിലേക്ക് വളര്‍ത്തി കൊണ്ടുവന്നതും ലേബര്‍ പാര്‍ടിയാണ്.
“പക്ഷെ, വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍  ലേബർ പാർട്ടിയിലെ പല നേതാക്കളും വന്നവഴി മറന്നു, ലേബർ പാർട്ടി എങ്ങനെയാണ് രൂപം കൊണ്ടതെന്നും മറന്നു.  ഈ വലതുപക്ഷ വ്യതിയാനത്തിനെതിരെയുള്ള ബ്രിട്ടീഷ്‌ ജനതയുടെ ഉയിർത്തെഴുന്നൽപ്പായിരുന്നു  പാർട്ടിയുടെ  നേതൃത്വ  തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്.  ജെറെമി കോർബിന്റെ  ചരിത്ര വിജയം  ബ്രിട്ടീഷ് ലേബർ പാർടിയിൽ പുതിയ ഇടതുപക്ഷ തരംഗത്തിനു തുടക്കം കുറിച്ചു. ടോണി ബ്ലെയറിന്റെ നെതൃത്വത്തിൽ ആരംഭിച്ച വലതുപക്ഷ വ്യതിയാനത്തിന് ഇതോടെ ഒരു മാറ്റം വന്നു. ലേബർ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എതിർത്തിട്ടും ബ്രിട്ടനിലെ തൊഴിലാളികൾ ജെറെമി കോർബിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിപ്പച്ചത്. എംപിമാർ അല്ല പാർട്ടി അംഗങ്ങളും തൊഴിലാളികളും  തന്നെയാണ് അവസാന വാക്ക് എന്ന സന്ദേശം  കൂടി നല്കുന്നതായിരുന്നു  ലേബര്‍ പാര്‍ട്ടിയുടെ അഭ്യന്തര നേതൃത്വ തിരഞ്ഞെടുപ്പ്.

മറ്റു മൂന്ന് സ്ഥാനാർഥികളെയും ബഹുദൂരം പിന്നിലാക്കിയാണ്  ജെറെമി കോർബിൻ വിജയം നേടിയത്. ലേബർ പാർട്ടി അംഗങ്ങൾ  ഓണ്‍ലൈൻ വഴിയും ബാലറ്റ്‌ പേപ്പർ വഴിയും നേരിട്ട് പങ്കെടുത്ത രാജ്യവ്യാപകമായ തിരഞ്ഞെടുപ്പിലാണ്‌ സോഷ്യലിസ്റ്റ്‌ സ്ഥാനാർത്ഥിയായ  ജെറെമി കോർബിൻ 59 % വോട്ടുകൾ നേടി ചരിത്രവിജയം നേടിയത്.  “സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ആവശ്യമില്ലെന്നും സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ അടിസ്ഥാനമാക്കിയുള്ള കർമ്മ പരിപാടിയിലൂടെ ഈ അന്തരം മാറ്റുക തന്നെ ചെയ്യുമെന്നും”  തെരഞ്ഞെടുക്കപ്പെട്ട   ദിവസം പ്രതിനിധികളെ  സംബോധന ചെയ്ത്‌ ആദേഹം പ്രഖ്യാപിച്ചു.

“ജനങ്ങളിൽ നിന്നും അകന്നു പോയ രാഷ്ട്രീയ പ്രവർത്തനത്തിന് മാറ്റം വരുത്തികൊണ്ട് അധ്വാനിക്കുന്ന തൊഴിലാളികൾക്ക് ഒപ്പം അണിനിരന്നു ലേബർ പാർടിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട്  കൊണ്ട് പോകും.  ബ്രിട്ടീഷ്‌ പാർലമെന്റിൽടോറി സർക്കാർ ചർച്ചക്ക് വച്ചിരിക്കുന്ന തൊഴിലാളി വിരുദ്ധ ട്രേഡ് യൂണിയൻ ബിൽ എന്ത് വില കൊടുത്തും എതിർക്കും.   ടോറി സർക്കാർ തുടർന്ന് വരുന്ന ജനക്ഷേമ പദ്ധതികൾ വെട്ടി ചുരുക്കുന്ന നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും”  ജെറെമി കോർബിൻ പറഞ്ഞു.

കോട്ടും സ്യൂട്ടും, വരിഞ്ഞു മുറുക്കിയ ടൈയും ഇല്ലാതെ അലസമായി വലിച്ചു കയറ്റിയ വസ്ത്രങ്ങൾ, ബ്രിട്ടീഷ്‌ പത്രമാധ്യമങ്ങൾക്ക്‌ അധികം പരിചയമില്ലാത്ത നീട്ടി വളർത്തിയ നരച്ച താടിയും മുടിയും. പബ്ലിക്‌ ട്രാൻസ്പോർടിൽ യാത്ര ചെയ്തും, ലേബർ പാർടിയുടെ അപചയത്തിനെതിരെയും ബ്രിട്ടീഷ്‌ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മൂന്നു പതീറ്റാണ്ടായി പൊരുതുന്ന ആദർശ ധീരൻ. അധികാരത്തിനു വേണ്ടി ആരുടെ മുന്നിലും തലകുനിക്കാതെ സോഷ്യലിസ്റ്റ്‌ ആശയങ്ങളിൽ അടിയുറച്ചു പൊരുതുന്ന രാഷ്ട്രീയ സത്യസന്തത.  താൻ  എംപി ആയിട്ടുള്ള  ടോണി ബ്ലെയറിന്റെ സർക്കാർ ഇറാഖിനെ ആക്രമിച്ചപ്പോൾ സ്വന്തം പാർട്ടിയുടെ വിപ്പ് ലംഘിച്ച്‌ അതിനെതിരെ വോട്ടു ചെയ്ത ധീരനായ പാർലമെന്റ് അംഗം. യുദ്ധവിരുദ്ധ മുന്നണി രൂപീകരിച്ച്‌ യുകെയിൽ ആകമാനം യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്ക്‌ നേതൃത്വം കൊടുത്ത സമാധാനത്തിന്റെ സന്ദേശവാഹകൻ.

വ്യക്തിപരമായി ജെറെമി കോര്‍ബിന്‍ ബ്രെക്സിറ്റ് അനുഭാവിയാണ്. പക്ഷെ ലേബര്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ബ്രെക്സിറ്റിന് എതിരായിരുന്നതിനാല്‍, പാര്‍ടി അംഗങ്ങളുടെ വികാരം മാനിച്ച് ബ്രെക്സിറ്റ് റഫറണ്ടം പ്രചാരണത്തില്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി അതിനെതിരായി പ്രചാരണം നടത്തി.
ബ്രിട്ടനിലെ വലതുപക്ഷ മാധ്യമങ്ങളുടെ  ലേബര്‍ പാര്‍ട്ടിയിലെ തന്നെ വലതുപക്ഷ വീക്ഷണമുള്ളവരും ഇദ്ദേഹത്തിനെതിരെ ഗൂഢാലോചനകള്‍ നടത്തി, ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. രാജ്യദ്രോഹിയായും, തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ കഴിയാത്തവനും ആണെന്ന് നിരന്തരം വാര്‍ത്തകള്‍ ഇറക്കി ബ്രിട്ടീഷ് ജനതയെ തെറ്റിദ്ധരിപ്പിച്ചു. ലേബര്‍ പാര്‍ട്ടിയിലെ  വലതുപക്ഷ  എംപിമാര്‍ ഇദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ്‌ നയങ്ങളെ എതിര്‍ത്തു, പലപ്പോഴായി രാജിവക്കുകയും, പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിച്ചുകൊണ്ട്‌ പാര്‍ട്ടി വിടുകയും ചെയ്തു.

2019 ല്‍ കോർബിന്റെ നേതൃത്വത്തിലാണ് ലേബര്‍ പാര്‍ട്ടി പൊതു തെരഞ്ഞെടുപ്പിനിറങ്ങിയത്‌. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ ലേബര്‍ പാര്‍ട്ടിയെ തോൽപ്പിക്കുന്നതിനുള്ള രഹസ്യ പദ്ധതികള്‍ നടത്തി. ഇതോടൊപ്പം, ബ്രെക്സിറ്റ് വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങളും കൂടിയായപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ജെറെമി കൊര്‍ബിന്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവച്ചു.

ബ്രിട്ടനില്‍ സോഷ്യലിസ്റ്റ്‌ വസന്തത്തിന്റെ ശക്തമായ തിരിച്ചുവരവിന് നിമിത്തമായ ജെറെമി കൊര്‍ബിന്റെ കാലഘട്ടം  ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണാക്ഷരങ്ങളിൽ എഴുതപ്പെടും. കാമറൂണ്‍ ഭരണത്തിൽ  അടിച്ചമർത്തപ്പെട്ട ബ്രിട്ടീഷ്‌ തൊഴിലാളി വർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പായിരുന്നു ഇദ്ദേഹത്തിന്റെ കാലത്ത് ബ്രിട്ടനില്‍ കണ്ടത്.  മുതലാളിത്തം അതിന്റെ  ആന്തരിക വൈരുദ്ധ്യത്തിൽ പെട്ട് സ്വയം തകരുമ്പോൾ അതിനു പകരം വക്കാനുള്ളത്  സോഷ്യലിസം മാത്രമാണെന്നുള്ള മാർക്സിയൻ വീക്ഷണം, അതിൽ അടിസ്ഥാനമാക്കിയുള്ള ലേബർ പാർട്ടിയുടെ പുതിയ കാൽ വെയ്പ്പുകൾ, അതിനു തുടക്കം കുറിച്ച”നേതൃത്വ  തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിലൂടെ സ്വയം ഉയർന്നുവന്ന ജെറെമി കൊർബിൻ എന്ന സോഷ്യലിസ്റ്റ്‌.

ഈ തുടക്കം  ബ്രിട്ടിഷ് രാഷ്ട്രീയത്തിന് മാത്രമല്ല ലോകത്തിലെ   തൊഴിലാളി വർഗത്തിന് മുഴുവന്‍  തന്നെ മാതൃകയാകുന്ന ഒരു അധ്യായമാണ്. വലതുപക്ഷ മാധ്യമങ്ങളും  ടോണി ബ്ലെയറിനെ പോലെയുള്ള വലതുപക്ഷ  ലേബര്‍ പാര്‍ടി നേതാക്കളും കൂടി നടത്തിയ രാഷ്ട്രീയ ഉപജാപങ്ങളില്‍ ബ്രിട്ടീഷ് ജനത അകപെട്ടപോയത് വെറും താല്‍ക്കാലികം  മാത്രം. കൊര്‍ബിന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന സോഷ്യലിസ്റ്റ്‌ ചിന്തകള്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്.

പാതിവഴിയില്‍  നഷ്ടപ്പെട്ടുപോയ സോഷ്യലിസ്റ്റ്‌ രാഷ്ട്രീയം  തിരിച്ചു പിടിക്കാന്‍ ബ്രിട്ടനിലെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയുമെന്ന് പ്രതീക്ഷിച്ചു ലേബര്‍ പാര്‍ട്ടിയിൽ സജീവ പ്രവർത്തനം നടത്തുന്ന ഇടതുപക്ഷക്കാര്‍ നിരവധി പേരുണ്ട്. ഇവരിൽ പലരും ട്രേഡ് യൂണിയൻ രംഗത്തു ശക്തമായ സാന്നിധ്യമായി തൊഴിലാളികളുടെ പ്രശനങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കുന്നവരുമാണ്.
അതുകൊണ്ടുതന്നെ ജെറെമി കോർബിൻ നേതൃസ്ഥാനം ഒഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെയുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും ലേബർ പാർട്ടിയിലെ വലതുപക്ഷ വിഭാഗത്തിന്റെയും വിമർശനങ്ങൾ നിരന്തരം തുടർന്നു. ഓരോ ദിവസവും ഓരോരോ കാരണങ്ങൾ പറഞ്ഞു അദ്ദേഹത്തിനെതിരെയുള്ള ആക്രമണങ്ങൾ ശക്തമാക്കി. സമാധാനത്തിനു വേണ്ടി നിലകൊണ്ടു എല്ലാ യുദ്ധങ്ങൾക്കും എതിരെയുള്ള ആന്റി വാർ ക്യാമ്പയിനെ പിന്തുണക്കുന്ന കോർബിനെ ദേശവിരുദ്ധനായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ന്യൂക്ലിയർ ബോംബ് നിർമ്മാണത്തിനും അതിന്റെ ഉപയോഗത്തിനും എതിരെ നിലപാടെടുത്തപ്പോൾ അത് രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും റഷ്യൻ പ്രസിഡന്റിന്റെ ചാരനാണെന്നും വരെ മാധ്യമങ്ങൾ ആരോപിച്ചു.”

“ഇസ്രയേലിന്റെ പാലസ്റ്റീൻ അധിനിവേശത്തിനെതിരെ നിരന്തരമായി സംസാരിക്കുന്ന ഒരേ ഒരു ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവാണ് ജെറെമി കോർബിൻ. ഒടുവിൽ ഈ നിലപാട് തന്നെ അദ്ദേഹത്തിന് വിനയായി. ജെറെമി കോർബിൻ ലേബർ പാർട്ടി നേതാവായിരുന്ന കാലത്ത്‌ ഇസ്രെയേലികൾക്കെതിരെയുള്ള വംശീയ വിരുദ്ധ പ്രചാരണം – ജൂത വിരുദ്ധ വംശീയത – പാർട്ടിയിൽ സജീവമായി എന്നുള്ള ആരോപണം ശക്തമാക്കി.

യഹൂദവിരുദ്ധ ദുരുപയോഗം ബ്രിട്ടനിൽ നിയമവിരുദ്ധമാണ്. യുകെയിലെ മനുഷ്യാവകാശങ്ങളും സമത്വങ്ങളും സംരക്ഷിക്കുന്ന ബോഡി, ലേബർ പാർട്ടി അനുകൂലികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണമുണ്ടായി, ജൂത വിരുദ്ധ വംശീയതക്കെതിരെയുള്ള പരാതികളിൽ നടപടികൾ എടുക്കുന്നതിൽ ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി  വീഴ്ചകൾ വരുത്തിയതായി കണ്ടെത്തി.  എന്നാൽ ഈ കണ്ടെത്തലിനെതിരെ കോർബിൻ ശക്തമായി പ്രതികരിച്ചു. “പാർട്ടിക്കകത്തും പുറത്തുമുള്ള എതിരാളികളും അതുപോലെ മിക്ക മാധ്യമങ്ങളും രാഷ്ട്രീയ കാരണങ്ങളാൽ പ്രശ്നത്തിന്റെ വ്യാപ്തി നാടകീയമായി പെരുപ്പിച്ചു” കാണിക്കയാണെന്നു തുറന്നടിച്ചു.”

“ഈ അവസരം മുതലെടുത്തു ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ ജെറെമി കോർബിനെ പാർട്ടിയിൽ നിന്നും പുറത്താക്കി, ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നിന്നും വലിക്കി. അങ്ങനെയാണ് കോർബിൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും ലേബർ പാർട്ടിയുടെ ഓദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതും.

തിരഞ്ഞെടുപ്പിലുടനീളം ജെറെമി കോർബിൻ തന്റെ പാലസ്‌തീൻ നിലപാട് വ്യക്തമാക്കുകയും ഇസ്രയേലിന്റെ അധിനിവേശ, പാലസ്തീൻ ഉന്മൂലന നയത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് വിജയം ഈ നിലപാടുകൾക്ക് കൂടിയുള്ള അംഗീകാരമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടു അദ്ദേഹം നടത്തിയ പ്രസ്താവന വളരെ പ്രധാനമാണ്: “ഗവൺമെന്റിനുള്ള ഞങ്ങളുടെ സന്ദേശം: ഞങ്ങൾ പാലാസ്തീനുവേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്,  ഇതിൽ നിന്ന് ഞങ്ങൾ    വിതിചലിക്കുമെന്ന്‌ ഒരിക്കലും  കരുതണ്ട”.

കോർബിനെ പോലെ പാലസ്തീൻ അനുകൂല നിലപാടിൽ അടിയുറച്ചുകൊണ്ടു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വേറെയും നാല് എംപി മാരുണ്ട്. ജെറെമി കോർബിനോടൊപ്പം ഇവരുടെ ശബ്ദം കൂടി ബ്രിട്ടീഷ് പാർലമെന്റിൽ മുഴങ്ങുമ്പോൾ അതുകൊണ്ടുവരുന്ന അലയടികൾ ലേബർ പാർട്ടിക്കോ  പ്രാധാനമന്ത്രി സ്റ്റാർമറിനോ  തള്ളിക്കളയാൻ ആകില്ല,  പ്രത്യേകിച്ചും ബ്രിട്ടനിൽ മുസ്ലിം സമൂഹം ഒരു പ്രധാന വോട്ടിങ്‌ ബാങ്കായി നിൽക്കുന്ന സാഹചര്യത്തിൽ.

സോഷ്യലിസ്റ്റ്‌ രാഷ്ട്രീയം  തിരിച്ചുപിടിക്കാന്‍ ബ്രിട്ടനിലെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയുമെന്ന് ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷക്കാര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്‌.  കഴിഞ്ഞ മാസം , ജൂണിൽ നടന്ന ട്രേഡ് യൂണിയൻ പ്രതിനിധി സമ്മേളനത്തിൽ ഈ വികാരം പ്രകടമായിരുന്നു.”
“14ലക്ഷത്തോളം അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ സംഘടനയായ യൂനിസെന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും പാലസ്തീന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ലേബർ പാർട്ടി അധികാരത്തിൽ വന്നാലും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള ശക്തമായ പോരാട്ടം തുടരാനും സമ്മേളനത്തിൽ തീരുമാനിച്ചു.

ജെറെമി കോർബിനേയും അദ്ദേഹത്തിന്റെ അനുയായികളെയും പുറത്താക്കി ലേബർ പാർട്ടിയെ ജനങ്ങളുടെ പാർട്ടിയാക്കി എന്ന് അവകാശപ്പെടുന്ന കെയ്ർ സ്റ്റാർമറിന്റെ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ ആകെ നേടിയത് 34% വോട്ടു മാത്രമാണ്. ഇത് ജെറെമി കോർബിന്റെ നേതൃത്വത്തിൽ 2017 ലെ തിരഞ്ഞെടുപ്പിൽ ലേബർ  പാർട്ടി  നേടിയ  40% വോട്ടു വിഹിതത്തേക്കാൾ 6% കുറവാണ്. ഇത് തന്നെയാണ് ജെറെമി കോർബിൻ ഉയർത്തുന്ന രാഷ്ട്രീയത്തിന്റെയും നിലപാടുകളുടെയും പ്രസക്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments