മൺപാത്രങ്ങളിലെ നിക്ഷേപം (2 കോരി. 4:7-12)
“എങ്കിലും ഈ അത്യന്ത ശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രെ എന്നു വരേണ്ടതിനു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത് ” (വാ. 7).
റോമൻ സാമ്രാജ്യം ഭരിച്ചിരുന്ന മഹാനായ ട്രാജൻ ചക്രവർത്തിയുടെ കാലത്തു ജോഷ്വാ എന്നു പേരുള്ള ഒരു റബ്ബി ജീവിച്ചിരുന്നു. കീർത്തി കേട്ട ജ്ഞാനി ആയിരുന്നു അദ്ദേഹമെങ്കിലും, തന്റെ ബാഹ്യ രൂപം കറത്തിരുണ്ടതും, മുഖം വിരൂപവും ആയിരുന്നു. ഉന്നതമായ ജ്ഞാനത്തിന്റെ ഉടമ ആയിരുന്നതിനാൽ, ചക്രവർത്തിയുടെ സ്നേഹിതനും കൊട്ടാരത്തിലെ സ്ഥിരം സന്ദർശകനും ആകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരിക്കൽ കൊട്ടാരം സന്ദർശിച്ച വേളയിൽ, രാജകുമാരി അദ്ദേഹത്തോടു: “റബി, ഇത്രയും ശ്രേഷ്ഠ മായ ജ്ഞാനം താങ്കളുടെ വിരൂപമായ ഈ തലയിൽ എങ്ങനെ വന്നു?” എന്നു പരിഹാസത്തോടെ ചോദിച്ചു. അദ്ദേഹം രാജകുമാരിയോടു ഇപ്രകാരം തിരിച്ചു ചോദിച്ചു:
“കുമാരി, പ്രതാപശാലിയായ താങ്കളുടെ പിതാവു പാനം ചെയ്യുന്ന വീഞ്ഞ് ഏതു തരം പാത്രത്തിലാണു സൂക്ഷിക്കുന്നത്?” “മൺ പാത്രങ്ങളിൽ”, കുമാരി ഉടൻ ഉത്തരം നൽകി. റബ്ബി തുടർന്നു: “നമ്മുടെ രാജ്യത്തുള്ള കൂലി പണിക്കാർ വരെ, മൺ പാത്രങ്ങളിൽ വീഞ്ഞു സൂക്ഷിക്കുമ്പോൾ, ചക്രവർത്തി തിരുമനസ്സ് പാനം ചെയ്യുന്ന വീഞ്ഞു ഇന്നു മുതൽ പൊൻ പാത്രങ്ങളിൽ സൂക്ഷിക്കണം എന്നാണു എന്റെ ഉപദേശം”. അദ്ദേഹത്തിന്റെ ഉപദേശം ഗൗരവമായി എടുത്ത രാജകുമാരി, അന്നു മുതൽ ചക്രവർത്തി കുടിക്കുന്ന വീഞ്ഞ് പൊൻ പാത്രങ്ങളിൽ സൂക്ഷിക്കുവാൻ ഉത്തരവ് ഇട്ടു. ദിവസങ്ങൾക്കകം ചക്രവർത്തി പാനം ചെയ്തിരുന്ന വീഞ്ഞിന്റെ അരുചിയുടെ കാരണം ബോധിപ്പിക്കുവാൻ, പാനപാത്ര വാഹകനു ആജ്ഞ ലഭിച്ചു. മൺ പാത്രങ്ങളിൽ നിന്നു പൊൻ പാത്രങ്ങളിലേക്കു വീഞ്ഞു മാറ്റിയതാണു കാരണം എന്നു അദ്ദേഹം കണ്ടെത്തി, അതു രാജാവിനെ ധരിപ്പിച്ചു. മൺപാത്രങ്ങളിൽ വീഞ്ഞ് സൂക്ഷിക്കുവാൻ അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചു.
റബ്ബിയെ വീണ്ടും കൊട്ടാരത്തിൽ കണ്ടു മുട്ടിയ രാജ കുമാരി, റബ്ബി അങ്ങനെ ഒരു ഉപദേശം എന്തു കൊണ്ടാണു നൽകിയത് എന്നു അന്വേഷിച്ചപ്പോൾ, റബ്ബി വിനയ പൂർവ്വം ഉത്തരം നൽകി: “കുമാരി, താങ്കൾ ഇപ്പോൾ ലളിതമായ ഒരു പാഠം പഠിച്ചിരിക്കുന്നു. ഏതു പാത്രത്തിൽ എന്നുള്ളതല്ല, ഉള്ളിൽ എന്തിരിക്കുന്നു എന്നുള്ളതാണു മുഖ്യ കാര്യം? മൺപാത്രത്തിൽ ആയതിനാൽ വീഞ്ഞിന്റെ മഹത്വം കുറഞ്ഞു പോകുന്നില്ല”. രാജകുമാരിയുടെ അഹന്തയ്ക്കു അത് ഒരു നല്ല പ്രഹരം തന്നെ ആയിരുന്നു.
യേശുക്രിസ്തുവിനെ വഹിക്കാൻ നമുക്കു പദവി ലഭിച്ചിരിക്കുന്നതു നമ്മുടെ ശ്രേഷ്ഠത കൊണ്ടല്ല. പിന്നെയോ, ദൈവത്തിന്റെ കൃപയാൽ ആണ്, ദൈവം അങ്ങനെ ചെയ്തത്. അതു ദൈവത്തിന്റെ ദാനം എന്നു വരുന്നതിനാണു ദൈവം അങ്ങനെ ചെയ്തത് എന്നാണു വി. അപ്പൊസ്തലൻ ധ്യാന ഭാഗത്തു പറയുന്നത്. ലോക പ്രകാരം
കുല മഹിമ ഉള്ളതിനെയും, ബലമുള്ളതിനെയും, ജ്ഞാനികളായവരെയും ലജ്ജിപ്പിക്കാനാണു ദൈവം അങ്ങനെ ചെയ്തത് എന്നു മറ്റൊരിടത്തു (1 കോരി. 1:27)
അപ്പൊസ്തലൻ പറയുന്നു. നമ്മുടെ ജീവിതം ആകുന്ന മൺ പാത്രങ്ങളിൽ പകരപ്പെട്ടിരിക്കുന്ന അത്യന്ത ശക്തിക്കായി നമുക്കു ദൈവത്തോടു നന്ദി ഉള്ളവരായി ജീവിക്കാം.. ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: കൃപയാൽ ലഭിച്ചതു സ്വന്തം എന്നോണം കരുതി, സ്വയം പ്രശംസിക്കുവാൻ നമുക്കു ഇടയാകരുത്.