ക്ഷേത്രങ്ങളുടെ ഐതിഹ്യങ്ങള്‍ അറിയാനും വായിക്കാനും ഏറെ രസമാണ്. പലപ്പോഴും വിശ്വസിക്കാനാവാത്ത കഥകളായിരിക്കും ഇതിന് പിന്നിലുള്ളതെങ്കിലും വിശ്വസിക്കാതിരിക്കാന്‍ പറ്റില്ല. അത്രയധികമുണ്ടാകും പ്രദേശത്തെ വിശ്വാസങ്ങളും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളും…അത്തരത്തില്‍ ഒരു ക്ഷേത്രമാണ് അപൂര്‍വ്വതകളും വിശേഷങ്ങളും ഏറെയുള്ള കോട്ടുക്കല്‍ ഗുഹാ ക്ഷേത്രം.
ഒറ്റശിലയില്‍ കൊത്തിയെടുത്ത ഈ ഗുഹാക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം.
കൊല്ലത്തെ ഗുഹാക്ഷേത്രം
കൊല്ലം ജില്ലയിലെ ഇട്ടിവത്തിനു സമീപം കോട്ടുക്കലാണ് പുണ്യപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പരമേശ്വരന്റെ ഭൂതഗണങ്ങള്‍ കൊണ്ടുവന്ന പാറയില്‍ നിര്‍മ്മിച്ച ക്ഷേത്രം
ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി സംബന്ധിച്ച് ധാരാളം കഥകള്‍ പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. ശിവന്റെ ഭൂതഗണങ്ങള്‍ ഇത്തരത്തിലൊരു പാറ ചുമന്നു കൊണ്ടു വരുന്നുണ്ടെന്ന് ദര്‍ശനം ലഭിച്ച ശിവഭക്തനായ സന്യാസിയുടെ കഥയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. സ്വപ്നത്തില്‍ ഇതിനെപ്പറ്റി ദര്‍ശനം ലഭിച്ച അദ്ദേഹം ഈ പാറയില്‍ ക്ഷേത്രം നിര്‍മ്മിച്ചു എന്നാണ് പറയപ്പെടുന്നത്.
ദേവതകള്‍ സ്ഥാപിച്ച ക്ഷേത്രം
സന്യാസിയുടെ കഥ കൂടാതെ മറ്റൊരു കഥയും പ്രശസ്തമാണ്. ഒരിക്കല്‍ ശിവഭക്തരായ രണ്ടു ദേവതമാര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ക്ഷേത്രം സ്ഥാപിക്കുക എന്ന ഉദ്ദേശത്തില്‍ സഞ്ചരിച്ചുവെന്നും ഇവിടെയെത്തിയപ്പോള്‍ കോഴി കൂവിയതോടെ ഇവിടെത്തന്നെ പാറകള്‍ സ്ഥാപിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
ഒറ്റക്കല്ലിലെ അത്ഭുതം
നെല്‍വയലകളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഒറ്റപ്പാറയിലുള്ള ഈ ഗുഹാ ക്ഷേത്രം എഡി 6നും എട്ടിനും ഇടയിലായി നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഈ വലിയ പാറയില്‍ കിഴക്ക് ദര്‍ശനമായി രണ്ടു ഗുഹകളാണുള്ളത്. പത്തടി നീളവും എട്ടടി വീതിയുമുള്ള ഈ ഗുഹകള്‍ അല്ലെങ്കില്‍ മുറികളില്‍ രണ്ട് ശിവലിംഗങ്ങള്‍ കാണാം
ഗണപതി വിഗ്രഹം, ഹനുമാന്‍, നന്ദികേശന്‍, അഷ്ടകോണിലെ കല്‍മണ്ഡപം തുടങ്ങിയവയൊക്കെ ഇവിടെ കാണാന്‍ സാധിക്കും. ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
🌹 ഇന്ത്യയിലെ ഏക പൂര്‍ണ്ണ ശിവക്ഷേത്രം🌹
ഒന്നാമത്തെ ഗുഹയില്‍ ശിവലിംഗം,തൊട്ടുപുറത്തായി നന്ദി,അതിനു മുകളില്‍ ഹനുമാന്‍ എന്നിങ്ങനെയാണുള്ളത്. ഐതിഹ്യമനുസരിച്ച് ഒറ്റത്തവണ മാത്രമേ ഹനുമാന്‍ ശിവനും പാര്‍വ്വതിക്കും കാവല്‍ നിന്നിട്ടുള്ളൂ. അതിന്റെ സൂചനയായാണ് ഇവിടെ ഹനുമാന്‍രെ രൂപം കാണാന്‍ സാധിക്കുന്നത്. സാധാരണ ശിവക്ഷേത്രത്തില്‍ ശിവലിംഗവും നന്തിയും ഗണപതിയുമാണ് ഉള്ളത്. ബാക്കിയുള്ളതൊക്കെ ഉപദേവതമാരാണ്. അതിനാലാണ് ഇതിനെ പൂര്‍ണ്ണശിവക്ഷേത്രമെന്ന് പറയുന്നത്.