അടൂർ: സാമൂഹ്യ തിന്മകൾക്കെതിരേ ശബ്ദമുയർത്തുന്നതിനും പൊതു സമൂഹത്തേ ബോധവൽക്കരിക്കുന്നതിനും എഴുത്തുകാർക്ക് കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു .അടൂർ മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ പ്രവാസി സാഹിത്യകാരി ശശികലാ നായരുടെ “മനപ്പെയ്ത്ത്” എന്ന കവിതാസമാഹാരം വിഖ്യാത അതിവേഗ ചിത്രകാരൻ ഡോ.ജിതേഷ്ജിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായി വിരൽചൂണ്ടുവാൻ ‘മനപ്പെയ്ത്ത്’ കവിതാസമാഹാരത്തിലൂടെ എഴുത്തുകാരിക്ക് കഴിഞ്ഞതായും കവിതാസമാഹാരത്തിലെ ഓരോ കവിതയും വർത്തമാനകാല സ്ത്രീപക്ഷ വിഹ്വലതകളും സന്ദേശങ്ങളുമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവൻ വൈസ് ചെയർമാനും സ്നേഹരാജ്യം മാസികയുടെ പത്രാധിപരുമായ പിഎസ് അമൽരാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ.പഴകുളം സുഭാഷ് പുസ്തകാസ്വാദനം നടത്തി. പ്രവാസിയും എഴുത്തുകാരിയുമായ ശശികലാ നായരെ ഡെപ്യുട്ടി സ്പീക്കർ പൊന്നാട അണിയിച്ച് ആദരിച്ചു.
കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ പഴകുളം ശിവദാസൻ ഉപഹാരസമർപ്പണം നടത്തി. മീഡിയ ക്ളബ് സെക്രട്ടറി ജയൻ ബി തെങ്ങമം, നോവലിസ്റ്റ് ബദരി പുനലൂർ, രേഖ സ്നേഹപച്ച, കവി അടൂർ രാമകൃഷ്ണൻ, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും മാദ്ധ്യമ പ്രവർത്തകനുമായ സതീഷ്കുമാർ, പന്തളം ആർ രാജേന്ദ്രൻ, പി.സോമൻപിളള, ജി.രാജേന്ദ്രൻ, ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു.
ഡോ.ജിതേഷ്ജി, ഡോ.പഴകുളം സുഭാഷ്,ജയൻ ബി തെങ്ങമം ,അടൂർ രാമകൃഷ്ണൻ, ബദരി പുനലൂർ, രേഖ സ്നേഹപച്ച എന്നിവരെ കസ്തൂർബാ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ പൊന്നാട അണിയിച്ച് ആദരിച്ചു.