കോട്ടയ്ക്കൽ.–നഗരസഭയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായില്ല. ഹരിത കർമസേന ശേഖരിക്കുന്ന വസ്തുക്കൾ കൃത്യമായി നീക്കം ചെയ്യാത്തതാണ് പ്രശ്നം. അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്താൻ ഡിവൈഎഫ്ഐ തീരുമാനിച്ചു.
തോക്കാംപാറ, ആമപ്പാറ, ചീനംപുത്തൂർ, ടൗൺ, വലിയപറമ്പ്, കാവതികളം തുടങ്ങിയ ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ പാഴ് വസ്തുക്കൾ യഥാസമയം നീക്കം ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. നഗരസഭാ കാര്യാലയത്തിനു മുന്നിലുള്ള ഓഡിറ്റോറിയത്തോടു ചേർന്നു കെട്ടിക്കിടക്കുന്ന മാലിന്യത്തിന് രണ്ടാഴ്ച മുൻപ് തീപിടിച്ചിരുന്നു. മലപ്പുറത്തു നിന്നെത്തിയ അഗ്നിശമന സേനയും പൊലീസും മറ്റും പണിപ്പെട്ടാണ് തീയണച്ചത്. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭാ സെക്രട്ടറി മാമ്പള്ളി സന്തോഷ്കുമാറിനെ ഉപരോധിച്ചിരുന്നു.
തുടർന്ന് നടന്ന ചർച്ചയ്ക്കൊടുവിൽ മാലിന്യം ഉടൻ നീക്കം ചെയ്യുമെന്നും അനാസ്ഥ കാണിച്ച കരാറുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയതായും എന്നാൽ, തീരുമാനം നടപ്പാകാത്തതിൽ പ്രതിഷേധിച്ച് 31ന് ഒരു ദിവസം മുഴുവൻ നഗരസഭാ കാര്യാലയത്തിനു മുന്നിൽ സമരം നടത്താനാണ് തീരുമാനമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.
– – – – – – –