കൊല്ലം :- വിവാഹിതരായ യുവതികളെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പണവും സ്വര്‍ണവും തട്ടിയെടുക്കുന്ന പ്രതി അറസ്റ്റിൽ തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശിയായ നൗഫല്‍ എന്ന് വിളിക്കുന്ന മിഥുന്‍ഷായെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്‍മി ഉദ്യോഗസ്ഥനാണെന്ന് വരുത്തി തീര്‍ക്കാനായി ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തയാറാക്കിയാണ് മിഥുന്‍ഷാ സ്ത്രീകളെ വശീകരിച്ചിരുന്നത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്ക് മൂന്നരലക്ഷത്തിലധികം രൂപയും സ്വര്‍ണാഭരണങ്ങളും നഷ്ടമായിരുന്നു.
സ്ത്രീകളെ വലയിലാക്കാനായി ആര്‍മി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജഅക്കൗണ്ട് തയാറാക്കിയായിരുന്നു പ്രതിയുടെ തട്ടിപ്പ്. ഭാര്യയും മൂന്ന് കുട്ടികളും ഉള്ള മിഥുന്‍ഷായ്‌ക്കെതിരെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ചിതറ പൊലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് യുവതിയില്‍ നിന്ന് മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപയും നാലുപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് മിഥുന്‍ഷാ കൈക്കലാക്കിയത്.
ഒന്നര വര്‍ഷം മുമ്പ് അഞ്ചലില്‍ വിവാഹിതയായ മറ്റൊരു സ്ത്രീയെയും സൗഹൃദം നടിച്ചു ഒരു മാസത്തോളം ഒപ്പം താമസിപ്പിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് മിഥുന്‍ഷായ്‌ക്കെതിരെ കേസുണ്ട്. വിവാഹിതരായ നിരവധി സ്ത്രീകളെ മിഥുന്‍ഷാ തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം.