‘Mrs.Thoppi’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള നിഹാദ് കണ്ണൂർ സ്വദേശിയാണ്. ലൈവ് സ്ട്രീമിംഗിലൂടെ ശ്രദ്ധേയനായ നിഹാദിന് യൂട്യൂബിൽ 8.72 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്.
കടുത്ത വിഷാദത്തിലൂടെ കടന്നുപോകുകയാണെന്ന് വിവാദ യൂട്യൂബർ ‘തൊപ്പി’. തന്റെ ലൈവ് സ്ട്രീമിംഗ് അവസാനിപ്പിക്കുകയാണെന്നും തൊപ്പി പറഞ്ഞു. വീട്ടുകാർക്കു വേണ്ടി തൊപ്പി എന്ന ക്യാരക്ടർ അവസാനിപ്പിക്കുകയാണ് ഇനി ഇല്ലെന്നും സോഷ്യൽമീഡിയ താരം പറഞ്ഞു. ജീവിതത്തിലേക്ക് മടങ്ങാനുള്ള ഏക വഴി അതു മാത്രമാണെന്ന് പറഞ്ഞ് തൊപ്പി മുടിയും മുറിച്ചു.
കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ വീട്ടുകാർ തന്റെ മുഖത്ത് നോക്കി വാതിൽ അടച്ചെന്നും എത്ര പണവും പ്രശസ്തിയുമുണ്ടായിട്ടും സ്വന്തം വീട്ടുകാർ കൂടെ ഇല്ലെങ്കിൽ പിന്നെ എന്താണ് കാര്യമെന്നുമാണ് തൊപ്പി വീഡിയോയിലൂടെ ചോദിക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിലെ യൂട്യൂബ് സ്ട്രീമിംഗിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്നെ പലരും കഞ്ചാവെന്ന് പറയുന്നുണ്ട്. ഞാൻ കഞ്ചാവൊന്നുമല്ല. എന്റെ ഉമ്മയാണെ സത്യം ഞാൻ കഞ്ചാവ് ഉപയോഗിച്ചില്ല. ഒരു മാസമായി, എന്റെ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടി അടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തെന്നാണ് തൊപ്പി വീഡിയോയിൽ പറഞ്ഞു
കഴിഞ്ഞ ഒരുമാസമായി ഞാൻ ഇവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എൻ്റെ ജീവിതം എന്തിനാണ് നിങ്ങളെ കാണിക്കുന്നത്. ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കുന്നു. ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതു തന്നെയായിരുന്നു പണി. ഭ്രാന്തുപിടിച്ചപ്പോഴാണ് ലൈവിട്ടത്. ‘ഹാപ്പി ബെർത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല.
എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂവെന്നുമാണ് തൊപ്പി പറയുന്നത്.
നിങ്ങളോട് എന്റെ അവസ്ഥ പറഞ്ഞു മനസിലാക്കുക എന്നത് ബുദ്ധിമുട്ടാണ്. എനിക്ക് മുന്നിലുള്ള അവസാന വഴി ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഒഴിയുക എന്നതാണ്.. ഞാൻ എന്നിലേക്ക് തിരിച്ച് പോവുകയാണ്, സന്തോഷമായിരിക്കാനുള്ള ഏക വഴി അതുമാത്രമാണ്. നിങ്ങൾക്കൊക്കെ ഞാനൊരു കോമാളിയാണ്. ആളുകൾ എന്തുവേണമെങ്കിലും കരുതട്ടെ. സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ്. മുഖം മൂടിയിട്ടാണ് ലൈവിൽ ഞാൻ വരുന്നത്. ‘തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം’ എന്നു പറഞ്ഞാണ് യൂട്യൂബ് വീഡിയോ അവസാനിപ്പിച്ചത്.