തൃശൂർ –കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനർജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
ഒരു മാസം മുമ്പാണ് നടക്കാൻ പോലും കഴിയാതെ കാലിൽ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയിൽ ട്യൂമർ ആണെന്ന് ബോധ്യപ്പെട്ടു. കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 30x30x15 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് ഉണ്ടായിരുന്നതിനാൽ അധിക മുൻകരുതലുകൾ കൂടിയെടുത്തു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകൾ, നാഡീഞരമ്പുകൾ എന്നിവയ്ക്ക് ക്ഷതമേൽക്കാതെ 10 കിലോ തൂക്കവും 30x30x15 സെന്റീമീറ്റർ വ്യാപ്തിയുമുള്ള, സോഫ്റ്റ് ടിഷ്യൂ സാർക്കോമ നീക്കം ചെയ്തത്.
രോഗി സുഖം പ്രാപിച്ചപ്പോൾ അടുത്തഘട്ട ചികിത്സയ്ക്കായി റേഡിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കൂടി ഇടപെടലോടെ കാലിലെ പേശികളുടെ തളർച്ച പരമാവധി കുറച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമായിരുന്ന ഈ ശസ്ത്രക്രിയ സർക്കാരിന്റെ വിവിധ സ്‌കീമുകളിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ചെയ്തത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക എന്നിവരുടെ ഏകോപനത്തിൽ ജനറൽ സർജറി വിഭാഗത്തിലെ പ്രൊഫസർ ഡോ. രവീന്ദ്രൻ, സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ശരത് കൃഷ്ണൻ, ഡോ. സഹീർ, ഡോ. സുമിൻ, ഡോ. ജുനൈദ്, ഡോ. സൗന്ദര്യ എന്നിവരും അനസ്തീഷ്യ വിഭാഗം തലവൻ ഡോ. ബാബുരാജ്, ഡോ. മനീഷ, ഡോ. മെറിൻ, ഡോ. ജെസ്മിൻ എന്നിവരും നഴ്സിംഗ് വിഭാഗത്തിൽ നിന്നുള്ള സൂര്യ ജഗനും ആണ് ഈ ശസ്ത്രക്രിയയിൽ പങ്കെടുത്തത്.