കൊച്ചി: ‘വെള്ളിത്തിര’ എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലുമായി നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും ഈ ചാനലിലൂടെ പുറത്തു വിടും. ചാനല്‍ ഉടൻ പ്രവർത്തനമാരംഭിക്കും. ഫെബ്രുവരിയിലെ കണക്കുകൾ പുറത്തു വിട്ടുകൊണ്ടാകും ലോഞ്ചിങ്.
താരങ്ങളുടെ എതിർപ്പിനെ അവഗണിച്ചാണ് ചിത്രങ്ങളും നിർമാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനവുമായി അസോസിയേഷൻ മുന്നോട്ടുപോകുന്നത്. ജനുവരിയിലെ കണക്കുകൾ പുറത്തു വിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ തുടങ്ങുന്നത്.
ചില യൂട്യൂബ് ചാനലുകൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഔദ്യോഗിക ചാനലെന്നനിലയിൽ തെറ്റായവിവരങ്ങൾ പുറത്തുവിടുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും പുതിയ നീക്കത്തിനുപിന്നിലുണ്ട്.