തൃശൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പിടിയിൽ. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഫാരിജാനെ അറസ്റ്റ് ചെയ്തത്. 1,90000 രൂപയാണ് ഈ ബാങ്കിൽ നിന്ന് തട്ടിയത്.
കേരളത്തിലെ പല ജില്ലകളിലായി യുവതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്. ഈ കേസ്സുകളിലായി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ നിന്ന് കയ്പമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കും.