മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ ട്രാവലറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആയവന വടക്കുംപാടത്ത് സെബിന്‍ ജോയി (34)യാണ് മരിച്ചത്. ആനിക്കാട് മാവിന്‍ചുവടില്‍ ഇന്നു പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ മനേജറാണ് മരിച്ച സെബിന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സെബിനെ ഉടന്‍തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മറ്റൊരു സംഭവത്തിൽ, ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റത്തിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ അടിമാലിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ബോഡിമെട്ട് – പൂപ്പാറ റോഡിൽ രാവിലെ അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.