ലഹരി പരിശോധനയ്ക്കിടെ ഇറങ്ങി ഓടിയ നടൻ ഷൈൻ ടോം ചാക്കോയുടെ മൊബൈലിന്റെ ടവർ ലൊക്കേഷൻ തമിഴ്‌നാട്ടിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് തത്കാലം കേസെടുക്കില്ല. പരാതിയോ തെളിവോ ലഭിച്ചാൽ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഓടിരക്ഷപ്പെട്ട സംഭവത്തിൽ പൊലീസ് നടനിൽ നിന്ന് വിശദീകരണം തേടും.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ തെളിവുകൾ ലഭിക്കാത്തതിൻ്റെ പശ്ചാത്തലത്തിലാണ് തൽക്കാലം കേസെടുക്കേണ്ടതില്ലെന്ന പൊലീസ് തീരുമാനം. ഡാൻസാഫ് സംഘം മുറി പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗമോ ലഹരി വസ്തുക്കളോ കണ്ടെത്താത്ത സാഹചര്യത്തിൽ കേസ് എടുക്കാനുള്ള വകുപ്പുകൾ ഇല്ല. എന്നാൽ സംഘത്തെ കണ്ടപ്പോൾ ഷൈൻ ടോം ചാക്കോ എന്തിന് ഓടി രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് പൊലീസ് വിശദീകരണം തേടും.
ഇതിനായി നടനെ നോട്ടീസ് നൽകി ഉടൻ വിളിപ്പിക്കും. എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നാണ് ഷൈന്‍ ഇറങ്ങിയോടിയത്. താമസിച്ചിരുന്ന മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്ക് ചാടിയ നടന്‍ പിന്നീട് സ്റ്റെയര്‍കേസ് വഴി പുറത്തേക്കോടുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിനിടെ താന്‍ എവിടെയെന്ന് ചോദിക്കുന്നവരെ പരിഹസിച്ച് ഷൈൻ ടോം ചാക്കോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ പങ്കുവച്ചത്.