Wednesday, November 27, 2024
Homeകേരളംകനത്ത മഴ, വെള്ളക്കെട്ട്, ഗതാഗത തടസ്സം; സംസ്ഥാനത്ത് മഴയത്ത് പെരുവഴിയിലായി പൊതുജനം*

കനത്ത മഴ, വെള്ളക്കെട്ട്, ഗതാഗത തടസ്സം; സംസ്ഥാനത്ത് മഴയത്ത് പെരുവഴിയിലായി പൊതുജനം*

തിരുവനന്തപുരം— തോരാമഴയിൽ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. രാവിലെ ഓഫിസുകളിൽ പോകാനിറങ്ങിയവർ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വെള്ളക്കെട്ടിൽ വഴിയിൽ കുടുങ്ങി. ഓപ്പറേഷൻ അനന്ത അനന്തമായി നീണ്ടുപോയതിന്റെ ദുരിതത്തിലാണ് തിരുവനന്തപുരം. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നിവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. നഗരത്തിലെ ഓടകളെല്ലാം അടഞ്ഞ സ്ഥിതിയാണ്.

ആലപ്പുഴയിൽ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തകഴി അഗ്നിരക്ഷസേന ഓഫിസിൽ വെള്ളം കയറി. ഓടകൾ കവിഞ്ഞൊഴുകിയാണ് റോഡിന്റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായത്. ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്ന പ്രദേശങ്ങളിലെ കുഴികളിലും മഴവെള്ളം നിറഞ്ഞിട്ടുണ്ട്. തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായോക്കാമെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയിൽ വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇടപ്പള്ളിയിൽ വെള്ളക്കെട്ട് കാരണം രൂപപ്പെട്ട ഗതാഗതക്കുരുക്ക് പൊതുജനങ്ങൾക്ക് തലവേദനയായി. ഇരുച്ചക്ര വാഹനങ്ങൾ സുരക്ഷിതമായി ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രാത്രി മുതൽ പരക്കെ മഴയാണ്. നഗരത്തിൽ പലയിടത്തും െവള്ളക്കെട്ട് രൂപപ്പെട്ടു. വടകര, കൊയിലാണ്ടി മേഖലകളിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. മാവൂർ റോഡ് അടക്കം നഗരത്തിലെ പല റോഡുകളിലും െവള്ളം കെട്ടിനിന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. കനത്തമഴയിൽ ചിലയിടങ്ങളിൽ മതിൽ ഇടിഞ്ഞു വീണു. മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മഴവെള്ളത്തിൽ മാലിന്യം ഒലിച്ചുവന്ന് കടകൾക്ക് മുന്നിലും മറ്റും കെട്ടിക്കിടന്നു.

ഇന്നലെ രാവിലെ ശക്തമായ മഴയാണ് പെയ്തത്. പകൽ ശാന്തമായിരുന്നു. തുടർന്ന് രാത്രി തുടങ്ങിയ മഴ പുലർച്ചെ വരെ നീണ്ടു. ശക്തിയില്ലെങ്കിലും പലയിടത്തും മഴ പെയ്യുന്നുണ്ട്. തിരുവമ്പാടി, കോടഞ്ചേരി, ചക്കിട്ടപാറ തുടങ്ങിയ മലയോര മേഖലയിലും മഴ തുടരുകയാണ്. ഇന്നും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ യെലോ അലർട്ടാണ്. വയനാട് ജില്ലയിലും ശക്തമായ മഴ പെയ്തു. ഇന്നലെ ഉച്ചയോടെയാണ് കനത്ത മഴ തുടങ്ങിയത്. ഇന്നും മഴ തുടരുകയാണ്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മുൻപ് പ്രഖ്യാപിച്ച റെഡ് അലർട്ടിൽ മാറ്റമില്ല. തെക്കൻ ആൻഡമാൻ കടലിലേക്ക് കാലാവർഷമെത്തിയതോടെ മഴ ഇനിയും നീളാനുള്ള സാധ്യതകൾ കൂടുതലാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ഓറാഞ്ച് അലർട്ട് തുടരുന്നുണ്ട്. പ്രളയസാധ്യതകൾ ഇല്ലെന്നാണ് ഔദ്യോഗിക പ്രതികരണങ്ങൾ. സംസ്ഥാനത്ത് അടുത്ത ഏഴു ദിവസവും മഴ തുടരും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ല ഭരണകൂടങ്ങൾക്കും ആശുപത്രികൾക്കും ജാഗ്രത നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. എല്ലാ പ്രധാന ആശുപത്രികളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments