Monday, September 16, 2024
Homeകേരളം16-ാംമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് ഇന്ന് (26 ജൂലൈ) തിരശ്ശീല ഉയരും

16-ാംമത് ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് ഇന്ന് (26 ജൂലൈ) തിരശ്ശീല ഉയരും

മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും: ഉദ്ഘാടനചിത്രം ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്’

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാംമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് (ജൂലൈ 26) തിരി തെളിയും. വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ്, മന്ത്രി എം.ബി രാജേഷ് ബേഡി ബ്രദേഴ്സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ആമുഖഭാഷണം നടത്തും.

ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്സൺ ഉർമി ജുവേക്കർക്ക് നൽകിയും ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർമാൻ രാകേഷ് ശർമ്മയ്ക്കു നൽകിയും നിർവഹിക്കും.

ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ, 16-ാംമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ വിവിധ പാക്കേജുകളുടെ ക്യുറേറ്റർമാരായ ശിൽപ്പ റാനഡെ, ആർ.പി അമുദൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിനുശേഷം കൈരളി തിയേറ്ററിൽ റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആന്റ് ഫൗണ്ട്’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വർഷത്തെ കാൻ മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വർണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വർഗക്കാരുടെ ദുരിതജീവിതം പകർത്തുകയാണ് ഈ ചിത്രം.

2024 ജൂലൈ 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 54 രാജ്യങ്ങളിൽനിന്നുള്ള 335 സിനിമകൾ പ്രദർശിപ്പിക്കും. 26ന് രാവിലെ 9 മണി മുതൽ മൂന്നു തിയേറ്ററുകളിലും പ്രദർശനമാരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments