ചെന്നൈ: ഫെങ്കൽ ചുഴലിക്കാറ്റ് നാശം വിതച്ച ദുരന്തബാധിതർക്ക് സഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതത്തിൻ്റെ രണ്ട് ഗഡുക്കളാണ് ആഭ്യന്തര മന്ത്രാലയം അനുവദിച്ചത്.
ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടം വിലയിരുത്താനായി തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചതായും ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അധിക സഹായം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രകൃതിദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ ഉണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫെങ്കൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപയുടെ സഹായം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ഇടക്കാല സഹായം അനുവദിക്കണമെന്നായിരുന്നു തമിഴ്നാടിൻ്റെ ആവശ്യം.
അതേസമയം കേന്ദ്രസർക്കാരിൻ്റെ ഏഴംഗ സംഘം ചെന്നൈയിൽ എത്തി. ഡിസാസ്റ്റർ മാനേജ്മെൻ്റ്ജോയിൻ്റ് സെക്രട്ടറി രാജേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചുഴലിക്കാറ്റ് നാശം വിതച്ച വില്ലുപുരം, കടലൂർ, കള്ളക്കുറിച്ചി, തിരുവണ്ണാമല, ധർമപുരി, കൃഷ്ഗിരി ജില്ലകൾ സന്ദർശിക്കും.
ഫെങ്കൽ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ 20 ജീവനുകൾ നഷ്ട്ടപ്പെട്ടുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്ക്. ഇതിൽ 11 പേർക്ക് പ്രളയത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഏഴുപേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. മതിൽ ഇടിഞ്ഞുവീണും വൈദ്യുതാഘാതമേറ്റും മരിച്ചത് രണ്ടുപേരാണ്. 14 ജില്ലയിലെ രണ്ടുലക്ഷത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 2,85,000 പേരെയും ചുഴലിക്കാറ്റ് ബാധിച്ചു.