Tuesday, December 24, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 25, 2024 ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ഫെബ്രുവരി 25, 2024 ഞായർ

🔹ഫിലഡൽഫിയയിൽ അഞ്ച് പേർ ചേർന്ന് ഒരാളെ ആക്രമിച്ച ശേഷം വീട് കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു. സിറ്റിയിലെ ടാക്കോണി പരിസരത്തുള്ള ഡിറ്റ്മാൻ സ്ട്രീറ്റിലെ 6700 ബ്ലോക്കിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 41 കാരനായ ഒരാൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതികൾ സമീപിച്ചു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

🔹ഫിലഡൽഫിയയിലെ ഒരു ഡസനിലധികം മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾ വെള്ളിയാഴ്ച മരിജുവാന കലർന്ന റൈസ് ക്രിസ്പീസ് ട്രീറ്റുകൾ മനഃപൂർവ്വം കഴിച്ചതിനെ തുടർന്ന് അസുഖം ബാധിച്ചതായി പോലീസ് പറഞ്ഞു. വെസ്റ്റ് ഓക്ക് ലെയ്ൻ ചാർട്ടർ സ്കൂളിലെ ഒരു 12 വയസ്സുകാരൻ ഓൺലൈനായി ഭക്ഷ്യവസ്തുക്കൾ വാങ്ങുകയും 11 മുതൽ 13 വയസ്സ് വരെ പ്രായമുള്ള 15 ഏഴാം ക്ലാസുകാരുമായി ഇത് പങ്കിടുകയും ചെയ്തു. കഴിച്ചവർ അസുഖത്തിൻ്റെ ചില ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. അങ്ങനെയാണ് സംഭവം സ്‌കൂൾ അധികൃതർ അറിഞ്ഞത്.

🔹ലെഹി കൗണ്ടിയിലെ അപ്പർ മകുങ്കി ടൗൺഷിപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു ഹസ്മത്ത് സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 54 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. 7451 കീബ്ലർ വേയിൽ ഷാർപ്പ് പാക്കേജിംഗ് സൊല്യൂഷനിൽ രാസ ദുർഗന്ധവും ഒന്നിലധികം ജീവനക്കാർക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടത്. അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോൾ നിരവധി ജീവനക്കാർക്ക് ഓക്കാനം, ഛർദ്ദി, തലവേദന എന്നിവ അനുഭവപ്പെടുന്നതായി വിവരം ലഭിച്ചു.

🔹എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വില്‍പ്പന പദ്ധതി വഴി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന അരി ഇനിമുതല്‍ സ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഭാരത് ബ്രാന്‍ഡില്‍ രാജ്യത്തെല്ലായിടത്തും വില്‍ക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍, ദേശീയ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ എന്നിവയ്ക്ക് അരി കൈമാറണമെന്നുകാട്ടി എഫ്.സി.ഐ. ചെയര്‍മാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. എഫ്.സി.ഐ. ഗോഡൗണ്‍വഴി സംഭരിച്ച് കേരളത്തില്‍ അരി വിതരണം ചെയ്തിരുന്ന സപ്ലൈകോയെയും സംസ്ഥാനത്തെ പൊതുവിതരണസമ്പ്രദായത്തെയും തീരുമാനം ബാധിച്ചേക്കും.

🔹അന്തര്‍ സംസ്ഥാന ഏകീകരണ സമിതി യോഗത്തില്‍ ബേലൂര്‍ മഖ്‌നയെന്ന ആനയെ ഉള്‍വനത്തിലേക്ക് തുരത്തുമെന്നും, കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്നും കര്‍ണാടക ഉറപ്പ് നല്‍കി. വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂര്‍ മഖ്‌ന ഇപ്പോള്‍ കേരളത്തില്‍ നിന്ന് 3 കിലോ മീറ്റര്‍ അകലെ കര്‍ണാടക വനത്തിലാണുള്ളത്.

🔹ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായ മുബാറക് പാഷാ രാജിക്കത്ത് നല്‍കി. മുബാറക് പാഷാ അടക്കം നാല് വി സിമാരില്‍ നിന്ന് ഗവര്‍ണര്‍ ഇന്നലെ ഹിയറിങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുന്‍പ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയെങ്കിലും രാജിക്കത്തില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തില്ല. വിസിമാരുടെ നിയമം തുടരണോ എന്നതില്‍ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമാണ്.

🔹ആലുവയിലെ ഇരട്ട കവര്‍ച്ചാ കേസ് പ്രതികളെ അജ്മീറില്‍ ചെന്ന് വെടിവെപ്പ് ഉള്‍പ്പെടെ അതിജീവിച്ച് സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അനുമോദനം.സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് അദ്ദേഹം പ്രശംസാപത്രം സമ്മാനിച്ചു.

🔹അഭിഭാഷകന്‍ ബി.എ.ആളൂരിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ കടന്നു പിടിച്ചു, എന്ന പരാതിയെ തുടര്‍ന്ന് കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

🔹തിരുവല്ലയില്‍ നിന്ന് കാണാതായ പാര്‍വ്വതി എന്ന ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് പൊലീസ്. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷര്‍ട്ട് ധരിച്ച രണ്ടുപേരാണ് പെണ്‍കുട്ടിയെ ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെണ്‍കുട്ടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്. ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.

🔹ഭക്ഷണത്തിന് നല്‍കിയ കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ തട്ടുകട ഉടമയ്ക്കും ഭാര്യക്കും മര്‍ദനം . പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മര്‍ദനമേറ്റത്. ഇടുക്കി സ്വദേശികളായ 8 പേരാണ് കറിയില്‍ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയും ചെയ്തത്. പിറവം പൊലീസ് കേസ്എടുത്തിട്ടുണ്ട്.

🔹ഉത്തര്‍പ്രദേശില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. യുപി പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

🔹കര്‍ണാടകയിലെ ഹോസ്പേട്ട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ അയോദ്ധ്യ സ്പെഷല്‍ ട്രെയിന്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയവരില്‍ ഒരാള്‍ അറസ്റ്റില്‍. യുവാക്കളായ നാലു പേരാണ് ട്രെയിന്‍ കത്തിക്കുമെന്ന് പറഞ്ഞത്. യാത്രക്കാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാക്കളില്‍ ഒരാളെ പിടികൂടി. ഓടി രക്ഷപ്പെട്ട മറ്റു മൂന്നു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

🔹ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം റിലീസിനെത്തുന്ന ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2989 എഡി’. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം 600 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി. ഈ സിനിമയെ കുറിച്ചുള്ള പുതിയൊരു വിവരമാണ് ഇപ്പോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. സിനിമയെ കുറിച്ച് സംസാരിക്കവെ തെലുങ്ക് നടനായ അഭിനവ് ഗോമതം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകും എന്നാണ് അഭിനവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. എന്നാല്‍ കല്‍ക്കിക്ക് 9 ഭാഗങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. എപിക് സയന്‍സ് ഫിക്ഷന്‍ ഡിസ്‌ടോപ്പിയന്‍ എന്ന ജോണറിലാണ് കല്‍ക്കി ഒരുക്കുന്നത്. കല്‍ക്കി 2898 എഡിയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം മെയ് 9ന് ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1ന് സിനിമയുടെ ട്രെയ്‌ലര്‍ എത്തുമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഖ്യാപിച്ചിരുന്നു.

🔹വിജയ് നായകനായി വേഷമിടുന്ന ചിത്രം ‘ദ ഗോട്ടി’ലെ ഗാനങ്ങളുടെ റൈറ്റ്സിന് വന്‍ തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ ഗോട്ടിന് ആകെ 28 കോടി രൂപയാണ് ഗാനങ്ങളുടെ റൈറ്റ്സ് ഇനത്തില്‍ ലഭിച്ചത് എന്നത് ട്രേഡ് അനലിസ്റ്റുകളായ ബോക്സ് ഓഫ് സൗത്ത് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളിവുഡിലെ ഉയര്‍ന്ന തുകയാണ് വിജയ് ചിത്രത്തിന് ലഭിച്ചത് എന്നും വ്യക്തമാക്കുന്ന ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ ഏത് കമ്പനിയാണ് ഗാനത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

തയ്യാറാക്കിയത്
കപിൽ ശങ്കർ

RELATED ARTICLES

Most Popular

Recent Comments