ന്യൂയോർക്ക്:- സത്യപ്രതിജ്ഞ കഴിഞ്ഞയും മുമ്പേ പണി തുടങ്ങി ട്രംപ്. യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് തന്റെ പ്രസിഡന്‍റ് പദവി സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.
അനധികൃത കുടിയേറ്റങ്ങൾ തടയുമെന്നും നുഴഞ്ഞു കയറ്റക്കാരെ തിരിച്ചയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ സുവര്‍ണ കാലഘട്ടം ഈ നിമിഷം മുതൽ ആരംഭിക്കുകയാണ്. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും.
ഞാന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക. അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കാന്‍ പോകുന്ന ഉത്തരവുകളെ സംബന്ധിച്ചും ട്രംപ് പരാമര്‍ശിച്ചു.
അതിൽ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതുമായ വിഷയം ട്രംപിന്‍റെ ട്രാൻസ്‌ജെൻഡർ നയങ്ങളാണ്. യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ അടിവരയിട്ട് വ്യക്തമാക്കി.
അമേരിക്ക ഇതുവരെയുണ്ടായതിനേക്കാള്‍ കരുത്താര്‍ജിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ബൈഡന്റെ മുന്‍ സര്‍ക്കാരിനെതിരേയും ട്രംപ് വിമര്‍ശനമുന്നയിച്ചു. പാവപ്പെട്ടവരിൽ നിന്നും നികുതി ഈടാക്കുന്നത് നിർത്തിയിട്ട് അമേരിക്കയിൽ കുറഞ്ഞ ചിലവിൽ വ്യാപാരം നടത്തി കോടികൾ വാരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും നികുതി ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കും. ഓയിൽ ആൻ്റ് ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കും. അലാസ്കയിൽ ഓയിൽ ആൻ്റ് ഗ്യാസ് ഖനനം നിരോധിച്ച ബൈഡൻ്റെ ഉത്തരവ് റദ്ദാക്കി ഖനനം പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി സർക്കാർ കാര്യക്ഷമാ വകുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ നടപടിയെടുക്കും. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഉറപ്പാക്കും. എല്ലാ നഗരങ്ങളിലും ക്രമസമാധാനം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.