Logo Below Image
Sunday, May 4, 2025
Logo Below Image
Homeഅമേരിക്കമാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഒക്ടോബർ 31 ന്

മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഒക്ടോബർ 31 ന്

നൈനാൻ വാകത്താനം

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച് ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്ച ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടത്തപ്പെടും.

ശുശ്രൂഷാ ചടങ്ങുകൾക്കായി മെത്രാപ്പോലീത്തൻ പള്ളി അങ്കണത്തിൽ വിശാലമായ പന്തൽ ആണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് മാർ തോമസ് തറയിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതായിരിക്കും.

സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദിയും പുതിയ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് ആശംസകളും നേർന്നുകൊണ്ട്
11.45 AM ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി ദീപം തെളിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.

തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ, തിയോഡേഷ്യസ് മാർതോമ്മാ മെത്രാപ്പോലീത്ത തുടങ്ങിയവർ സന്ദേശങ്ങൾ നൽകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ എന്നിവരെ കൂടാതെ മറ്റു ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കും.

വത്തിക്കാൻ പ്രതിനിധി, യൂറോപ്യൻ സഭാപ്രതിനിധികൾ ഉൾപ്പെടെ അമ്പതിൽപ്പരം മെത്രാൻമാർ, വിവിധ മതസാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സ്ഥാനാരോഹണ ശുശ്രൂഷകളിലും സമ്മേളനത്തിലും അതിഥികളാകും.

നിയുക്ത ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ ഇടവകയിൽ തറയിൽ പരേതനായ ടി ജെ ജോസഫ്, മറിയാമ്മ ദമ്പതികളുടെ ഏഴുമക്കളിൽ എറ്റവും ഇളയവനായി 1972 ഫെബ്രുവരി 01 ന് ജനിച്ചു. ടോമി എന്നായിരുന്നു വിളിപ്പേര്.

ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് എൽപി സ്‌കൂൾ, സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂ‌ൾ, എസ്ബി കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനും കുറിച്ചി സെൻ്റ് ജോസ് മൈനർ സെമിനാരി, വടവാതൂർ സെൻ്റ് തോമസ് അപ്പസ്‌തോലിക്‌ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനും ശേഷം മഹാജൂബിലി വർഷത്തിൽ (2000) ജനുവരി 01 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ കൈവയ്‌പുവഴിയാണ് അഭിവന്ദ്യ പിതാവ് പൗരോഹിത്യം സ്വീകരിച്ചത്.

അഭിനയ കലകൂടി ഉപയോഗിച്ചുകൊണ്ടു പ്രസംഗിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗ ശൈലി ജാതിമതഭേദമന്യേ ഏവരെയും ആകർഷിക്കുന്നു. ദൈവവചനം, മനശാസ്ത്രം എന്നിവയ്ക്കു പുറമേ സാമൂഹിക, രാഷ്ട്രീയ, സമുദായ വിഷയങ്ങളും പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കങ്ങളാകാറുണ്ട്. ബഹുഭാഷാപണ്ഡിതനായ അദ്ദേഹം ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നു. ഒരു മനശാസ്ത്ര പണ്ഡിതൻ കൂടിയായ അഭിവന്ദ്യപിതാവ് സ്വദേശത്തും വിദേശത്തും വിവിധ യൂണിവേഴ്‌സിറ്റികളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

‘ Beyond Secure Attachment ‘
‘ Attachment Intimacy & Celibacy ‘
‘ Formation and Psychology ‘
‘പൊട്ടിച്ചിരികളുടെ കുടുംബം’
എന്നീ പുസ്‌തകങ്ങൾ മാർ തോമസ് തറയിലിൻ്റെ തൂലികയിൽ നിന്നും വിരിഞ്ഞവയാണ്.

വാർത്ത: നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ