ഫിലഡൽഫിയ: കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് അന്ധമായ രാഷ്ട്രീയം മൂലമെന്ന് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു. ഫിലഡൽഫിയയിൽ ‘ഉമ്മൻ ചാണ്ടി സുഹൃദ് വേദി’ സംഘടിപ്പിച്ച, സ്വീകരണ യോഗത്തിൽ, മറുപടി പ്രസംഗത്തിലാണ് , ചാണ്ടി ഉമ്മൻ എം എൽ ഏ ഈ നിഗമനം വെളിപ്പെടുത്തിയത്. പണ്ട് വിദേശത്ത് തൊഴിൽ തേടി കേരള യുവാക്കൾ പോയിരുന്നത് ഒരു ദോഷമായി കരുതാനാകാത്ത വിധമായിരുന്നു; ഇന്നത്, കേരളത്തിൻ്റെ താളം തെറ്റിയ്ക്കുന്ന വിധം അധികമായിരിക്കുന്നു. കേരളത്തിൽ തന്നെ, യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിയും വിധം, ടൂറിസവും ആയുർവേദവും അത്തരത്തിലുള്ള പ്രകൃത്യനുയോജ്യ സംരംഭങ്ങളും തുടരാനാകണം. “എൻ്റെ പിതാവിൻ്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണത്തിൽ കേരളത്തിനനുയോജ്യമായ സരംഭങ്ങൾക്ക് പലവട്ടം സാഹചര്യങ്ങൾ ഒരുക്കിയിട്ടുള്ളത് കേരള ജനത ഓർമ്മിക്കുന്നുണ്ട്. അവയെ, പലപ്പോഴും അന്ധമായ രാഷ്ട്രീയത്തിൻ്റെ പേരിൽ തടസ്സപ്പെടുത്തിയത് , കേരളവളർച്ചയെ മുരടിപ്പിച്ചു”. “വിദേശ മലയാളികളുടെ നിർലോപമായ സഹായങ്ങൾ കേരളത്തിന് എക്കാലത്തും തണലേകുന്നു. യുവാക്കളെ പോസിറ്റീവ് ആയി ചിന്തിക്കാനും പ്രവർത്തിക്കാനും സഹായിക്കുന്ന സ്പോട്സ് കേന്ദ്രങ്ങളും, നിരാലംബർക്ക്, ഉമ്മൻ ചാണ്ടി സ്മരണയിലുള്ള 53 ഭവനങ്ങളും തയ്യാറാക്കുക എന്ന ദൗത്യം നിറവേറ്റാൻ ആഗ്രഹിക്കുന്നൂ” : ചാണ്ടി ഉമ്മൻ പറഞ്ഞു.
ഫിലഡൽഫിയാ മയൂരാ ഹാളിൽ ചേർന്ന യോഗത്തിൽ ജോബി ജോർജ് അദ്ധ്യ ക്ഷനായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസൻ്റ് ഇമ്മാനുവേൽ ആമുഖ പ്രസംഗം നിർവഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ മുഖ്യ ആശംസ നേർന്ന് പ്രസംഗിച്ചു. കുര്യൻ രാജൻ സ്വാഗതവും ശോശാമ്മ ചെറിയാൻ ടീച്ചർ നന്ദിയും പറഞ്ഞു. ചാണ്ടി ഉമ്മൻ്റെ നേതൃത്വം, അദ്ദേഹത്തിൻ്റെ പിതാവിൻ്റെ ശൈലിയിൽ കേരളത്തിന് അഭിവൃദ്ധിയ്ക്ക് വഴി തെളിയ്ക്കട്ടെ എന്ന് ഫൊക്കാന, ഫോമ, പമ്പ, മാപ്, ഓർമ, പിയാനോ, ഡ്ബ്ള്യൂഎംസി, എന്നിങ്ങനെ വിവിധ സംഘടനാ പ്രതിനിധികൾ ആശസിച്ചു പ്രസംഗിച്ചു.