വിശുദ്ധനായ മോർ ശെമവൂൻ ദെസ്തുനി
———————————————–
സിറിയയിൽ ജീവിച്ചിരുന്ന ഒരു ക്രിസ്തീയതാപസൻ ആയിരുന്നു ശെമവൂൻ ദെസ്തുനി. സ്തംഭവാസി ശിമയോൻ എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു.
ദെസ്തുനി എന്ന പദം എസ്തുനൊയോ എന്ന സുറിയാനി പദത്തിൽ നിന്നും ഉൽഭവിച്ചതാണ്. ‘സ്തൂപവാസി ‘ എന്നും ‘തൂണിൽ തപസ്സു ചെയ്യുന്നവൻ ‘ എന്നും ഈ പേരിന് അർത്ഥങ്ങൾ ഉണ്ട്.
ആലെപ്പോ നഗരത്തിനടുത്ത് ഒരു തൂണിനു മുകളി 30 വർഷത്തിലധികം കാലം അനുഷ്ഠിച്ച തീവ്രതപസ്സാണ് അദ്ദേഹത്തിന്റെ പേരിന്റേയും പ്രശസ്തിയുടേയും അടിസ്ഥാനം. വിശുദ്ധ സ്തംഭവാസി ശിമയോൻ എന്നും അറിയപ്പെടുന്നു.
അന്ത്യോക്യായ്ക്കും സിലീസിയായ്ക്കും ഇടയിലുള്ള ഗീസായിൽ ജനിച്ച ശിമയോൻ ആട്ടിടയനായിരുന്നെന്നു പറയപ്പെടുന്നു. പതിമൂന്നാം വയസ്സിൽ ആടുമേയിച്ചു നടക്കെ, വലിയ ഹിമപാതമുണ്ടായപ്പോൾ സമീപത്തുള്ള ദേവാലയത്തിൽ അഭയം തേടിയ അദ്ദേഹത്തിന്റെ മനസ്സിൽ, ദേവാലയത്തിൽ വായിച്ചുകേട്ട സുവിശേഷഭാഗങ്ങൾ അദ്ധ്യാത്മചിന്ത വളർത്തി. തുടർന്ന് ഒരു സന്യാസഭവനത്തിൽ അംഗമായ ശിമയോൻ തീവ്രമായ തപക്രിയകൾ പരിശീലിച്ചു. ഉയിർപ്പുതിരുനാളിനു മുൻപുള്ള നോയമ്പുകാലത്തെ നാല്പതു ദിവസം അദ്ദേഹം ഭക്ഷണം ഇല്ലാതെ കഴിഞ്ഞിരുന്നത്രെ.
തുടർന്ന് ശിമയോൻ പൊതുവർഷം 423-ൽ ഒരു സ്തംഭം നിർമ്മിച്ച് അതിനു മുകളിൽ ഏകാന്തവാസം തുടങ്ങി. ആദ്യം ആറടി മാത്രമുണ്ടായിരുന്ന സ്തംഭത്തിന്റെ ഉയരം ക്രമേണ വർദ്ധിപ്പിച്ച് ഒടുവിൽ 60 അടിയെത്തിച്ചു. ആ ഉയരത്തിലാണ് അദ്ദേഹം ശിഷ്ടജീവിതം ചെലവഴിച്ചത്. സ്തംഭത്തിനു മുകളിലെ മൂന്നടി പരപ്പായിരുന്നു ശിമയോന്റെ വാസമേഖല. ഉറക്കത്തിൽ താഴെ വീഴാതിരിക്കാനായി അതിനു ചുറ്റും ഒരു വേലിക്കെട്ടുണ്ടാക്കിയിരുന്നു. ഭക്ഷണം എത്തിക്കാനും മറ്റുമായി മുകളിലേക്ക് ഒരു ഒരു ഗോവണിയും ഉണ്ടായിരുന്നു.
ഒരിക്കൽ രോഗിയായ അദ്ദേഹത്തെ ചികിത്സിക്കാൻ തിയൊഡോഷ്യസ് ചക്രവർത്തി വൈദ്യന്മാരെ അയച്ചെങ്കിലും തന്റെ ചികിത്സ ദൈവത്തിനു വിടാനാണ് അദ്ദേഹം തീരുമാനിച്ചത്.
രോഗം ദൈവ നിയോഗമാണെന്നും, സൗഖ്യം ദൈവകൃപയുടെ ആവാസമാണെന്നും ഉറച്ചു വിശ്വസിച്ച അദ്ദേഹം തന്റെ രോഗാവസ്ഥയിൽ പോലും പ്രാർത്ഥന മുടക്കുവാൻ തയ്യാറായില്ല.
ഏതായാലും തുടയിൽ ഉണ്ടായ ഒരു വൃണം വഷളായത് താപസന്റെ ആയുസ്സു ചുരുക്കിയതല്ലാതെ തൂണിൽ നിന്ന് താഴെയിറങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. 54 വർഷത്തെ താപസ്സ ജീവിതത്തിനും 37 വർഷത്തെ സ്തൂപ വാസത്തിനും ഒടുവിൽ സ്തംഭവാസിയായി തന്നെ തീവ്രമായ തപോനിഷ്ടയുടെ ഉത്തമ ഉദാഹരണമായ ഈ താപസ്സശ്രേഷ്ടൻ AD 459 ജൂലൈ മാസം 27 ന് കർതൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.