* ഗാസയിൽ അടിയന്തര വെടിനിർത്തലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി മുന്നോട്ടുവച്ചതിനു പിന്നാലെ, ഗാസയിൽ 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 95 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിനെ ഉന്മൂലനം ചെയ്യാതെ സ്ഥിരമായ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തെ ആക്രമണത്തിനുശേഷം ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥിക്യാംപിൽനിന്ന് 20 കുട്ടികളുടേത് അടക്കം 70 മൃതദേഹങ്ങൾ വൈദ്യസഹായസംഘം കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. ഇതേസമയം ഗാസയിൽ അടിയന്തര വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച പദ്ധതി ‘മെച്ചമല്ലെങ്കിലും അംഗീകരിക്കും’ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഒഫിൽ ഫാക് പറഞ്ഞു. ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്നതിനാലാണു പദ്ധതി പരിഗണിക്കുന്നത്. അതേസമയം ഹമാസിനെ ഇല്ലാതാക്കാതെ അന്തിമ വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാട് ഇസ്രയേൽ ആവർത്തിച്ചു. 6 ആഴ്ചത്തെ വെടിനിർത്തൽ, അതു സ്ഥിരമാക്കി മാറ്റൽ, രാജ്യാന്തര സഹായത്തോടെ ഗാസ പുനർനിർമാണം എന്നിങ്ങനെ 3 ഘട്ടങ്ങളായുള്ള പദ്ധതിയാണ് 31ന് ബൈഡൻ മുന്നോട്ടുവച്ചത്.
അതേസമയം ഇസ്രയേലിൽനിന്നുള്ള ഒത്തുതീർപ്പ് പദ്ധതി ലഭിച്ചിട്ടില്ലെന്നു ഹമാസ് വ്യക്തമാക്കി. മുൻപ് പലവട്ടവും സമാനമായ വെടിനിർത്തൽ പദ്ധതികൾ ബൈഡൻ അവതരിപ്പിച്ചെങ്കിലും ഒന്നും ഇസ്രയേൽ അംഗീകരിച്ചിട്ടില്ല.
അതേസമയം യുഎ സ് വെടിനിർത്തൽ പദ്ധതിയെപ്പറ്റി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും അബുദാബിയിൽ ചർച്ച നടത്തി. വെടിനിർത്തൽ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുണ്ടാകുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയെ (യുഎൻആർഡബ്ല്യൂഎ) ‘ഭീകരസംഘടന’യെന്നു മുദ്ര കുത്തിയ ഇസ്രയേൽ നിലപാടിനെ ഖത്തർ അപലപിച്ചു.
* ഇറാനിൽ 28നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ് (85) രംഗത്ത്. ഉന്നതസമിതിയായ ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചാൽ അദ്ദേഹം സ്ഥാനാർഥിയാകും. 11ന് ഗാർഡിയൻ കൗൺസിൽ യോഗ്യരായ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. കടുത്ത യാഥാസ്ഥിതികനായ നിജാദ് 2005 മുതൽ 2013 വരെ ഇറാൻ പ്രസിഡന്റായിരുന്നു. തുടർച്ചയായി രണ്ടുവട്ടം പ്രസിഡന്റായിരുന്ന അദ്ദേഹം 2021ൽ മത്സരിക്കാൻ രംഗത്തിറങ്ങിയെങ്കിലും ഗാർഡിയൻ കൗൺസിൽ വിലക്കി. വിട്ടുവീഴ്ചയില്ലാത്ത ആണവപദ്ധതിയുടെ പേരിൽ ഇറാനും യുഎസും തമ്മിലുള്ള ഭിന്നത രൂക്ഷമായത് നിജാദിന്റെ കാലത്താണ്. 2009ൽ നിജാദ് രണ്ടാം തവണ പ്രസിഡന്റായപ്പോൾ ഗ്രീൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ രാജ്യമെങ്ങും നടന്ന പ്രക്ഷോഭം സർക്കാർ ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തി. എങ്കിലും ഭരണകാലത്തു പാവങ്ങൾക്കായി നടപ്പാക്കിയ ഭവനപദ്ധതിയും മറ്റും അദ്ദേഹത്തെ ജനകീയനാക്കി. സ്വന്തം മന്ത്രിസഭയിലെ രണ്ടു വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെ അഴിമതിക്കു ജയിലിലായെങ്കിലും അഴിമതിക്കെതിരെ നടത്തുന്ന രൂക്ഷവിമർശനങ്ങളും ജനപ്രിയത കൂട്ടുന്നു. ചന്ദ്രന്റെ ഭൂമിയിൽ നിന്നു കാണാൻ കഴിയാത്ത വിദൂരവശത്ത് (ഫാർസൈഡ്) വീണ്ടും ചൈന ബഹിരാകാശ പേടകമിറക്കി. ചാങ്ഇ–6 എന്ന ദൗത്യം ഓർബിറ്റർ, ലാൻഡർ, റിട്ടേണർ, അസൻഡർ എന്നിങ്ങനെ നാലു ഭാഗങ്ങളടങ്ങിയതാണ്. കഴിഞ്ഞ ആഴ്ച പുലർച്ചെ ആറരയ്ക്കാണ് വിദൂരവശത്തെ അപ്പോളോ ബേസിൻ എന്നയിടത്ത് പേടകം ഇറങ്ങിയത്. ചൈനയുടെ ചാന്ദ്രദൗത്യ പരമ്പരയുടെ പേരാണ് ചാങ്ഇ. 2019ൽ ഇതിലെ നാലാം ദൗത്യത്തിൽ (ചാങ്ഇ4) വിദൂരവശത്ത് ആദ്യമായി ഇറങ്ങി. 2020ൽ വിക്ഷേപിച്ച ചാങ്ഇ 5 ചന്ദ്രന്റെ കാണാവുന്ന വശത്തുനിന്നു (നിയർസൈഡ്) മണ്ണു ശേഖരിച്ചു കൊണ്ടുവന്നിരുന്നു. ചന്ദ്രന്റെ വിദൂരവശത്തുനിന്നു മണ്ണെടുക്കാനാണു ചാങ്ഇ6 ലക്ഷ്യമിടുന്നത്. ഇതു വിജയിച്ചാൽ ചരിത്രത്തിലെ ആദ്യനേട്ടമാകും. മേയ് 3ന് ആയിരുന്നു വിക്ഷേപണം. പാക്കിസ്ഥാൻ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഉപഗ്രഹങ്ങളും ചാങ്ഇ–6 വഹിക്കുന്നു.
* ദക്ഷിണാഫ്രിക്കയിൽ പൊതുതിരഞ്ഞെടുപ്പിൽ ആർക്കും തനിച്ചുഭൂരിപക്ഷമില്ലാത്ത സ്ഥിതിയിൽ കിങ്മേക്കറാകാൻ മുൻപ്രസിഡന്റ് ജേക്കബ് സുമ. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എഎൻസി) വിട്ടു സുമ (81) രൂപീകരിച്ച എംകെ പാർട്ടി 15 % വോട്ട് നേടി മൂന്നാമതെത്തി. നിലവിലെ പ്രസിഡന്റ് സിറിൽ റാമഫോസയെ നേതൃസ്ഥാനത്തുനിന്നു മാറ്റിയാൽ എഎൻസിയുമായി സഖ്യത്തിനു തയാറാണെന്ന് എംകെ പാർട്ടി പ്രഖ്യാപിച്ചു. 99% വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ, ദക്ഷിണാഫ്രിക്കയെ വർണവിവേചനത്തിൽനിന്നു മോചിപ്പിച്ച നെൽസൻ മണ്ടേലയുടെ പാർട്ടിയായ എഎൻസിക്കു 3 പതിറ്റാണ്ടിനുശേഷം കേവലഭൂരിപക്ഷം നഷ്ടമായി. 40% വോട്ടോടെ എഎൻസി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2019 ൽ 57% ആയിരുന്നു. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയൻസിന് 22% വോട്ടാണു ലഭിച്ചത്. തീവ്രഇടതുപക്ഷമായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് (ഇഎഫ്എഫ്) 9 ശതമാനവുമായി നാലാമതുണ്ട്. 2019 ൽ ഇവർ 11 % വോട്ടുമായി പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു. ഇഎഫ്എഫിന്റെ മുഖ്യആവശ്യം സമ്പദ്‌വ്യവസ്ഥ ദേശസാൽക്കരിക്കണമെന്നാണ്. ബിസിനസ് സൗഹൃദ നിലപാടുള്ള ഡിഎയും എഎൻസിയും ചേർന്നു സർക്കാരുണ്ടാക്കുന്നതിനെയാണു വിദേശനിക്ഷേപകർ സ്വാഗതം ചെയ്യുന്നത്.
മുതിർന്ന നേതാക്കളിലൊരായ ജേക്കബ് സുമയ്ക്ക് അഴിമതിയാരോപണങ്ങളെത്തുടർന്ന് 2018 ൽ പ്രസിഡന്റ് സ്ഥാനം നഷ്ടമായശേഷമാണു സ്വന്തം കക്ഷിയുണ്ടാക്കിയത്. അഴിമതിക്കേസുകളിൽ വിചാരണ നേടുന്ന അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സുപ്രീം കോടതി വിലക്കിയിരുന്നു. കോടതിയലക്ഷ്യത്തിനു ജയിൽശിക്ഷയും അനുഭവിച്ചു. എന്നാൽ, സുളു വംശജർക്കു ഭൂരിപക്ഷമുള്ള സ്വന്തം പ്രവിശ്യയിൽ എംകെ പാർട്ടി മികച്ച വിജയം നേടി. അന്തിമഫലം പ്രഖ്യാപിച്ചു 14 ദിവസത്തിനകം പാർലമെന്റ് ചേർന്നു 50% എംപിമാരുടെ പിന്തുണയുള്ള കക്ഷി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണു ചട്ടം. നെൽസൻ മണ്ടേലയുടെ നേതൃത്വത്തിൽ 1994 ൽ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ എഎൻസി 30 വർഷം തുടർച്ചയായി ഭരിച്ചു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പുഫലമാണിത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം പൊറുതിമുട്ടിയ ജനം എഎൻസിക്കു നൽകിയ തിരിച്ചടിയാണു തിരഞ്ഞെടുപ്പു ഫലമെന്നാണു പ്രതിപക്ഷകക്ഷികൾ പ്രതികരിച്ചത്. ലോകബാങ്ക് കണക്കു പ്രകാരം ദക്ഷിണാഫ്രിക്കയിൽ 55 % ജനങ്ങളും ദാരിദ്ര്യത്തിലാണു കഴിയുന്നത്.
* ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ഇസ്രയേലിലെ തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻഗിവർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മുന്നറിയിപ്പു നൽകി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ പ്രതിപക്ഷകക്ഷികൾ അഭ്യർഥിച്ചതോടെ നെതന്യാഹു വഴങ്ങുന്നുവെന്ന സൂചന ഉയർന്നതിനു പിന്നാലെയാണു ഘടകകക്ഷിയുടെ ഭീഷണി. സൗദി അറേബ്യ അടക്കം ഗൾഫ് രാജ്യങ്ങളും യുഎസ് പദ്ധതിക്കു പിന്തുണയുമായി രംഗത്തുണ്ട്. അതിനിടെ, ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ റഫയുടെ നിയന്ത്രണം പലസ്തീനു വിട്ടുകൊടുക്കാതെ റഫ ഇടനാഴി വീണ്ടും തുറക്കാനാവില്ലെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സമീഹ് ഷൗക്രി വ്യക്തമാക്കി. റഫ ഇടനാഴിയിലൂടെയാണ് ഈജിപ്ത് വഴി രാജ്യാന്തരസഹായങ്ങൾ ഗാസയിലേക്ക് എത്തുന്നത്. കഴിഞ്ഞ മാസമാണു ഈജിപ്തിനോടു ചേർന്നുകിടക്കുന്ന റഫ അതിർത്തി മുഴുവനും ഇസ്രയേൽ സൈന്യം പിടിച്ചത്. ഇത് ഈജിപ്തും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഗാസ ആക്രമണത്തിന്റെ പേരിൽ ഇസ്രയേൽ പൗരന്മാരായ സഞ്ചാരികളെ മാലദ്വീപ് വിലക്കി. ഇതിനു പിന്നാലെ, കടലോരഭംഗി ആസ്വദിക്കാൻ ഇന്ത്യയിലെ ബീച്ചുകൾ സന്ദർശിക്കാൻ ഡൽഹിയിലെ ഇസ്രയേൽ എംബസി പൗരന്മാരോടു നിർദേശിച്ചു. കേരളം, ആൻഡമാൻ നിക്കോബർ ദ്വീപുകൾ, ലക്ഷദ്വീപ്, ഗോവ എന്നിവിടങ്ങളിലെ ബീച്ചുകളാണ് എംബസി ശുപാർശ ചെയ്തത്.
* യുഎസ് മുൻകയ്യെടുത്തുള്ള വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ, മധ്യഗാസയിൽ ഇസ്രയേൽ സൈന്യം കരയുദ്ധവും വ്യോമാക്രമണവും ശക്തമാക്കി. 24 മണിക്കൂറിൽ 44 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്കു പരുക്കേറ്റു. സൈന്യവും ഹമാസും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം നടക്കുന്നുവെന്നാണു റിപ്പോർട്ട്. അൽ ബുറേജ് അഭയാർഥി ക്യാംപ്, ദേർ അൽ ബലാഹ് എന്നിവിടങ്ങളിലെ ഹമാസ് താവളങ്ങൾ തിരഞ്ഞുപിടിച്ചാണ് ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു. ദെയ്ർ അൽ ബലാഹിൽ മൃതദേഹങ്ങൾ കൊണ്ട് മോർച്ചറി നിറഞ്ഞതായി റിപ്പോർട്ടുണ്ട്. അതിനിടെ, സിഐഎ ഡയറക്ടർ വില്യം ബേൺസ് ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധം നിർത്താതെ ബന്ദികളെ വിടില്ലെന്നാണു ഹമാസിന്റെ പ്രഖ്യാപിത നിലപാട്. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേലും. ഈ ഭിന്നത പരിഹരിച്ചു വെടിനിർത്തൽ കരാർ സാധ്യമാകുമോയെന്നാണു ചർച്ച ചെയ്യുന്നത്. ഹമാസ് പ്രതിനിധി കയ്റോയിലെത്തി ഈജിപ്ത് നേതൃത്വവുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 36,586 പലസ്തീൻകാർ കൊല്ലപ്പെട്ടു. 83,074 പേർക്കു പരുക്കേറ്റു.
യുദ്ധം തുടർന്നാൽ ജൂലൈ പകുതിയോടെ 10 ലക്ഷത്തിലേറെ പലസ്തീൻകാർ കൊടുംപട്ടിണിയിലാകുമെന്നു ലോകാരോഗ്യ സംഘടനയും യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷനും (എഫ്എഒ) മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാർച്ചോടെ 6.77 ലക്ഷം പേർ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു.
* ഗാസയിൽ യുഎൻ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നു കുട്ടികളും സ്ത്രീകളുമടക്കം 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ സ്കൂൾ കെട്ടിടം ഹമാസ് താവളമാണെന്നാരോപിച്ചാണ് ഇസ്രയേൽ ബോംബിട്ടത്. എന്നാൽ, ഇത് 6,000 അന്തേവാസികളുള്ള അഭയകേന്ദ്രമാണെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) മേധാവി ഫിലീപ് ലാസ്സറീനി വ്യക്തമാക്കി. മധ്യഗാസയിൽ ഇസ്രയേൽ സൈന്യം ഏതാനും ദിവസങ്ങളായി കനത്ത ആക്രമണമാണു തുടരുന്നത്. ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക യുഎൻ ലോക കോടതിയിൽ (ഐസിജെ) നൽകിയ വംശഹത്യാ കേസിൽ കക്ഷിചേരാൻ സ്പെയിൻ അപേക്ഷ നൽകി. മെക്സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ എന്നീ രാജ്യങ്ങളും ഇസ്രയേലിനെതിരെ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. ഇസ്രയേലിന്റെ ഹൈഫ തുറമുഖത്ത് ആയുധങ്ങളുമായെത്തിയ 2 കപ്പലുകളെ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. ഇതേസമയം, സ്ത്രീകൾക്കു കുട്ടികൾക്കും എതിരെ അക്രമം കാട്ടുന്നവരുടെ ആഗോള പട്ടികയിൽ ഇസ്രയേൽ സേനയെ ഉൾപ്പെടുത്തിയതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. ഇതിനിടെ, യുഎസ് ഏജൻസികളുടെ സഹായം എത്തിക്കുന്നതിന് ഗാസയിൽ യുഎസ് താൽക്കാലിക കടൽപാലം വീണ്ടും തുറന്നു. ഗാസയിൽ തൊഴിലില്ലായ്മ 80 ശതമാനവും വെസ്റ്റ് ബാങ്കിൽ 50 ശതമാനവുമാണെന്ന് യുഎൻ ലേബർ ഏജൻസി അറിയിച്ചു.
* പക്ഷിപ്പനി ബാധിച്ച് മെക്സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് പക്ഷിപ്പനി (എച്ച്5എൻ2) ബാധിച്ചു മനുഷ്യമരണം ഇതാദ്യമാണു സ്ഥിരീകരിക്കുന്നത്. പനി, ശ്വാസതടസ്സം, വയറിളക്കം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളോടെ മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 59 വയസ്സുകാരനാണു ഏപ്രിൽ 24നു മരിച്ചത്. വൈറസ് ബാധ എവിടെനിന്ന് എന്നു കണ്ടെത്തിയിട്ടില്ല. ഇയാൾ മൂന്നാഴ്ചയായി കിടപ്പിലായിരുന്നു. മെക്സിക്കോയിലെ കോഴിഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. മനുഷ്യർക്കിടയിൽ വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും പക്ഷിപ്പനി ബാധിച്ച ആളിൽനിന്നു മറ്റൊരാളിലേക്കു വൈറസ് പടർന്നതിനു നിലവിൽ തെളിവൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മെക്സിക്കോയിൽ മരിച്ചയാൾക്കു വൃക്കരോഗവും കടുത്ത പ്രമേഹവും അടക്കം വേറെയും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.
* വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം (61) തിരഞ്ഞെടുക്കപ്പെട്ടു. നൊബേൽ സമ്മാനം നേടിയ കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ 60% വോട്ടോടെ വൻവിജയമാണു നേടിയത്. മെക്സിക്കോയിൽ 2000 ൽ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിനുശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഒക്ടോബർ ഒന്നിന് സ്ഥാനമേൽക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോറിന്റെ വിശ്വസ്തയായ ക്ലൗഡിയ, 2018 ൽ മെക്സിക്കോ സിറ്റി മേയറായിരുന്നു. ഇടതുപക്ഷ പാർട്ടിയായ മൊറീന നയിക്കുന്ന ഒബ്രദോർ സർക്കാർ അടിസ്ഥാന വേതനം ഇരട്ടിയാക്കുകയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയ്ക്കുകയും ചെയ്തതു തിരഞ്ഞെടുപ്പിൽ ക്ലൗഡിയയ്ക്ക് അനുകൂലമായ തരംഗമുണ്ടാക്കി. 6 വർഷമാണു ഭരണ കാലാവധി. 2007 ൽ സമാധാന നൊബേൽ നേടിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) എന്ന യുഎൻ ഏജൻസിയുടെ ഭാഗമായിരുന്നു. ക്ലൗഡിയയുടെ എതിർസ്ഥാനാർഥിയും ബിസിനസുകാരിയുമായ ഷൊചിൽ ഗാൽവിസിനു 28% വോട്ടു ലഭിച്ചു. ഇതാദ്യമായാണു 2 വനിതകൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കുന്നത്.
* തെക്കൻ പോർച്ചുഗലിൽ വ്യോമാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൈലറ്റ് കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.05നായിരുന്നു സംഭവം. പോർച്ചുഗലിലെ ബെജ എയർ ഷോയിലാണ് ആറ് വിമാനങ്ങൾ പ്രകടനം നടത്തിയത്. സംഭവം ഖേദകരമെന്ന് വ്യോമസേന അറിയിച്ചു. എയർ ഷോയിൽ പങ്കെടുത്ത ആറ് ചെറു വിമാനങ്ങളും യാക് സ്റ്റാഴ്സ് എന്ന എയറോബാറ്റിക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. തെക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സിവിൽ എയറോബാറ്റിക്സ് ഗ്രൂപ്പാണിത്. അപകടം നടന്ന ബെജ വിമാനത്താവളത്തിൽ അടിയന്തര സേവനങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടം നടന്നതിനു പിന്നാലെ എയർ ഷോ താൽക്കാലികമായി നിർത്തിയതായും വ്യോമസേന അറിയിച്ചു.
* നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജ സുനിത വില്യംസും ബുഷ് വില്‍മോറുമാണ് സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍. പ്രതിസന്ധികൾ മറികടന്ന് ഇന്ത്യൻ വംശജ സുനിത വില്യംസും ബുഷ് വിൽകോറും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നൃത്തം ചെയ്തുകൊണ്ടാണ് സുനിത നിലയത്തിലേക്കു പ്രവേശിച്ചത്. 58 വയസ്സുള്ള സുനിത മൂന്നാം തവണയാണ് ബഹിരാകാശ നിലയത്തിലെത്തുന്നത്. ബുഷ് വിൽകോറാണ് (61) ദൗത്യത്തിന്റെ കമാൻഡർ. ഇവർ സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ച അവസാനഘട്ടത്തിൽ ദൗത്യം ദുഷ്കരമാക്കിയിരുന്നു. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച് 26 മണിക്കൂറിന് ശേഷമാണ് പേടകം ബഹിരാകാശ നിലയത്തിലെത്തുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിലുള്ള 7 പേരോടൊപ്പം ഒരാഴ്ച നീളുന്ന ശാസ്ത്രപരീക്ഷണങ്ങളിൽ പങ്കെടുത്തശേഷം സുനിതയും വിൽകോറും മടങ്ങും.
* ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ നാലാം പരീക്ഷണം വിജയം. ഭ്രമണപഥത്തിലേക്കും തിരിച്ച് സമുദ്രത്തിലേക്കും സുരക്ഷിതമായി എത്തിച്ചേർന്ന പേടകത്തിന് ഭൂമിയിൽ പതിക്കുന്നതിനു തൊട്ടുമുൻപായി കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സ്റ്റാർഷിപ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്തിട്ടുള്ള സ്റ്റാർഷിപ്പിന്റെ കഴിഞ്ഞ മൂന്നു പരീക്ഷണങ്ങളും പരാജയമായിരുന്നു. ഇതുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാർഷിപ്. ടെക്‌സസിലെ ബൊക്ക ചിക്കയിലുള്ള സ്‌പേസ് എക്‌സിന്റെ സൈറ്റിൽ നിന്ന് ലിഫ്റ്റ്-ഓഫ് ചെയ്‌ത റോക്കറ്റിന്റെ, സൂപ്പർ ഹെവി ഫസ്റ്റ് സ്റ്റേജിലെ 33 റാപ്‌റ്റർ എൻജീൻ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. എങ്കിലും സ്റ്റാർഷിപ്പ് ബഹിരാകാശത്തെത്തുകയും, രണ്ടു ഘട്ടങ്ങളിലായി കൃത്യം നിർവഹിക്കുകയും ചെയ്തു.
200 കിലോമീറ്ററിലധികം ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയ സ്റ്റാർഷിപ്, മണിക്കൂറിൽ 27,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ, ഉപരിതലത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ഉയരത്തിൽ, സ്‌പേസ് എക്‌സിൽ നിന്നുള്ള ലൈവ് സ്ട്രീം വിഡിയോ അതിന്റെ 4 കൺട്രോൾ ഫിനുകളിൽ ഒന്നിന് കേടുപാടുകൾ സംഭവിക്കുന്നതായും ക്യാമറ ലെൻസ് പൊട്ടുന്നതായും കാണിച്ചു. എങ്കിലും പരീക്ഷണലക്ഷ്യം പൂർത്തീകരിച്ചാണ് റോക്കറ്റ് സമുദ്രത്തിൽ പതിച്ചത്.
2023 ഏപ്രിലിൽ നടന്ന സ്റ്റാർഷിപ്പിന്റെ ആദ്യപരീക്ഷണത്തിൽ വിക്ഷേപണം നടന്ന് നാലു മിനിറ്റിനകം റോക്കറ്റ് പൊട്ടിത്തെറിച്ചിരുന്നു. അതേവർഷം നവംബറിലെ രണ്ടാം പരീക്ഷണത്തിൽ വിക്ഷേപിക്കപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ സ്റ്റാർഷിപ്പിന്റെ കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. അവസാന പരീക്ഷണത്തിൽ വിജയകരമായി വിക്ഷേപിക്കാനായെങ്കിലും, ഭൗമാന്തരീക്ഷത്തിലേക്ക് തിരികെയെത്തിയ റോക്കറ്റ് കത്തിയമർന്നു.