നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷി ദിനമാണ് ഇന്ത്യയുടെ രക്തസാക്ഷി ദിനം .ഇതിനു സർവോദയ ദിനമെന്നും പറയാറുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ കടന്നു കയറ്റങ്ങളിൽ നിന്നു ഇന്ത്യ മഹാരാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിച്ചത് മഹാത്മാ ഗാന്ധിയുടെ ഇച്ഛാശക്തിയും നയതന്ത്രവുമാണെന്നതിൽ സംശയമില്ല .”എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്നു” ഉറപ്പിച്ചു പറയാൻ കഴിയുന്ന ഇന്ത്യയിലെ എക നേതാവും അദ്ദേഹം തന്നെ.
വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാനമന്ത്രിയായിരുന്ന കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ മഹാത്മാ ഗാന്ധി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ പോർബന്ദറിലെ വ്യാപാരിയായ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം തന്നെയാണ് ഗാന്ധിജിയുടെയും ചരിത്രം.
അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലം പ്രഷുബ്ധമായിരുന്നു ഇന്ത്യാവിഭജനവും പത്നിയുടെ വിയോഗവും ഏറെ ദുഃഖിതനാക്കി. പിന്നീട് നിരന്തരം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ കൽക്കത്തയിൽ ആയിരുന്നു .പശ്ചിമ പാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റംബർ 4 ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിൽ . സമാധാനത്തിനായി നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.
1934-മുതൽ തന്നെ ഗാന്ധിജിക്കു നേരെ വധ ശ്രമമുണ്ടായിട്ടുണ്ട്. 1934 ൽ കാറിന് നേരെ ഗ്രനേഡ് ആക്രമണവും 1944 ജൂലൈയിൽ ഗോഡ്സെയുടെ തന്നെ കയ്യേറ്റ ശ്രമവും 1944 സെപ്റ്റംബറിൽ ഗോഡ്സെയുടെ നേതൃത്വത്തിൽ സായുധ സംഘത്തിന്റെ വധ ശ്രമവും 1946 ജൂൺ 29-ന് ഗാന്ധിജി യാത്ര ചെയ്ത തീവണ്ടി അപകടത്തിൽ പെടുത്താൻ ശ്രമിച്ചതും 1948 ജനുവരി 20-ന് മദൻലാൽ പഹ്വ യുടെ കൊലപാതകശ്രമവും എല്ലാം ഗാന്ധിജിയെ ഉന്നം വെച്ചുള്ളതായിരുന്നു .ഒടുവിൽ 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകിട്ട് 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായ ഗോഡ്‌സേ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം രക്ത സാക്ഷിയായി .ജനുവരി 31ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു.
ഗോഡ്സെയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15-ന് മുഴുവൻ പേരെയും തൂക്കിലേറ്റിയെങ്കിലും ഗാന്ധിജിയുടെ നേരെ മുൻപുണ്ടായ പല വധശ്രമങ്ങളും അന്വേഷണ വിധേയമാക്കാത്തതും അദ്ദേഹത്തിന് സർക്കാർ വേണ്ടത്ര സുരക്ഷ നൽകാതിരുന്നതും ഗാന്ധിവധത്തിന് പിന്നിലുള്ള ദുരൂഹതക്ക് ആക്കം കൂട്ടുന്നു.
രാഷ്ട്രീയ മേഖലകൾ ഇത്രയധികം മലീമസമായ വർത്തമാനകാലത്തു രാഷ്ട്രപിതാവിനെ സൗകര്യപൂർവം ഉപയോഗിക്കുന്നവർ കുറവല്ല .ഗാന്ധിജിയേയും അദ്ദേഹത്തിന്റെ ഘാതകനെയും സമദൂരത്തിൽ നിർത്തി അധികാരം നേടുന്നവരും, മൗലീക അവകാശങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും കാറ്റിൽ പറത്തി രാജ്യത്തെ പൗരന്മാരെ ജാതീയവും വംശീയവും ആയി വേർതിരിച്ചു ഭരണം നിലനിർത്തുന്നവരും ഈ നാടിൻറെ പാരമ്പര്യത്തെയും അഘണ്ടതയെയും മതേതരത്വത്തെയും കുറിച്ചു നന്നായി മനസിലാക്കേണ്ടതുണ്ട് .
മറ്റേതു രാഷ്ട്രത്തിന്റെ രാഷ്ട്ര പിതാവിനേക്കാൾ മഹാത്മാ ഗാന്ധിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം വലിയ മതേതര വാദിയും ജനാധിപത്യ വിശ്വാസിയുമായിരുന്നു എന്നതാണ് .കൂടാതെ മികച്ച പത്ര പ്രവർത്തകനായിരുന്നു “യങ് ഇന്ത്യ”, “ഹരിജൻ” തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്നു. മികച്ച സംഘാടകനായിരുന്നു .അക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. സാഹിത്യ രംഗത്തു അതികായകനായിരുന്നു .”എന്റെ സത്യന്വഷണ പരീക്ഷണ കഥ”യെന്ന ഇന്ത്യയില് എറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള പുസ്തകം തന്നെ ഉദാഹരണമായി പറയാം .മാത്രമൊ അഹിംസയിലൂന്നിയ സത്യാഗ്രഹങ്ങൾ മികച്ച സമരമുറയാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട് .അതു കൊണ്ടാണ് അന്താരാഷ്ട്ര തലങ്ങളിൽ ഗാന്ധിജി സ്വീകാര്യനായി നില നില്ക്കുന്നത് .
സ്വാതന്ത്ര്യാനന്തരം രാക്ഷ്ട്ര പിതാവിനു പോലും വേണ്ട സംരക്ഷണം ലഭിക്കാത്ത നാടായി ഇന്ത്യ മാറുമെന്നും തങ്ങളേക്കാൾ നൂറു വര്ഷം പുറകിലായിരിക്കും ഇന്ത്യയെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പറഞ്ഞത് ഏതാണ്ട് ഇതിനോടകം നാം തെളിയിച്ചു കഴിഞ്ഞു .ഈ രാജ്യം പല രംഗതും വളർച്ചയിലെത്താതിരുന്നത് നാളിതുവരെ ഭരണം നടത്തിയവരുടെപിടിപ്പുകേടാണ് എന്നതിനപ്പുറം ബ്രിട്ടിഷ് ഭരണത്തിലും അതിനു ശേഷവും ഭരണ വര്ഗ്ഗവും ഉദ്യോഗസ്ഥ വൃന്ദവും ചേർന്ന് നടത്തുന്ന തീവെട്ടി കൊള്ളകളാണെന്നത് പറയാതെ വയ്യ. ലോകം മുഴുവൻ ഒന്നാമത്തെ ഇന്ത്യക്കാരനായി അംഗീകരിച്ച മഹത്മാ ഗാന്ധിയുടെ നാട്ടിൽ ജനിച്ചു എന്നതിൽ നമുക്കഭിമാനിക്കാം .
“മരണത്തിന്റെ മുന്നിൽ ഒരഭിപ്രായവ്യത്യാസവുമില്ല.”എന്ന മുഹമ്മദ് അലി ജിന്ന എന്ന ഗാന്ധിജിയുടെ രാഷ്ട്രീയ പ്രതിയോഗിയുടെ പ്രതികരണം കേവലം ഒരനുശോചനം മാത്രമായിരുന്നെങ്കിൽ “ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ, അവർ തന്നെ അദ്ദേഹത്തെ വധിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നത് ഒരു വെള്ളിയാഴ്ച്ചയാണ്- ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് കൊല്ലം മുമ്പ് യേശുവിനെ കൊലപ്പെടുത്തിയ അതേദിവസം. പിതാവേ, ഞങ്ങളോടു പൊറുക്കേണമേ.ഹിന്ദുസ്ഥാൻ ടൈംസ്, അന്നത്തെ മുഖപ്രസംഗം താൾ ശൂന്യമാക്കിയിട്ടുകൊണ്ട് അതിന്റെ നടു ഭാഗത്തെഴുതിയതാണ് രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരനും പറയുവാനുള്ളത് .
ആ മഹാത്മാവിന്റെ സ്വപ്നം എന്നെങ്കിലും യാഥാർത്യമാകുമെന്ന പ്രതീക്ഷയാണ് ഓരോ ഇന്ത്യക്കാരനേയും മുൻപോട്ടു നയിക്കുന്നത് .