തൊടുപുഴ കരിമണ്ണൂർ, ജോസ് ജോസഫ് എൺപതു കളുടെ തുടക്കത്തിൽ ആണ് അമേരിക്കയിലേക്ക് വന്നത്. ജോസ്ന് ഒരു പ്രത്യേകതയുണ്ട്, എപ്പോഴും ഒരു ‘സ്റ്റാൻഡ് അറ്റ് ഈസ്’ മൂഡ് ആണ്. പക്ഷേ വർത്തമാനം പറയാൻ തുടങ്ങുമ്പോൾ, ‘അറ്റൻഷൻ’ പൊസിഷനിൽ പുഞ്ചിരിയോടെ, നല്ല മുഴക്കത്തിൽ കാര്യങ്ങൾ വ്യക്തമായി പറയും.
റിയൽ എസ്റ്റേറ്റും, ഇൻവെസ്റ്റ്മെന്റും ആണ് ജോലി എന്ന് എനിക്കറിയാം. എന്നാൽ അദ്ദേഹം ഒരിക്കലും ബിസിനസ് മാർക്കറ്റ് ചെയ്യുകയോ, ഇതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിക്കാറുമില്ല. 2008, അന്ന് എനിക്ക് ആറു, റസ്റ്റോറന്റ് സ്റ്റാഫ് ഉണ്ടായിരുന്നു. ഒരു അപ്പാർട്ട്മെന്റ് കിട്ടാൻ ബുദ്ധിമുട്ട്. യാദൃശ്ചികമായി ജോസുമായി അപ്പാർട്ട്മെന്റിന്റെ കാര്യം സംസാരിച്ചപ്പോൾ, എന്തിന് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കണം , ഒരു ചെറിയ വീടു വാങ്ങിക്കുകയല്ലേ നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു. ഒരു വീടു വാങ്ങാനുള്ള സാമ്പത്തിക സൗകര്യം എനിക്കിപ്പോൾ ഇല്ല, അതുമല്ല അതൊരു ബാധ്യത ആവുകയില്ലേ, അങ്ങനെയുള്ള സംസാരത്തിൽ ജോസ് പറഞ്ഞു ഒരിക്കലും ഇല്ല , ഒരു വീട് മസ്കിറ്റിലെ, വിൻഡ് മിൽ ലൈനിൽ ഉണ്ട്. മൂന്നു ബെഡ്റൂം രണ്ടു ബാത്റൂം ചെറിയ പ്രോപ്പർട്ടി. $65000.00 വിലയാകും. ഞാൻ സെൽഫ് ഫൈനാൻസ് ചെയ്യാം ഒരു വർഷത്തേക്ക് ഒരു പെയ്മെന്റും തരണ്ട, സൗകര്യം പോലെ റീ ഫൈനാൻസ് ചെയ്ത്, ഞാൻ മുടക്കിയ തുകയും ബാങ്ക് പലിശയും തന്നാൽ മതി എന്നു പറഞ്ഞു.
നല്ല ഒതുക്കമുള്ള വീട്. ഒരു വർഷം റസ്റ്റോറന്റ് സ്റ്റാഫ് അവിടെ താമസിക്കുകയും പിന്നീട് അവരെല്ലാം സ്വന്തമായി വിട് വാങ്ങുകയും ചെയ്തു. ഈ സമയം എനിക്ക് ജോസിന്റെ പെയ്മെന്റ് സെറ്റിൽ ചെയ്യാനും സാധിച്ചു. ഞാൻ പിന്നീട് ആ വീട് വാടകയ്ക്ക് കൊടുത്തു. ഇപ്പോൾ വിറ്റാൽ 3 ലക്ഷത്തിൽ മേലെ വില കിട്ടും. ഇന്നലെ ജോസിനെ , ഞാനും ചെറിയാനും സിജു വി. ജോർജ്ജും, മക്ഡൊണാൾഡ്സിൽ വെച്ച് കണ്ടു. പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ , ജോസ് ആവേശപൂർവ്വം പറഞ്ഞു “എന്റെ പ്രോജക്ട് സക്സസ് ആണ് , പലരും ഇവിടെ ധാരാളം വീട് സ്വന്തമാക്കി. ഒരു റിയൽ എസ്റ്റേറ്റ് പ്രൊഫഷണൽ എന്നുള്ള നിലയിൽ എനിക്ക് ചെയ്യാൻ സാധിക്കുന്ന ഒരു സഹായം. തുടക്കക്കാരന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും”. ആ നല്ല ശമര്യക്കാരന് നന്ദി പറഞ്ഞു പിരിയുമ്പോൾ, മനസ്സു മന്ത്രിച്ചു ” നന്ദി ചൊല്ലി തീരുവാനി ഈ ജീവിതം പോരാ”…………