Friday, November 15, 2024
Homeഅമേരിക്കമനസും ശരീരവും സ്ഫുടം ചെയ്തു ചെറിയ പെരുനാളിലേക്ക് .... ✍അഫ്സൽ ബഷീർ തൃക്കോമല

മനസും ശരീരവും സ്ഫുടം ചെയ്തു ചെറിയ പെരുനാളിലേക്ക് …. ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

“അല്ലാഹു അക്ബർ, അല്ലാഹു അക്ബർ ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്”

പ്രവാചകനായ മുഹമ്മദ് നബി (സ.അ:) ഖുറൈശികളുടെ അക്രമണം രൂക്ഷമായപ്പോൾ മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ വർഷം. മുഹറം മുതൽ 12 മാസവും ഏകദേശം 354 ദിവസവുമുള്ളതും ചന്ദ്രന്റെ പ്രയാണം അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് ഇത് .കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും ഗ്രിഗോറിയൻ കാലഗണനാരീതി അഥവാ ഇംഗ്ലീഷ് കലണ്ടറിൽ നിന്നും എകദേശം 11 ദിവസം പുറകിലായിരിക്കും .അതുകൊണ്ടാണ് പലപ്പോഴും ചന്ദ്രമാസ കലണ്ടറിൽ നിന്നും പെരുനാൾ ഒരു ദിവസം മാറി വരാറുള്ളത് .

ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഇരുപത്തിയൊൻപതോ മുപ്പതോ ദിവസത്തെ വ്രതാനുഷ്ഠാനത്തിന്റെ പരി സമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്.

“റമളാഹ്” അഥവാ “വസന്തത്തിന് മുൻപുള്ള മഴ” എന്ന പദത്തിൽ നിന്നാണ്
റമളാൻ എന്ന വാക്കുണ്ടായത് എന്ന് ഇമാം ഖലീല്‍ രേഖപെടുത്തുന്നു .വസന്തത്തിന് മുൻപുള്ള മഴ പ്രകൃതിയെ ശുദ്ധീകരിക്കും പോലെ റമളാന്‍ വിശ്വാസികളുടെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്നു ശുചീകരിക്കാന്‍ പ്രപ്തമാക്കുന്നു. വ്രത ശുദ്ധിയുടെ ദിനരാത്രങ്ങൾ കടന്നു പോകുമ്പോൾ സ്ഫുടം ചെയ്ത മനസും ശരീരവും വരും കാലങ്ങളിലേക്കു പാകപ്പെടുത്തിയോ? എന്ന ലളിതമായ ചോദ്യമാണ് അവശേഷിക്കുന്നത് .

നിർബന്ധ ദാനം അഥവാ ഫിത്വർ സക്കാത്ത് ദിനമായതു കൊണ്ടാണ് “ഈദുൽ ഫിത്വർ” എന്നു ചെറിയ പെരുന്നാളിനെ വിശേഷിപ്പിക്കുന്നത് .വിശുദ്ധ ഖുർആനിൽ സൂറത്തുൽ തൗബയിൽ ‘പ്രവാചകരേ, അവരുടെ ധനങ്ങളിൽനിന്ന് നിർബന്ധ ദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതാണ്’” എന്ന് പറഞ്ഞിരിക്കുന്നു. സകാത് പോലുള്ള നിർബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങള് സൂക്ഷ്മതയോടെ ചെെയ്യേണ്ട കാലഘട്ടം കൂടിയാണിത്.
സകാത് പിരിവെന്ന പേരിൽ വ്യാപകമായി പണം പിരിച്ചു അർഹത ഇല്ലാത്തവരിലേക്കും സകാത്തിന്റെ പ്രതിഫലം ലഭിക്കാത്ത കാര്യങ്ങളിലേക്കും വകമാറ്റുന്നതു മുഖ്യധാരാ സംഘടനകൾ ഉൾ പ്പടെ ചെയ്യുന്നത് കൊണ്ട് പരമാവധി അര്ഹതപെട്ടവരെ കണ്ടത്തി നേരിട്ടേൽപ്പിക്കുന്നതാണ് ഉചിതം .

ഇസ്‌ലാമിൽ രണ്ടു പെരുനാളുകളാണ് ആഘോഷങ്ങൾ. പ്രാർത്ഥനയിൽ അധിഷ്ഠിതമായ പെരുനാൾ നമസ്കാരവും ഖുതുബയും(പ്രസംഗം) .നമ്മെ പോലെ എല്ലാവര്ക്കും പെരുനാൾ എന്ന ആശയത്തിലൂന്നിയ സകാത്.സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു വിഭവ സമൃദ്ധമായ ഭക്ഷണം,കുടുംബ ബന്ധങ്ങളുടെ തീവ്രത മനസിലാക്കാൻ ബന്ധു ജനങ്ങളെ കാണൽ.അങ്ങനെ ഭക്തി സാന്ദ്രമായ ആഘോഷമാണ് പെരുനാൾ. അതിനപ്പുറമുള്ള ഒരാഘോഷവും പെരുനാളിന്റേതാണെന്ന് പറയാൻ കഴിയില്ല .കഴിഞ്ഞ മഹാ വ്യാധിയുടെ നാളുകളിൽ ഒരു വിധത്തിലുള്ള ഒത്തു ചേരലുകൾക്കും സാധ്യത പോലും ഇല്ലാതെ ആശംസകളിൽ ഒതുങ്ങി നിന്നിരുന്ന പെരുന്നാൾ വ്യത്യസ്ത അനുഭവങ്ങളാണ് സമ്മാനിച്ചത് .

ഇന്ന് അതി ജീവനത്തിന്റെ പുതിയ നാളിൽ പരസ്പര സാഹോദര്യത്തിന്റെയും മാനവ മൈത്രിയുടെയും പുത്തൻ പ്രതീക്ഷകളാണ് ചെറിയ പെരുനാൾ സമ്മാനിക്കുന്നത് . മാത്രമല്ല വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഉപാസകരെ ചെറുത്തു തോൽപ്പിക്കാനും കഴിഞ്ഞ കാലങ്ങളിൽ എല്ലാ ആഘോഷങ്ങളിലും ഏകോദര സഹോദരങ്ങളെ പോലെ നില കൊണ്ട നമ്മൾ ഇനിയും അങ്ങനെ തന്നെ തുടരാൻ പ്രാപ്തരാകണമെന്നും ഈ പെരുനാൾ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു ..

ഏവർക്കും ഈദുൽ ഫിത്വർ ആശംസകൾ ……..

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments