വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്ന ശീലം നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും രോഗങ്ങളില്‍ നിന്നും ജീവിതശൈലീ രോഗങ്ങളില്‍ നിന്നും സുരക്ഷ നേടുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനുമെല്ലാം ഉറക്കം അനിവാര്യമാണ്.
ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം മുതിര്‍ന്ന ഒരാള്‍ക്ക് ലഭിക്കേണ്ടതുണ്ട്. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വലിയ ഗുണങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ ശരീരത്തിനൊരു ‘ജൈവ ക്ലോക്ക്’ ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിനൊരു പ്രവര്‍ത്തനക്രമം ഉണ്ട്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്.
ശരീരത്തിന് പലപ്പോഴും എന്ത് – എപ്പോഴാണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ വരാം. ഇത് മിക്കവരിലും ജീവിതശൈലീരോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുപോലെ വയറ് സംബന്ധമായ പ്രശ്നങ്ങള്‍, ഉത്കണ്ഠ- വിഷാദം പോലുള്ള പ്രശ്നങ്ങളെല്ലാം സൃഷ്ടിക്കാം. ഭക്ഷണം- ഉറക്കം എന്നിവയ്ക്കെല്ലാം സമയക്രമം നല്‍കുന്നത് ഒരുപാട് രോഗങ്ങള്‍ ചെറുക്കുന്നതിന് സഹായിക്കും.