1 മാംസം
ശരീരത്തിന്റെ ശക്തിക്കു പ്രധാന കാരണം.ഇറച്ചി മലയാളപദം.
അസ്ഥികൂടമാണ് ശരീരത്തിനു രൂപം നൽകുന്നത്.മാംസം ശരീരത്തെ പൊതിഞ്ഞിരിക്കുകയാണ്.മാംസമെല്ലാം ഈർന്നു മാറ്റിയാലുള്ള രൂപം നാം ലാബിലും മറ്റും കണ്ടിട്ടുണ്ട്.
ശരീരത്തിന് മുട്ടയുടെ ആകൃതിയാണ്.
വൈക്കം ചന്ദ്രശേഖരൻ നായർ ‘മാനസ സരസ്സ്’ എന്ന നോവലിൽ മാംസഗണിത ചിന്ത നടത്തുന്നതു നോക്കൂ….
” പതിനൊന്നു വയസ്സു കഴിഞ്ഞ ഒരു മനുഷ്യനെ യും എനിക്ക് ഇഷ്ടമല്ല.പതിനൊന്നു വയസ്സിനു മുൻപ് എന്ത് ഭംഗിയാണ്! എന്തു സൗന്ദര്യമാണ്! …. പതിനൊന്നു കഴിഞ്ഞാൽ മനുഷ്യൻ സൗന്ദര്യം നഷ്ടപ്പെട്ട,ഭംഗി നഷ്ടപ്പെട്ട ജീവികളായി ത്തീരുന്നു.അവരുടെ മുഖത്ത് നോക്കാൻ പ്രയാസം.മാറിൽ നോക്കാൻ പ്രയാസം.ശരീരത്തിലെ ഏതവയവത്തിൽ നോക്കാനും പ്രയാസം.കാരണമുണ്ട്; അവിടെയെല്ലാം മാംസം അടിച്ചു കയറുന്നു! മാംസം , ആവശ്യമില്ലാത്ത മാംസം.മനുഷ്യൻ കല്പവൃക്ഷത്തിൻെറ ഈർക്കിലായിരുന്നെങ്കിൽ , ഇത്രകണ്ട് കുട്ടികളുണ്ടാവുകയില്ലായിരുന്നു!”
2 ശരീരം
ജീർണ്ണിച്ചു പോകുന്നതാണ് ശരീരം.ദേഹമാകട്ടെ ദഹിച്ചു പോകേണ്ടതും !
അത്യത്ഭുതകരമായ ഒരു ജൈവ യന്ത്രമാണ് ശരീരം.ജീവികളുടെ ശരീരത്തിന് എന്തെല്ലാം വ്യത്യസ്ത രൂപമാണുള്ളത് !
അത് ഉണ്ടാവുന്നു, ശ്വസിക്കുന്നു ,ആഹാരം കഴിക്കുന്നു,വളരുന്നു,വിസർജിക്കുന്നു,ഊർജം ഉല്പാദിപ്പിക്കുകയും സംഭരിച്ചു വയ്ക്കുകയും സന്താനങ്ങളെ ഉല്പാദിപ്പിക്കുകയും സത്തെല്ലാം നശിച്ച് നശിക്കുകയും ചെയ്യുന്നു !!
( സത്തു പോച്ച് (തമിഴ്). ചത്തു പോയി. )
ബീജസങ്കലനം നടന്ന് മണിക്കൂറുകൾക്കകം
ശരീരരൂപീകരണം നടക്കുന്നു.
ഒന്നാം രാത്രി കലലം
7രാത്രി കൊണ്ട് ബുദ്ബുദം
15 രാത്രി കൊണ്ട് പിണ്ഡം
1 മാസം കൊണ്ട് കഠിനം
എന്നിങ്ങനെ രൂപപ്പെട്ട്
പത്താം മാസം പുറത്തു വരുന്നു.
ഗർഭത്തിൽ ആയിരിക്കുമ്പോൾ പൂർവ്വജന്മസ്മൃതി ഉണ്ടായിരിക്കുമത്രെ…
ശരീരത്തിന്റെ പ്രത്യേകതകൾ എഴുത്തച്ഛന്റെ തൂലികയിൽ ഇങ്ങനെ..
” ത്വങ്മാംസ രക്താസ്ഥി
വീൺമൂത്രരേതസ്സാം
സമ്മേളനം പഞ്ചഭൂതക നിർമ്മിതം
മായാമയമായ്
പരിണാമിയായൊരു കായം
വികാരിയായുള്ളൊന്നിതധ്രൃവം”
(അദ്ധ്യാത്മരാമായണം കിളിപ്പാട്ട്).
ഉടഞ്ഞു പോകാനുള്ളതാണ് ഉടൽ…..
” ജന്തുവിന്നു തുടരുന്നു വാസനാ
ബന്ധമിങ്ങുടലു വീഴുവോളവും” കുമാരനാശാൻ
3 മീമാംസ
വേദാന്ത ചിന്ത. മാംസ വുമായി ബന്ധമില്ലാത്ത പദം.മീമാംസപരിഷത്ത്
ഇക്കാലത്തും നടത്തിവരുന്നു.