Monday, May 20, 2024
Homeയാത്രനാലപ്പാട്ടേ നാട്ടുവഴിയിലൂടെ... (യാത്രാ വിവരണം) ✍ സതി സുധാകരൻ പൊന്നുരുന്നി

നാലപ്പാട്ടേ നാട്ടുവഴിയിലൂടെ… (യാത്രാ വിവരണം) ✍ സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

21-4-2024 G.K. പിള്ളസാറും, കൃഷ്ണൻ സാറും, ഡോക്ടർ ഗോപിനാഥ്‌ പനങ്ങാടും, കേരള സാഹിത്യ വേദിയിലെമറ്റു കുടുംബാംഗങ്ങൾക്കൊപ്പം മാധവിക്കുട്ടിയുടെ നാടായ പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാട്ടി ലേക്കുള്ള യാത്രയിൽ, ആദ്യമായി പണ്ഡിറ്റ്കറുപ്പൻ സ്മാരകത്തിൽ ഡോക്ടർ ഗോപിനാഥ് പനങ്ങാട് ഔദ്യോഗികയാത്ര ഉത്ഘാടനം ചെയ്തു പിന്നീട് അവിടെ പുഷ്പാർച്ചന നടത്തിയാണ് യാത്ര പുറപ്പെട്ടത്.

കൃഷ്ണൻകുട്ടികളശ്ശേരി മാഷിന്റെ ഈശ്വര പ്രാർത്ഥനയോടെ യാത്ര തുടങ്ങി. 45പേരടങ്ങുന്ന സാഹിത്യ വേദിയിലെ കുടുംബാംഗങ്ങൾ ആണ് ബസ്സിൽ ഉണ്ടായിരുന്നത്. ചുട്ടുപൊള്ളുന്ന ചൂടാണെങ്കിലും Ac ഉള്ളതു കൊണ്ട് ചൂട് അറിഞതേയില്ല. പിന്നീട് ഞങ്ങൾ കൂനമ്മാവിലെ ചാവറ അച്ചന്റെ ഓർമ്മകൾ വാഴുന്ന മണ്ണിലേക്കാണ് പോയത്.

പള്ളിയിൽ കുർബാന നടക്കുനുണ്ടായിരുന്നു. തിരക്കു കാരണം കയറാൻ പറ്റിയില്ല. കുറച്ചുനേരം അതിലെ നടന്നിട്ട് ഉറവ വറ്റാത്ത കിണറിൽ നിന്ന്, സം സം വെള്ളം കുടിച്ചു രോഗശാന്തിക്ക് ശമനം വരുമെന്നാണ് വിശ്വാസം. അച്ചൻ നട്ടുവളർത്തിയ പ്രിയൂർ മാവ് ഒരു മുത്തച്ഛന്റെ സ്ഥാനം അലങ്കരിച്ച്‌ വരുന്നവർക്ക് തണലേകി നില്ക്കുന്നുണ്ടായിരുന്നുആളുകളുടെ ദാഹമകറ്റാനാണോ എന്നു തോന്നുമാറ് വലിയൊരു മൺഭരണി അവിടെ സൂക്ഷിച്ചിട്ടുണ്ട്. പണ്ടു കാലത്ത് അതിൽ വെള്ളം നിറച്ച് മറ്റുള്ളവരുടെ ദാഹമകറ്റിയതാവാം എന്നു വിചാരിക്കുന്നു. എന്റെ ഊഹം മാത്രമാണ്. എല്ലാവരും പ്രാർത്ഥനയും കേട്ട് അവിടെ നിന്നും അടുത്ത സ്ഥലമായ കേസരി ബാലകൃഷ്ണപിള്ളയുടെ ഭവനം സന്ദർശിക്കാൻ യാത്ര തിരിച്ചു.

കുറെ മുറികളുള്ള ഓടിട്ട ഒരു വീട് . കേസരി ബാലകൃഷ്ണപിള്ളയെപ്പറ്റി വളരെയധികം കേട്ടിട്ടുണ്ടെങ്കിലും ഈ യാത്രയിൽ അദ്ദേഹത്തിന്റെ വീടും നാടും കാണാനുള്ള ഭാഗ്യമുണ്ടായി.

ചരിത്രം ഉറങ്ങുന്ന ചേരമാൻ മൻസിലിലേക്കായിരുന്നു പിന്നീടുള്ള യാത്ര. മുസ്ലീംങ്ങളുടെ ആദ്യത്തെ പള്ളി.. അവിടെ ചെന്നപ്പോഴാണ് ചൂട് അറിഞ്ഞത്.ചെരുപ്പൂരി സിമിന്റു തറയിലൂടെ നടക്കുകയല്ല ഓടുകയായിരുന്നു എല്ലാവരും .

സ്ത്രീകൾക്കും പുരുഷന്മാർക്കും കയറാൻ വേറെ വേറെ വഴികളാണ്. പക്ഷെ അവിടുത്തെ കുളം കാണാൻ വേർതിരുവുകളൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും കാണാo, ഫോട്ടോ എടുക്കാം !വലിയ വിസ്താരമുള്ള കുളം. ചുറ്റും. കെട്ടിയിട്ടുണ്ട് കല്പടവുകളും കാണാം.കുളത്തിന്റെ ഭിത്തിയിൽ ചേരമാൻ മൻസിൽ എന്നെഴുതിയിട്ടുണ്ട്. കാഴ്ചകൾ കാണാനെന്നോണം മീൻകൂട്ടങ്ങൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു. നമ്മൾ എന്തൊക്കെയാണ് സംസാരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയാരിക്കാം അവർ വന്നുനില്ക്കുന്നതെന്നു തോന്നിപ്പോയി. തിരികെ വരുമ്പോൾ കൂടെയുളള കുറെ പേർ കൂടിനില്കുന്നതു കണ്ട് നോക്കിയതാണ് അപ്പോഴാണ് അവിടുത്തെ പ്രധാന പ്രാഭാഷകൻ മസ്ജിത്തിന്റെ ചരിത്രം വിശദീകരിക്കുന്നത് കേട്ടതത് .

ജാതിക്കും മതത്തിനും അവിടെ സ്ഥാനമില്ലെന്നു തോന്നി. ശബരി മലയിലെ ആചാരം പോലെ സ്ത്രീകൾക്കും പരുഷന്മാർക്കും വേർതിരിവുണ്ട്. പക്ഷേ ശബരിമലയിൽ പ്രായമായവർക്ക് പുരുഷന്മാർക്കൊപ്പം പോകാം എന്നൊരു വ്യത്യാസം.
അദ്ദേഹത്തോടു യാത്രയും ചൊല്പി പിന്നീടു കാണാം എന്നു പറഞ്ഞ് അവിടെ നിന്നും പോന്നു .ഇന്നും അവിടം പരിപാവനമായി കാത്തുസൂക്ഷിക്കുന്നു. സ്ത്രീകൾ പുറമെ ഇരുന്ന് പ്രാർത്ഥിക്കുകയും വഴിപാട് ഇടുകയും ചെയ്യുന്നുണ്ടായിരുന്നു.

പുന്നയൂർക്കുളമായതൊന്നും ഞങ്ങൾ അറിഞ്ഞതേയില്ല . ശ്രീകല മോഹൻദാസും, ഡോക്ടർ ശാലിനിയും ചെക്കറും കണ്ടക്ടറുമായി ഓടി നടക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെ പാട്ടും അന്താക്ഷരി കളിക്കലും കൊണ്ട് നല്ലൊരുമേളം തന്നെ തീർത്തു. ശ്രീകല M.S ഉം , ശ്രീകല മോഹൻ ദാസും, Dr രാധാമീരയും, ഡോക്ടർ ശാലിനിയുടേയും നേതൃത്തിലായിരുന്നു കലാപരിപാടികൾ. കപ്പലിനൊരു കപ്പിത്താൻ വേണമല്ലൊ !കൂടെ കുറെ സഹായികളും തമാശയുടെ പൊടിപൂരം തന്നെ…

അഡ്വ: വൽസല മരങ്ങോലിയും, ഡോക്ടർ ഇമെൽഡ ജോസഫും മത്സരക്കളരിയിൽ ഒട്ടും പിന്നിലല്ലായിരുന്നു. രണ്ടു സെറ്റായിട്ടായിരുന്നു മത്സരം. കൊതി മൂത്ത് കുട്ടികളെപ്പോലെ തല്ലുപിടിക്കുന്നതും കാണാം ! പണ്ട് കല്ലുകളിക്കുമ്പോൾ വിരുതന്മാർ ഓടി വന്ന് കല്ലുവാരിക്കൊണ്ടുപോകുന്നതും , തട്ടിപ്പറിച്ച് എടുത്തു കൊണ്ടോടുന്നതുo പോലെ തോന്നി. G.K. പിള്ള സാറും, കൃഷ്ണൻ സാറും എല്ലാംകുട്ടികളെ എല്പിച്ച് കാരണവർസ്ഥാനത്തിരുന്നു. ചിരിച്ച് കവിള് രണ്ടും വേദനിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ!

പുന്നയൂർക്കുളം ആയി എന്നറിഞ്ഞപ്പോഴാണ് പുറമേക്കു നോക്കുന്നത്. രണ്ടു മണിക്കു ഭക്ഷണം കഴിക്കുന്ന ഞാൻ സമയം പോയതറിഞ്ഞില്ല. മൂന്നര മണി കഴിഞ്ഞപ്പോഴാണ് ഊണു കഴിക്കാൻ ഇറങ്ങിയത്. അവിടുത്തെ കൃഷ്ണഹോട്ടലിലാണ് ഭക്ഷണം ഏല്പിച്ചിരുന്നത്. എല്ലാവർക്കും വിശപ്പിന്റെ വിളി തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഹോട്ടലിലേക്കു കയറിയപ്പോൾ തന്നെ ഹോട്ടൽ മൊത്തം ആവിക്കു പുഴുങ്ങാൻ വച്ചതു പോലെ …സഹിക്കാൻ വയ്യാത്ത ചൂട് . അവിടെ ഇങ്ങനെ ചൂടാണോ എന്തോ ? വിശന്നിട്ടാണെങ്കിൽ കണ്ണു കാണാനും നില്ക്കാനും വയ്യ. ചൂടിനെ വകഞ്ഞു മാറ്റി നിർത്തി, കൈ കഴുകി ഊണു കഴിക്കാനിരുന്നു. നല്ല ചെറുമണിച്ചോറ്. കണ്ടപ്പോൾ സന്തോഷമായി ഓർമ്മകൾ ഓടി എന്റെ നാട്ടിലേ ചെറുമണിഅരിയുടെ കാര്യമോർത്തു. തിന്നു തുടങ്ങിയപ്പോഴല്ലെ തൊണ്ടയിൽ നിന്നും ഇറങ്ങാനൊരു വിഷമം. അരി വെന്തതല്ല എന്നു പറഞ്ഞാൽ വിശപ്പു കേൾക്കുമോ? എന്തായാലും വെളളവും കുടിച്ച് ചോറ് അകത്താക്കി,വിശപ്പു മാറ്റി. എല്ലാവരും ഭക്ഷണം കഴിച്ച് ബസ്സിൽ കയറി.

അധികം ദൂരമില്ലായിരുന്നു നാലപ്പാട്ടേക്ക്. കുറച്ചു ദൂരം വരെ വണ്ടിയിൽ പോയിട്ട് പിന്നെ നാട്ടിടവഴിയിലൂടെ നാലപ്പാട്ടു തറവാട്ടിലേക്കു നടന്നു. തറവാടിന്റെ കവാടത്തിൽ തന്നെ നീർമാതളം മാടി വിളിക്കുന്നതു പോലെ തോന്നി . എവിടേ നിന്നോ മയിൽ കരയുന്നതു കേൾക്കാമായിരുന്നു. പുതിയ അതിഥികളെ കണ്ടിട്ടാണെന്നു തോന്നുന്നു.

മുൻവശം ചെറിയൊരു കാവ് അതിൽ മൂകസാക്ഷിയായി നീർമാതളം. ആർക്കുവേണ്ടി പൂക്കണം എന്നു തോന്നിക്കും പോലെ ഇലഞ്ഞി മരവും !കുറെ പേരുടെ മരണം കണ്ട് മരവിച്ചു പോയ കാവ് ആരും സംരക്ഷിക്കാനില്ലാതെ കിട്ടുന്ന വെളളവും കുടിച്ച് മിണ്ടാതെ നില്ക്കുന്നു.

എന്റെ സങ്കല്പത്തിലെ വീടു കണ്ടില്ല നാലുകെട്ടും നടുമുറ്റവും ഉള്ള വീട് ചുറ്റും ഫലവൃക്ഷാദികൾ. വള്ളിക്കുടിലുകൾ ഒന്നും കണ്ടതേയില്ല. ബാൽക്കണിയോടുകൂടി ഒരു മുന്നുനില കെട്ടിടം അതിൽ വലിയ ഹാളും പഴയ ടി.വി യുംേഫാണും അവാർഡു കിട്ടിയതും അങ്ങനെ കുറച്ചു സാധനളേ ഉണ്ടായിരുന്നുള്ളു.
ബാൽക്കണിയിലിരുന്നു നോക്കുമ്പോൾ തണൽ വിരിച്ച വൃക്ഷത്തിന്നിടയിലൂടെ മാധവിക്കുട്ടി പട്ടുപാവാടയും ഇട്ട്, ഓടി നടക്കുന്നതുപോലെ തോന്നി. മാതളപ്പുവിന്റെ ഗന്ധവും പരത്തി കുളിരുള്ള കാറ്റ് തഴുകി കടന്നുപോയി.

ഞാൻ സ്വപ്നം കണ്ട തറവാടല്ലായിരുന്നു അത് ആരോ കവർന്നെടുത്ത പോലെ കാവും കുളവും തൊടിയും ഓർമ്മകൾ മാത്രമായി. മുത്തശ്ശിക്കഥകൾ ഒരുപാടു കേട്ടുവളർന്ന നീർമാതളം, എന്തൊക്കെയോ കഥകൾ പറയാനുണ്ടെന്നു തോന്നുമ്പോലെ ചില്ലകൾ ഞങ്ങളെ കണ്ട് ഇളകിയാടുന്നുണ്ടായിരുന്നു.മാധവിക്കുട്ടിയുടെ ഓരോ കഥകൾ വായിക്കുമ്പോൾ എന്റെ തറവാട്ടിലെ പറമ്പും,കാവും പുല്ലാഞ്ഞിക്കുടിലുകളും ഓർമ്മ വരും.

മുക്കാൽ ഏക്കറോളം വരുന്ന ഞങ്ങളുടെ വീട്ടിലെ കാവിൽ , കുല കുത്തി നില്ക്കുന്ന പുല്ലാഞ്ഞി പൂക്കളും വള്ളിയിൽ പടർന്നു കിടക്കുന്ന വിഴാലരിപ്പൂക്കളും, വലിയ പനയും വൻമരങ്ങളും കാവിനു ചുറ്റും കൃഷ്ണകിരീടം എന്നു പറയുന്ന ആറുമാസപ്പൂക്കളും,കൊന്ന പൂത്തതുo, കൂവ പൂത്തതും തിങ്ങി നിറഞ്ഞു നിന്നിരുന്നു. പലനിറത്തിലും പല ഡിസൈനിലുള്ള ചേമ്പിലകൾ എത്രയോ വർഷം മുമ്പുതന്നെ പ്രകൃതി കനിഞ്ഞു നല്കിയതാണ് ഇതെല്ലാം.എയർ കണ്ടീഷൻ ചെയ്ത പോലെ നല്ല കുളിരുള്ള കാറ്റ് വീശിക്കൊണ്ടിരിക്കും പാട്ടുകൾ പാടുന്ന എത്ര തരം കിളികൾ,

” ഞാൻ ആടിയിരുന്ന വിഴാലരിപ്പുക്കൾ വിരിഞ്ഞ വള്ളി ഊഞ്ഞാലുകൾ, ” കാവിനു മുൻവശം പച്ചപ്പട്ടുമെത്ത പോലുള്ള പുൽത്തകിടികൾ. കാവിനുള്ളിൽ പൂത്തു നില്ക്കുന്ന നീലക്കടമ്പ്. അന്ന് അറിയില്ലായിരുന്നു നീലക്കടമ്പാണെന്ന്.!

കാവിനുള്ളിൽ ആർക്കും പ്രവേശനമില്ല. ഞങ്ങൾ പരിസരമെല്ലാം അടിച്ചു വൃത്തിയാക്കി രണ്ടുനേരവും തിരിവച്ചു പ്രാർത്ഥിക്കും പിന്നെ നമ്പൂതിരി വന്ന് വച്ചു നിവേദ്യം കഴിക്കും. പുള്ളുവനും പുള്ളുവത്തിയും വന്ന് വീണമീട്ടി പാട്ടുപാടി സർപ്പത്തിന് നൂറുംപാലും കൊടുക്കും. ഇതു മാസത്തിലുള്ള ചടങ്ങാണ് പുള്ളുവത്തിയാണ് കുടത്തിൽ കൊട്ടി പാടുന്നത്. പാട്ടുകേൾക്കാൻ ഞങ്ങൾ കുട്ടികളെല്ലാം അവരുടെ അരികത്തു പോയിരിക്കും.കുളം ഉണ്ടായിരുന്നില്ല. അതിനു പകരം നീലനിറത്തോടു കൂടിയ വെള്ളമുള്ള കിണറായിരുന്നു പരിശുദ്ധമായ വെള്ളം. ഈ ഓർമ്മകളും പേറിയാണ് നാലപ്പാട്ടേക്കു പോയത്. എല്ലാം മൺമറഞ്ഞു പോയിരിക്കുന്നു. കാലങ്ങൾ എല്ലാം മാറ്റിയെടുക്കുമല്ലൊ!

എത്ര സമ്പന്നതയിൽ കഴിഞ്ഞ തറവാടായിരിക്കണം. ഇപ്പോൾ തൊടിയാണെങ്കിൽ സ്വപ്നത്തിൽ മാത്രം മുറ്റത്തിനരികെ കുറച്ചു മരങ്ങൾ പന്തൽ വിരിച്ചു നില്ക്കുന്നുണ്ട് അനാഥബാല്യം പോലെ നീന്തിത്തുടിച്ചു നടന്ന കുളം,വെള്ളം വറ്റി മഴമേഘങ്ങളെ കാത്തിരിക്കുന്നപോലെ എല്ലാം ഓർമ്മകൾ മാത്രമായി എന്നിരുന്നാലും . മാധവിക്കുട്ടിയുടെ പുസ്തകത്താളിൽ നിന്നും വായിച്ചെടുത്തത്, ഉള്ളിൽ ആ ചിത്രം മായാതെ കിടപ്പുണ്ട്. കാവും, തൊടിയും കുളവും,അമ്മമ്മയും മറക്കാൻ പറ്റാത്ത ഓർമ്മകളാണ് അമ്മുമ്മയുടെ പുതപ്പിന്റെ ചൂടിൽ കിടന്നുറങ്ങിയ മാധവിക്കുട്ടി, ഒരു പ്രണയ പുഷ്പമായ് മങ്ങാതെ മായാതെ കിടപ്പുണ്ട്. എന്തും തുറന്നെഴുതാനുള്ള ധൈര്യം കാട്ടിത്തന്ന മാധവിക്കുട്ടി.

കുറച്ചുനേരം ബാല്ക്കണിയിൽ ഇരുന്നിട്ട് ഓഡിറ്റോറിയത്തിലേക്കുപോയി. മൂന്നാമത്തെ നിലയിലായിരുന്നു.

നാലു പേരുടെ പുസ്ത പ്രകാശനം നടത്തി. ഡോക്ടർ ഗോപിനാഥ് പനങ്ങാടിന്റെ “ഗോപിനാദം ” നർമ്മകഥകൾ എന്ന പുസ്തകം എല്ലാവർക്കും കൊടുത്താണ് പുസ്തക പ്രക്രാശനം നടത്തിയത്. പിന്നീട് ഓരോരുത്തരുടെ രചനകൾ അവതരിപ്പിക്കുകയും, Gk. പിള്ള സാറിനെ ആദരിക്കുകയും ചെയ്തു.

എന്റെ കാഥാസമാഹാരമായ “വൈകിവന്ന വസന്തം ” എന്ന ബുക്ക് ഡോക്ടർ ഗോപിനാഥ് പനങ്ങാട് ഏറ്റുവാങ്ങിയപ്പോൾ ഞാൻ ധന്യയായി. പൊതു യോഗമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഏഴരക്കു അവിടെ നിന്നും യാത്ര തിരിച്ചു ബസ്സിൽ കയറി. പുതിയ ആളുകളെ പരിചയപെടുത്തി. ഓരോരുത്തർ കൊണ്ടുവന്ന പലഹാരങ്ങളും പഴങ്ങളും ആവോളം തിന്ന് വിശപ്പിനെ മാറ്റി നിർത്തി. ഇനിയും ഇതു പോലുള്ള സന്തോഷപ്രദമായ സാംസ്ക്കാരിക ടൂറിൽ പങ്കെടുക്കാൻ പറ്റണേ എന്നു പ്രാർത്ഥിച്ചുകൊണ്ട്

സതി സുധാകരൻ പൊന്നുരുന്നി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments