കട്ടപ്പനയിലെ താമസക്കാരനാണ് കട്ടിമീശക്കാരനായ കുട്ടപ്പൻ. നാൽപതു വയസ്സുള്ള അവിവാഹിതനായ കുട്ടപ്പന്റെ കുടുംബം അപ്പന്റെ കാലത്ത് വർഷങ്ങൾക്കു മുൻപ് തൊടുപുഴയ്കടുത്തു ഉടുമ്പന്നൂരിൽ നിന്നും കട്ടപ്പനയിലേയ്ക്കു കുടിയേറിയതാണ്. നല്ലയൊരു കർഷകനായ കുട്ടപ്പന് പത്തേക്കറോളം പുരയിടം ഉണ്ട്. കട്ടപ്പനയിലെ സാമാന്യം സമ്പന്നന്മാരിൽ ഒരാളായ കുട്ടപ്പൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തും പൊതുപ്രവർത്തന രംഗത്തും വളരെ സജീവമാണ്.
ഇതൊക്കെയാണെങ്കിലും നാൽപതു വയസ്സായിട്ടും ഇഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ കഴുത്തിൽ മിന്നു ചാർത്താൻ കഴിയാത്തത്തിൽ സുമുഖനായ കുട്ടപ്പൻ അതീവ ദുഖിതനാണ്. വിദേശത്തുള്ള നഴ്സുമാർ ഉൾപ്പെടെ പല നല്ല കല്യാണലോചനകൾ വന്നുവെങ്കിലും വിവാഹത്തിനോടടുത്തെത്തുമ്പോൾ കുട്ടപ്പന്റെ വലിയ കട്ടിമീശ എല്ലാത്തിനും തടസമാവുകയാണ്. അങ്ങനെ ഇരിക്കുമ്പോൾ എറണാകുളം നഗരത്തിൽ നിന്നും ഒരു വിവാഹലോചന കുട്ടപ്പനു വന്നു. എറണാകുളത്തു സമ്പന്നന്മാർ മാത്രം താമസിക്കുന്ന ഗിരിനഗറിൽ നിന്നുമാണ് ആലോചന വന്നത്. റിട്ടയേർഡ് ഉദ്യോഗസ്‌ഥ ദമ്പതികളുടെ ഏക മകൾ ഇരുപത്തിയഞ്ചു വയസ്സുള്ള ഡയാനയാണ് പെൺകുട്ടി. പരിഷ്കാരിയായ ഡയാന എറണാകുളം സെന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്സണും കഴിഞ്ഞ വർഷം ലയൺസ് ക്ലബ് സംഘടിപ്പിച്ച സൗന്ദര്യ റാണി മത്സരത്തിൽ മിസ്സ് കൊച്ചിൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ആളുമാണ്. ഇപ്പോൾ നഗരത്തിൽ ഒരു ഹൈടെക് ബ്യൂട്ടി പാർലറിന്റെ ഉടമയാണ്.
അങ്ങനെ ഒരു ഞായറാഴ്ച കുട്ടപ്പനും സഹോദരിയും സഹോദരിയുടെ ഭർത്താവും കൂടി ഡയാനയെ പെണ്ണുകാണാൻ കട്ടപ്പനയിൽ നിന്നും ഒരു ഇന്നോവ കാറിൽ എറണാകുളത്തേയ്ക്കു പുറപ്പെട്ടു. പെണ്ണുകാണൽ ചടങ്ങിനിടയിൽ നടന്ന സ്വകാര്യ സംഭാഷണത്തിൽ ഡയാന കുട്ടപ്പനോട് പറഞ്ഞു. എനിക്ക് കുട്ടപ്പനെ ഇഷ്ടമായി വിവാഹം കഴിക്കുവാൻ ഞാൻ തയ്യാറാണ്. കുട്ടപ്പന്റെ കട്ടിമീശയാണ് എന്നെ ഏറെ ആകർഷിച്ചത്. പക്ഷേ എനിക്കൊരു ഡിമാന്റുണ്ട്. വിവാഹശേഷം എന്റെ ഈ വീട്ടിൽ കുട്ടപ്പൻ സ്ഥിരമായി താമസിക്കണം. ഇതു കേട്ട കുട്ടപ്പൻ മാദക സുന്ദരിയായ ഡയാനയ്ക്കു തന്നെ ഇഷ്ടമാണെന്നറിഞ്ഞപ്പോൾ ആഹ്ലാദം കൊണ്ട് മതിമറന്നു. അപ്പോൾ തന്നെ കുട്ടപ്പൻ ഡയാനയ്ക്കു വാക്ക് കൊടുത്തു വിവാഹശേഷം ഞാൻ ഇവിടെ താമസിച്ചുകൊള്ളാം. അങ്ങനെ ഒരു മാസം കഴിഞ്ഞുള്ള ഒരു ശനിയാഴ്ച എറണാകുളത്തുവച്ചു വളരെ ആഘോഷമായി കുട്ടപ്പന്റെയും ഡയാനയുടെയും വിവാഹം നടന്നു.
എറണാകുളത്തു ഒരുപാട് സുഹൃദ് ബന്ധങ്ങളും ബന്ധു ബലവും ഉള്ള ഡയാന വീക്കെണ്ടുകളിൽ താജ് മലബാർ ഉൾപ്പെടെയുള്ള ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ കട്ടപ്പനയിൽ കൂടി വെള്ളമുണ്ടും ഖദർ ഷർട്ടും ഇട്ടു നടന്നിരുന്ന കുട്ടപ്പനെ പാന്റും സൂട്ടും അണിയിച്ചാണു പാർട്ടികളിൽ പങ്കെടുക്കുവാൻ കൊണ്ടുപോയ്കൊണ്ടിരുന്നത്. തന്റെ സുഹൃത്തുക്കളായ സാമൂഹിക രാഷ്ട്രീയ സിനിമ മേഖലയിലുള്ള പല പ്രമുഖരെയും പാർട്ടികൾക്കിടയിൽ ഡയാന കുട്ടപ്പനു പരിചയപ്പെടുത്തികൊടുത്തു. എറണാകുളത്തു സമ്പന്നന്മാർ മാത്രം വരുന്ന മുന്തിയ ക്ലബ്ബുകളിൽ മെമ്പർ ആയ ഡയാന വിവാഹശേഷം കുട്ടപ്പനെയും കൂട്ടിയാണ് ടെന്നീസ് കളിക്കുവാനും ജിമ്മിലും പോയ്കൊണ്ടിരുന്നത്.
കട്ടപ്പനയിലെ കുളത്തിലും പുഴയിലും മാത്രം നീന്തിയിട്ടുള്ള കുട്ടപ്പൻ ക്ലബ്ബുകളിലെ സ്വിമ്മിംഗ്പൂളിൽ ഡയാനയ്ക്കൊപ്പം നീന്തിക്കുളിച്ചു. അങ്ങനെ മൂന്നു മാസങ്ങൾ കടന്നുപോയി അപ്പോഴാണ് കുട്ടപ്പനു കട്ടപ്പനയിലെ പഴയ ഓർമ്മകൾ വന്നുതുടങ്ങിയത്. കൂട്ടത്തിൽ താമസിക്കുന്ന വീട്ടിലെ അൽപ്പം സ്വതന്ത്ര്യക്കുറവും കുട്ടപ്പനെ വേട്ടയാടുവാൻ തുടങ്ങി.
ഒരു ദിവസം കുട്ടപ്പൻ ഡയാനയോടു പറഞ്ഞു നമുക്കു കട്ടപ്പനയിൽ പോയി താമസിക്കാം. ഇതുകേട്ട ഡയാന പൊട്ടിത്തെറിച്ചു വിവാഹത്തിന് മുൻപ് കുട്ടപ്പൻ എനിക്ക് വാക്ക് തന്നതാണ് വിവാഹശേഷം ഇവിടെ താമസിക്കാമെന്ന് അപ്പോൾ കുട്ടപ്പൻ പറഞ്ഞു കട്ടപ്പനയിൽ അല്ലാതെ മറ്റൊരിടത്തും എനിക്ക് ജീവിക്കാൻ കഴിയില്ല അതുകൊണ്ട് ഞാൻ നാളെ കട്ടപ്പനയിലേയ്ക്കു പോവുകയാണ് ഡയാനയ്ക്കുള്ള എന്റെ വീടിന്റ വാതിലുകൾ ഞാൻ എന്നും തുറന്നിട്ടിരിയ്ക്കും.
പിറ്റേദിവസം കുട്ടപ്പൻ കട്ടപ്പനയിലേയ്ക്കു യാത്രയായി. കട്ടപ്പനയിൽ എത്തിയ കുട്ടപ്പൻ വീണ്ടും പഴയതുപോലെ എല്ലാ കാര്യങ്ങളിലും സജീവമായി. കുട്ടപ്പൻ പോയശേഷം ആകെ വിഷമത്തിലായ ഡയാന പൊതു ചടങ്ങുകളിലും പാർട്ടികളിലും ഒന്നും പങ്കെടുക്കാതായി. അങ്ങനെ രണ്ടു മാസം കഴിഞ്ഞുപോയി. ഒരു ദിവസം ഡയാന മാതാപിതാക്കളോട് പറഞ്ഞു ഞാൻ കട്ടപ്പനയിലേയ്ക്കു പോവുകയാണ് കുട്ടപ്പൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.
പിറ്റേ ഞായറാഴ്ച മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും കുറച്ചു സുഹൃത്തുക്കളോടുമൊപ്പം ഡയാന കട്ടപ്പനയിലേയ്ക്കു പോയി. കട്ടപ്പനും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രാജകീയ സ്വീകരണം ആണ് ഡയാനയ്ക്കും കൂട്ടർക്കും നൽകിയത്.
ഡയാനയുടെ ആൾക്കാർ യാത്ര പറഞ്ഞു തിരികെ പൊയ്ക്കഴിഞ്ഞപ്പോൾ ഡയാന രഹസ്യമായി കുട്ടപ്പനോട് പറഞ്ഞു ഈ കട്ടിമീശ കൊമ്പൻ മീശ ആക്കിയില്ലെങ്കിൽ ഞാൻ നാളെത്തന്നെ തിരിച്ചു എറണാകുളത്തേയ്ക്കു പോകും. അന്നുമുതൽ കൊമ്പൻ മീശ പിരിച്ചാണ് കുട്ടപ്പൻ കട്ടപ്പനയിലൂടെ നടന്നത്. ഇപ്പോൾ കട്ടപ്പനയിൽ ആധുനിക രീതിയിൽ ഉള്ള ഒരു ബ്യൂട്ടിപാർലറിന്റെയും ഫോർസ്റ്റാർ ഹോട്ടലിന്റെയും ഉടമകൾ ആണ് കുട്ടപ്പനും ഡയാനയും.
ശുഭം
കടപ്പാട്
ഒരു കട്ടപ്പന നിവാസി