🔹മദ്യനയക്കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യസ്ഥിതിയിൽ കടുത്ത ആശങ്കയുണ്ടെന്ന് എഎപി. കെജ്‌രിവാളിന്‍റെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. അതേസമയം, കെജ്‌രിവാൾ ആരോഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാര്‍ ജയില്‍ അതികൃതര്‍ വ്യക്തമാക്കി.
🔹ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജവാർത്ത നൽകിയ വെനീസ് ടിവി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിൻ്റെ പോലീസ് ഉടമയ്ക്കെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് യു ട്യൂബ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്ന ക്യാമ്പയിനാണ് ചാനലുടമ നടത്തിയത്. സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.
🔹സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂര്‍ വലിയവിളയില്‍ സുനി വര്‍ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയില്‍നിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതാണ് കേസ്. സമാനമായ ആറ് കേസുകളില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
🔹ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവാണ് മോദിയെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. മോദി സാധാരണക്കാരനായ മനുഷ്യനല്ലെന്നും മോദിയുടെ കീര്‍ത്തി ലോകം മുഴുവന്‍ പ്രചരിക്കുന്നു എന്നും കങ്കണ പറഞ്ഞു.
🔹മുഖ്യമന്ത്രി പിണറായി വിജയന്‍ വാ തുറക്കുന്നത് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാനാണെന്നും നരേന്ദ്ര മോദിയെ പേരെടുത്തു വിമര്‍ശിക്കുന്നതു നിങ്ങള്‍ എവിടെയെങ്കിലും കേട്ടോയെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പൗരത്വ നിയമത്തില്‍ യുഡിഎഫ് എംപിമാര്‍ പ്രതികരിച്ചില്ലെന്നതിനു പുറമെ രാഹുല്‍ ഗാന്ധി മണിപ്പുര്‍ സന്ദര്‍ശിച്ചില്ലെന്ന തരത്തിലുള്ള നട്ടാല്‍ കുരുക്കാത്ത നുണകളാണു മുഖ്യമന്ത്രി പറയുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
🔹ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. 2004 ല്‍ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേര്‍ന്ന് കരിമണല്‍ വ്യവസായികളില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് കേസ്.
🔹തൃശ്ശൂര്‍ വെള്ളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് സംഭവം നടന്നത്. പ്രതി ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയില്‍വേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കുന്നംകുളത്തെ ഹോട്ടല്‍ തൊഴിലാളിയായ രജനീകാന്ത മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ടിടിഇ കെ. വിനോദ് സിനിമരംഗത്തും സജീവമാണ്. പുലിമുരുകന്‍, ഗ്യാങ്സ്റ്റര്‍, വിക്രമാദിത്യന്‍, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളിലെ ചെറിയ വേഷങ്ങളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.
🔹കോട്ടയം കളത്തിപ്പടി അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ വി ബ്രിജേഷിനെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
🔹ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. രാത്രികാല ഉറക്കത്തേക്കാള്‍ അപകടകരമാണ് പകല്‍ സമയത്തെ മയക്കമെന്നും എംവിഡി വ്യക്തമാക്കി.
🔹അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരുടെ നവമാധ്യമ ഇടപെടലുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ്. മരണാനന്തര ജീവിതത്തില്‍ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും, ഇവരുടെ മരണകാരണം ബ്ലാക്ക് മാജിക്ക് ആണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആത്മഹത്യയെന്ന് തന്നെയാണ് പ്രാഥമിക നിഗമനമെന്നും കമ്മീഷണര്‍ പറഞ്ഞു.
🔹വിസ്താരയുടെ ദില്ലി – കൊച്ചി വിമാന സര്‍വീസ് ഉള്‍പ്പടെ കഴിഞ്ഞ ഒരാഴ്ച കമ്പനി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം ഡിജിസിഎ വിശദീകരണം തേടി. പൈലറ്റുമാരുടെ അഭാവമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്.
🔹എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് വടാട്ടുപാറ പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസില്‍ എന്ന യുവാവ് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
🔹തൃശൂര്‍ തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
🔹എസ്എസ്എല്‍സി, ടി ച്ച് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളും, ഹയര്‍ സെക്കന്‍ഡറിയില്‍ 77 ഉം, ടി ച്ച് എസ് എല്‍ സിയ്ക്കായി രണ്ടും, വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 8 ക്യാമ്പുകളിലും ആയാണ് മൂല്യനിര്‍ണയം നടക്കുക.
🔹സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 11 ആയി. ആക്രമണത്തില്‍ ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള വ്യക്തമാക്കി.
🔹കൊടൈക്കനാല്‍ ഡോള്‍ഫിന്‍ നോസില്‍ ഭാഗത്ത് കുത്തനെയുള്ള പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. തൂത്തുക്കുടി സ്വദേശി ധന്‍രാജാണ് (22) വീണത്. അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. ശരീരമാസകലം പരിക്കേറ്റ ധന്‍രാജിനെ കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്കും മാറ്റി.
🔹മറയൂരിൽ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ളാദേശ് സ്വദേശിയെ പശ്ചിമബംഗാളിൽനിന്ന് മറയൂർ പോലീസ് അറസ്റ്റുചെയ്തു. ബംഗ്ളാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി. പെൺകുട്ടിയെ ഇയാൾക്കൊപ്പം കണ്ടെത്തി.
🔹ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 28 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റിംഗിനെത്തിയ ലഖ്‌നൗ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെയും 40 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും മികവില്‍ 182 റണ്‍സ് നേടി. എന്നാല്‍ സ്വന്തം ഗ്രൗണ്ടില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.
🔹ടൊവിനോ തോമസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഐഡന്റിറ്റിയുടെ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നിരവധി അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തില്‍ ഉണ്ടാകുക. അവയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയേക്കിയെന്നാണ് ചിത്രത്തിലെ നായകന്‍ വെളിപ്പടുത്തിയിരിക്കുകയാണ്. യാനിക്ക് ബെന്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി. അനസ് ഖാനും അഖില്‍ പോളുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു. ഐഡന്റിറ്റിയില്‍ തൃഷ നായികയായി എത്തുന്നു. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് ഒരുക്കിയ സംവിധായകരാണ് അനസ് ഖാനും അഖില്‍ പോളും. ഫോറന്‍സിക് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വന്‍ വിജയം നേടാനായിരുന്നു. മംമ്ത മോഹന്‍ദാസ് നായികയായി എത്തിയ ചിത്രത്തില്‍ രണ്‍ജി പണിക്കറും പ്രധാന കഥാപാത്രമായപ്പോള്‍ പ്രതാപ് പോത്തനും വേഷമിട്ടു. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവില്‍ ടൊവിനോ നായകനായി പ്രദര്‍ശനത്തിന് എത്തിയത്.