Sunday, December 22, 2024
Homeയാത്ര'രാജാ സീറ്റ് കൂർഗ്' (റിറ്റ ഡൽഹി എഴുതുന്ന "മൈസൂർ - കൂർഗ് - കേരള...

‘രാജാ സീറ്റ് കൂർഗ്’ (റിറ്റ ഡൽഹി എഴുതുന്ന “മൈസൂർ – കൂർഗ് – കേരള യാത്രാ വിശേഷങ്ങൾ” (PART-8)

റിറ്റ ഡൽഹി

രാജാ സീറ്റ്, കൂർഗ്

‘ ആറ് മലയാളിക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല് ! ‘   ‘സൗത്ത് ഇന്ത്യ ‘യിൽ ഏറ്റവും പ്രയാസമുള്ള ഭാഷയാണ്  മലയാളം എന്ന് പറഞ്ഞു അഹങ്കരിക്കുമ്പോഴും    കേരളത്തിൽ നിന്നും വന്ന കണ്ണൂർകാരോട് ‘ ങേ….ങേ….’ എന്ന് പല പ്രാവശ്യം  ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കിയെടുത്തു അവരുടെ തിരിച്ചുള്ള ചോദ്യങ്ങൾക്ക്  – ‘ വ്യോ– . തന്നെ … തന്നെ …കാണാം…’ എന്ന മട്ടിൽ  അവരോട് യാത്ര പറഞ്ഞു പിരിയുമ്പോഴേക്കും   ഞാനാകെ ക്ഷീണിച്ചിരിക്കുന്നു!

കൂർഗിലെ രാജാ സീറ്റ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിൽ  കണ്ടുമുട്ടിയ മലയാളികളിൽ നിന്നുള്ള അനുഭവമാണ്.കേരളത്തിൻ്റെ അങ്ങോളമിങ്ങോളമുള്ള മലയാളാഭാഷാ പ്രയോഗങ്ങൾ രസകരമാണല്ലോ?

 രാജാ സീറ്റ്, കൂർഗിനായിട്ടുള്ള  പ്രകൃതി അനുഗ്രഹിച്ചിരിക്കുന്ന ഒരു സ്ഥലം എന്നാണ്  അവിടെ എത്തിയപ്പോൾ തോന്നിയത്. കുന്നുകളുടെയും പച്ച താഴ് വരകളുടെയും അതി മനോഹരമായ കാഴ്ചയാണ് ഈ സ്ഥലം നമുക്ക് കാണിച്ചു തരുന്നത്. താഴ് വരയിൽ കിടക്കുന്ന വളഞ്ഞ റിബൺ പോലെയുള്ള മംഗലാപുരത്തേക്കുള്ള വഴി കാണാൻ കൗതുകകരമാണ്. ഏകദേശം 200 വർഷത്തോളം കർണാടക ഭരണാധികാരികളായിരുന്ന കുടകിലെ  രാജാക്കന്മാരും രാജ്ഞിമാരും സൂര്യാസ്തമയം കാണാൻ ഇവിടെ  വരാറുണ്ടായിരുന്നുവത്രേ. ഇന്നും മലനിരകളിലേക്ക് സൂര്യൻ അസ്തമിക്കുന്ന  കാഴ്ച വിസ്മയിപ്പിക്കുന്നതാണ്.

ഗാന്ധി മണ്ഡപം എന്നറിയപ്പെടുന്ന പൂന്തോട്ടത്തിന് നടുവിലാണ് രാജയുടെ ഇരിപ്പിടം . പടിഞ്ഞാറുള്ള താഴ് വര കാണുന്ന രീതിയിൽ പൂന്തോട്ടത്തിൽ ഒരു വലിയ അർദ്ധവൃത്താകൃതിയിലുള്ള പവലിയനാണ്. സൂര്യോദയത്തിനും സൂര്യാസ്തമത്തിനും കാണാൻ അനുയോജ്യമായ സ്ഥലം.

1934 ൽ ഗാന്ധിജി കൂർഗ് സന്ദർശിച്ച് പ്രദേശവാസികളെ അഭിസംബോധന ചെയ്ത സ്ഥലത്താണ് അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഈ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഇഷ്ടികയും ചാന്തും കൊണ്ട് നിർമ്മിച്ച ഒരു ഘടനയാണിത്. കമാനങ്ങളാൽ പാലമുള്ള നാലു തൂണുകൾ ഉൾക്കൊള്ളുന്നു. എല്ലാവർഷവും 30-ജനുവരി രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഭഗവദ്ഗീത, ഖുറാൻ, ബൈബിൾ എന്നിവയിൽ നിന്നുള്ള വാക്യങ്ങൾ പാരായണം ചെയ്തു കൊണ്ട് ഘോഷയാത്ര നടത്താറുണ്ട്. ഡൽഹി കഴിഞ്ഞാൽ ചിതാഭസ്മം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം ഇവിടെയാണെന്നാണ് പറയുന്നത്. ആ ദിവസം ഇവിടെ  ഭജനകൾ ആലപിക്കുന്നു. പുഷ്പാഞ്ജലി അർപ്പിക്കുകയും ആദരാഞ്ജലികൾക്കായി കുറച്ചു മിനിറ്റ് നിശബ്ദതയും പാലിക്കാറുണ്ടത്ര . രാജ്യത്ത് ചരിത്രപരമായ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്ന സ്ഥലമാണിത്.

എങ്ങോട്ട് നോക്കിയാലും സൗന്ദര്യത്തിൻ്റെ മാന്ത്രിക വിരൽ സ്പർശമുള്ളതു പോലെയാണ് ആ പ്രദേശം. കാലാനുസൃതമായ പൂക്കളും പച്ചപ്പ് നിറഞ്ഞ പാർക്കും പൂന്തോട്ടത്തിൻ്റെ ചില സ്ഥലങ്ങളിൽ നിന്നുള്ള താഴ് വര കാഴ്ചകളും സുന്ദരം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ സ്ഥലം . സെൽഫിക്കും ഫോട്ടോകൾക്കും പ്രാധാന്യം വന്നതു കൊണ്ടാണോ എന്നറിയില്ല – ഇപ്പോൾ എല്ലാ നഗരങ്ങളിലും കാണുന്നതായ  I ❤️ Coorg, ആന, ജിറാഫ്….. പല തരം മൃഗങ്ങളുടെ പൂർണ്ണ വലിപ്പത്തിലുള്ള രൂപങ്ങളും ധാരാളം.സെൽഫിക്കും ഫോട്ടോകൾക്കുമായിട്ടുള്ള ഓരോരുത്തരിലെയും  ക്രിയാത്മകമായ ആശയങ്ങൾക്കും  പോസുകൾക്കും ക്ഷാമം ഇല്ല. ഫോട്ടോ എടുത്ത് കൊടുക്കുന്ന കാര്യത്തിലും അവിടെ എത്തിയിരിക്കുന്ന എല്ലാ സഞ്ചാരികളിലും സഹകരണ മനോഭാവമാണ്.

പ്രാദേശിക ജനതയുടേയും സ്കൂൾ കട്ടികളുടെയും പ്രധാന പിക്‌നിക് സ്ഥലമാണിത്. പാർക്കിൻ്റെ പുറത്ത് അവരെ തേടിയുള്ള ഐസ് ക്രീം കാരും  മറ്റു വഴിവാണിഭക്കാരും ധാരാളം . പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ ഒരുക്കിയ സ്ഥലം എന്നതിൽ യാതൊരു സംശയവുമില്ല.

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments