” നാൻസി, നാൻസി …. ” ഞാൻ കിടക്കയിൽ ഇരുന്ന് അവളെ തട്ടി വിളിച്ചു. എന്റെ നെഞ്ചിടിക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാം.
അവൾ പുതപ്പിനടിയിലേക്ക് ഒന്നുംകൂടെ ചുരുണ്ടു കൂടി എന്തോ പറഞ്ഞു. എനിക്കത് വ്യക്തമായില്ല.
” നാൻസി …. നാൻസി …. നേരം വെളുക്കാറായി. എഴുന്നേക്ക് നാൻസി.”
അവൾ ഞെട്ടി കണ്ണുതുറന്നു . എന്റെ മുഖത്തേക്ക് നോക്കി ചുണ്ട് അല്പം വിടർത്തി ഒന്ന് പുഞ്ചിരിച്ചു. എത്ര വശ്യമനോഹരമായ പുഞ്ചിരി. അവളിലേക്ക് തന്നെ തിരിച്ചു പോകാൻ എന്റെ മനസ്സ് വെമ്പി.
ഗൗതം മുതലാളി ഇതറിഞ്ഞാൽ? ….. എന്നെ കൊല്ലും അതുറപ്പാണ്. ഇവളെയും കൊല്ലുമോ ? ശരീരമാസകലം വിറയ്ക്കുന്നു. വേണ്ടായിരുന്നു. എന്റെ കുഴപ്പമാണ്. ഞാനാണ്…
നാൻസി ചില ഡോക്കുമെന്റ്സുമായി വന്നതാണ്. വിസ്കി നുണഞ്ഞ് സംസാരിച്ചു സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല. നാൻസി അല്പം കൂടുതൽ കുടിച്ചു. അവളുടെ മൂഡ് മാറിയത് മുതലാക്കാനാണ് ഞാൻ ശ്രമിച്ചത്. ഞാൻ സ്വയം നിയന്ത്രിക്കേണ്ടിയിരുന്നു. എങ്ങനെ നിയന്ത്രിക്കാനാണ്. ഇവളെ കാണുന്ന മാത്രയിൽ തന്നെ നിയന്ത്രണം വിട്ടു പോകും. അപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിൽ ആണെങ്കിലോ ?
ആദ്യമായിട്ടാണ് അവൾ അംഗരക്ഷകർ ഇല്ലാതെ ഒറ്റയ്ക്ക് വന്നത്. ഒരുപാട് നേരം സംസാരിച്ചിരിക്കുകയും ചെയ്തു.
ഞാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. ഞാൻ നിയന്ത്രിക്കേണ്ടിയിരുന്നു.
” സമയം എത്രയായി തോമസ് ?” ഞാനെൻ്റെ ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു.
” സോറി നാൻസി, ഞാൻ …..”
” ഹേയ്, ലീവ് ഇറ്റ് മാൻ. സമയമെന്തായി ?”
” ആറു മണിയാകുന്നു. ഇനി എന്തു ചെയ്യും. നാൻസി ഇവിടുന്നു പോകുന്നത് ആരെങ്കിലും കണ്ടാൽ ? അദ്ദേഹം ഇത് അറിഞ്ഞാൽ?”
” ഹഹഹ, തോമസ്, ഞാൻ ഒരു പ്രായപൂർത്തിയായ പെണ്ണല്ലേ ? എനിക്കും ആവശ്യങ്ങളില്ലേ? അതൊക്കെ അദ്ദേഹത്തിന് അറിയാം.”
അവൾ ബെഡ് ഷീറ്റും പുതച്ച് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബാത്റൂമിന്റെ നേർക്ക് നടന്നു.
ഞാൻ അന്തംവിട്ട് അവൾ പോകുന്നത് നോക്കിയിരുന്നു.
ഇന്നലെ രാത്രി എൻ്റെ ഞാൻ നെഞ്ചിൽ കിടന്നു കരഞ്ഞ പെൺകുട്ടിയാണോ ഇത് ? അവളുടെ ഭർത്താവിനെ ഗൗതം മുതലാളി കൊന്നതാണ്. ഗൗതം മുതലാളിയുടെ വിശ്വസ്തനായ സെക്രട്ടറി ആയിരുന്നു അയാൾ. ഒരു ദുർബല നിമിഷത്തിൽ ഗൗതം മുതലാളിയുടെ ചില രഹസ്യങ്ങൾ ഒരു പത്ര റിപ്പോർട്ടർക്ക് ചോർത്തിക്കൊടുത്തു. പിറ്റേന്നു തന്നെ ഒരു കാർ ആക്സിഡന്റിൽ അയാൾ മരണമടഞ്ഞു , അല്ല കൊല്ലപ്പെട്ടു.
മറ്റൊരു മതത്തിൽപ്പെട്ട യുവാവുമായി ഒളിച്ചോടി വിവാഹം കഴിച്ചതാണ് നാൻസി. രണ്ടു പേരുടെയും കുടുംബങ്ങൾ ഇവരെ പുറത്താക്കി. ഭർത്താവിൻെറ മരണശേഷം അവൾ ഒറ്റപ്പെട്ടു. പോകാൻ ഒരിടവും ഇല്ല . ആത്മഹത്യയ്ക്കു ശ്രമിച്ച അവളെ ഗൗതം മുതലാളിയുടെ ആൾക്കാർ രക്ഷപ്പെടുത്തി മുതലാളിയുടെ അടുത്ത് എത്തിച്ചു. ഗൗതം മുതലാളി അവൾക്ക് ഒരു ജോലി വാഗ്ദാനം ചെയ്തു. തന്റെ ഭർത്താവിനെ ഇല്ലാതെയാക്കിയത് ഗൗതം മുതലാളിയാണ് എന്ന് അറിയാതെയാണ് അവൾ ആ ജോലി സ്വീകരിച്ചത്. അവൾ അത് അറിഞ്ഞു വന്നപ്പോഴേക്കും ഗൗതം മുതലാളിയുടെ വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറിയായി തീർന്നിരുന്നു. പിന്നീട് രണ്ടു വഴികൾ മാത്രമേ അവളുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ആത്മഹത്യ അല്ലെങ്കിൽ ഒന്നും അറിയാത്ത ഭാവത്തിൽമുതലാളിയുമായി സഹകരിച്ച് മുന്നോട്ടുപോകുക. അവൾ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.
ഗൗതം മുതലാളിയുടെ സ്വഭാവം ശരിക്കും ഒരു സമസ്യയാണ്. എത്ര ആലോചിച്ചിട്ടും ഒന്നും പിടി കിട്ടുന്നില്ല. തന്റെ ശത്രുക്കളെയും തന്നെ ചതിച്ചവരെയും എന്തുവിലകൊടുത്തും ഇല്ലാതെയാക്കും. എന്നാൽ നിരപരാധിയായവരെ, അവർ തൻ്റെ ശത്രുക്കളുടെ ഉറ്റ ബന്ധുക്കൾ ആണെങ്കിൽക്കൂടി സംരക്ഷിക്കുകയും ചെയ്യും. അതോ, അതിൻ്റെയൊക്കെ പിന്നിൽ വേറെ വല്ല ദുരുദ്ദേശങ്ങൾ ഉണ്ടോ ആവോ ?
പക്ഷേ എനിക്ക് പിടി കിട്ടാത്തത് ഇവൾക്കെങ്ങനെ എല്ലാം അറിഞ്ഞുകൊണ്ട് ആ മനുഷ്യന്റെ സെക്രട്ടറിയായി ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ്. അവൾക്ക് വേറൊരു വഴിയും ഇല്ലായിരിക്കാം, എങ്കിൽ കൂടി …. ഒരുപക്ഷേ ഭയന്നു പോയിക്കാണും. പാവം.
പുറകിൽ നിന്ന് ഒരു അനക്കം. ഞെട്ടി തിരിഞ്ഞുനോക്കി. നാൻസിയാണ്. അവൾ തൻ്റെ ഔദ്യോഗിക യൂണിഫോമായ കറുത്ത സ്യൂട്ടും പാവാടയും ധരിച്ചിരിക്കുന്നു.
” എന്താ ആലോചിച്ചിരിക്കുന്നത് ?” ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ചോദിച്ചു.
” ഒന്നുമില്ല നാൻസി .”
” ഉം, അതു വെറുതെ . എന്തോ ഗഹനമായ ചിന്തയിലാണ്.”
” ഞാൻ നാൻസിയെപ്പറ്റി ആലോചിക്കുകയായിരുന്നു.”
” എന്താലോചിക്കുകയായിരുന്നു ?”
” അത് …. ഒന്നുമില്ല നാൻസി .”
” എനിക്കറിയാം. ഞാൻ എങ്ങനത്തെവളാണ് എന്നല്ലേ ?”
” അയ്യോ അല്ല. ഒരിക്കലുമല്ല. ”
” എന്റെ ഭർത്താവ്. അദ്ദേഹം പോയി. പിന്നെ മുതലാളി. ഇപ്പോൾ നിങ്ങളും. അത്രയുമേയുള്ളൂ തോമസ്.” നിറകണ്ണുകളോടെയാണ് അവൾ അത് പറഞ്ഞത്. എനിക്ക് അവളോട് സഹതാപം തോന്നി. എന്തെന്നില്ലാത്ത ഒരു ഇഷ്ടവും.
” ഇതൊന്നും നിങ്ങളുടെ പുസ്തകത്തിന് വേണ്ടിയുള്ളതല്ല. ജസ്റ്റ് ഫോർ യുവർ ഇൻഫർമേഷൻ ഓൺലി. എൻെറ മനസ്സിലുള്ളതും ആരോടെങ്കിലുമൊക്കെ പങ്കുവെക്കണ്ടേ തോമസ്.” അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് എൻ്റെ മാറിലേക്ക് ചാഞ്ഞു. ഞാൻ അവളെ ബലമായി കെട്ടിപ്പിടിച്ചു. അല്പം നിമിഷം അങ്ങനെ നിന്നിട്ട് അവൾ കുതറി മാറി. ബാഗിൽ നിന്ന് ടിഷ്യൂ പേപ്പർ വലിച്ചെടുത്ത് മുഖം തുടച്ചു.
” പോട്ടെ, രണ്ടു മീറ്റിങ്ങുകളുടെ നോട്ട്സ് പ്രിപ്പയർ ചെയ്യാൻ ഉണ്ട് .” പുഞ്ചിരിയോടെ കൈവീശിക്കൊണ്ട് അവൾ മുറിയിൽ നിന്ന് പോയി.
ഞാനെന്റെ ബിഎംഡബ്ലിയു സെവൻ സീരീസ് കാറുമായി ഹൈവേയിലൂടെ കുതിച്ചു പായുകയായിരുന്നു. വഴിയിൽലെങ്ങും ആരെയും കാണാനില്ല. കിലോമീറ്ററുകളോളം മുന്നോട്ട് കാണാവുന്ന രീതിയിൽ വഴി നീണ്ടു നിവർന്ന് അങ്ങനെ കിടക്കുന്നു. ഇതിന്റെ മാക്സിമം വേഗത പരിശോധിക്കാൻ പറ്റിയ അവസരം. ഞാൻ ആക്സിലറേറ്റർ വീണ്ടും അമർത്തിച്ചവിട്ടി . പെട്ടെന്നാണ് എന്റെ കണ്ണിൽ അത് പെട്ടത്. എതിർശയിൽ നിന്നും ഒരു ട്രക്ക് എൻ്റെ നേരെ പാഞ്ഞ് അടുക്കുന്നു. റോങ്ങ് സൈഡിലൂടെയാണ് വരവ്. ദൈവമേ ഞാൻ എന്ത് ചെയ്യും.
ക്രാഷ് …… കൂരിരുട്ട്….. ശബ്ദങ്ങൾ കേൾക്കുന്നു.
” റിങ്ങ് , റിങ്ങ് ”
എന്താണത് ? ഞാൻ ഞെട്ടി കണ്ണു തുറന്ന്
. ചുറ്റും നോക്കി. ഇൻറർക്കോം .
പെട്ടെന്ന് എനിക്ക് പരിസരബോധം ഉണ്ടായി. ഞാൻ ചാടി എഴുന്നേറ്റ് ഇൻറർക്കോം എടുത്തു.
” ഹലോ”
അപ്പുറത്ത് നാൻസിയാണ്.
” എന്തൊരു ഉറക്കമായിത്. ഇതുവരെ എഴുന്നേറ്റില്ലേ ?”
” അത് …. ഞാൻ…..”
” ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്തില്ല. അതെനിക്ക് മനസ്സിലാക്കാം. വാട്ട് എബൗട്ട് ലഞ്ച് ? ഉച്ചയ്ക്കും പട്ടിണി കിടക്കാൻ ആണോ ? ”
” സോറി നാൻസി. ഞാൻ ഉറങ്ങിപ്പോയി. ”
” ഇറ്റ്സ് ഓക്കേ . എണീറ്റ് കുളിച്ചിട്ട് ഭക്ഷണം വല്ലതും ഓർഡർ ചെയ്യൂ . കഴിച്ചിട്ട് വേഗം എഴുതിത്തീർക്കാൻ നോക്ക്. നാളെ അദ്ദേഹം ദുബായിയിൽ നിന്ന് നേരെ അങ്ങോട്ടായിരിക്കും വരുന്നത്.”
” ദുബായിയിലോ ? ഞാൻ ഇന്നലെ രാവിലെ അദ്ദേഹത്തെ കണ്ടതാണല്ലോ.”
” ഇന്നലെ ഉച്ചയ്ക്ക് പോയി, നാളെ ഉച്ച കഴിയുമ്പോൾ തിരിച്ചെത്തും.”
ചുമ്മാതല്ല നാൻസി ഇന്നലെ വൈകിട്ടും ഇന്നുമെല്ലാം ഫ്രീയായത്. പക്ഷേ സെക്രട്ടറിയായ നാൻസി എന്തുകൊണ്ട് കൂടെ പോയില്ല.
” ബിസിനസ് ട്രിപ്പ് ആണോ ?”
” അല്ല , ഫാമിലി മാറ്റേഴ്സ് .”
ചുമ്മാതല്ല നാൻസിയെ കൊണ്ടു പോകാഞ്ഞത്.
” നാൻസി, എനിക്കൊരു ചിക്കൻ ബിരിയാണി കൊടുത്ത് വിട്ടേര്. ഒരു ഷിവാസ്സും .”
” അതേയ്, മതി മതി . നാലുദിവസത്തേക്കുള്ളത് ഇന്നലെത്തന്നെ കേറ്റിയില്ലേ ?” പൊട്ടിച്ചിരിച്ചുകൊണ്ടാണ് അവൾ ഫോൺ വെച്ചത്.
ക്ഷീണം കാരണം എന്റെ തല നേരെ നിൽക്കുന്നില്ല. അവൾ ആകട്ടെ വളരെ ഫ്രഷ് ആയിട്ട് സംസാരിക്കുന്നു. ഞാൻ അവളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ബാത്റൂമിലേക്ക് നടന്നു.