ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു.1914 ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു.
2020 സെപ്റ്റംബർ 12നാണ് എൻറെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻറെ അമ്മയെ കുറിച്ച്.
1990 കാലഘട്ടം. മക്കളിൽ അവസാനത്തെ ആളുടേയും വിവാഹം കഴിഞ്ഞ് അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായ സമയം. മക്കളൊക്കെ കൂടുവിട്ട് പോയികഴിഞ്ഞു. അമ്മ മക്കളുടെ ഫോണും എഴുത്തും വരുന്നത് നോക്കിയിരുന്നും അവർക്ക് മറുപടി അയച്ചും സമയം കളയുന്നു. അച്ഛൻ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് സദാ എഴുത്തും വായനയും.അന്ന്കാലത്ത് തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ആയതുകൊണ്ടാണോ എന്നറിയില്ല എല്ലാവരുടെയും സംസാരത്തിൽ സർക്കാർ എന്ന വാക്ക് സുനിശ്ചിതമായും കടന്നുവരും.
ഓണ സമയം. ഓണക്കോടിയും ഓണം അഡ്വാൻസ്,ബോണസ് ഇതൊക്കെ വാങ്ങി ഉത്രാടത്തലേന്ന് തന്നെ സ്ഥലം വിട്ടതാണ് അമ്മയെ ജോലിയിൽ സഹായിക്കുന്ന ആൾ. തിരുവോണവും ആവണി അവിട്ടവും ചതയവും കഴിഞ്ഞ് അഞ്ചാം ദിവസം തിരികെ ജോലിയിൽ പ്രവേശിക്കും എന്ന ഉറപ്പിൻമേലാണ് പോകുന്നത്.പക്ഷേ മിക്കവാറും വീട്ടുകാരുടെയും ആ കാത്തിരുപ്പ് വ്യർത്ഥമാകാറാണ് പതിവ്. രണ്ടോ മൂന്നോ വർഷം തുടർച്ചയായി ഒരു വീട്ടിൽ തന്നെ ജോലി ചെയ്യുമ്പോൾ ഇരുകൂട്ടർക്കും പരസ്പരം മടുക്കും.ഇപ്പോഴുള്ള കമ്പനികളിൽ ഐടി പിള്ളേർ വിരസത മാറ്റാൻ ജോലി മാറുന്നതുപോലെ ഇവർ ജോലി സ്ഥലങ്ങൾ മാറും. ഓണത്തിന് രണ്ട് മാസം മുമ്പേ ഇവർ അതിനുള്ള അന്വേഷണങ്ങൾ ഒക്കെ നടത്തി വയ്ക്കും. ഓണം കഴിഞ്ഞ് വരാം എന്ന് വാക്കും കൊടുക്കും പുതിയ ജോലിസ്ഥലത്ത്.ഇതൊന്നും പാവം പഴയ വീട്ടുകാർ അറിയില്ല. ഓണം അവധി മുഴുവനായി തീരുമ്പോൾ ആണ് ആ നഗ്നസത്യം വീട്ടുകാർ അറിയുക. പിന്നെ അടുത്ത ആളെ കണ്ടുപിടിക്കാനുള്ള ഓട്ടപ്പാച്ചിലായി. അമ്മയുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന എന്നെ അമ്മ ആ ജോലി ഏൽപ്പിച്ചു.ഓണവധി അടിച്ചുപൊളിച്ചു തിരികെ എത്തിയ ഞാൻ എത്രയും പെട്ടെന്ന് ഒരാളെ കണ്ടു പിടിച്ച് അമ്മയുടെ മുമ്പിൽ ഇൻറർവ്യൂനായി ഹാജരാക്കി. ശുഭ്രവസ്ത്രധാരിയായ ആ മധ്യവയസ്കയെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടെങ്കിലും ഇവർക്ക് ഈ ജോലി എല്ലാം കൂടി ചെയ്യാൻ സാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ഒരു മാസമെങ്കിൽ ഒരു മാസം നിൽക്കട്ടെ അത് കഴിഞ്ഞ് പറ്റിയില്ലെങ്കിൽ ഞാൻ മറ്റൊരാളെ കൊണ്ട് തരാമെന്ന് പറഞ്ഞു. ശമ്പളം പറഞ്ഞതിലും നൂറു രൂപ കൂട്ടി ചോദിച്ചു വിലാസിനി. പിന്നെ ഇവിടുത്തെ സാർ എഞ്ചിനീയർ ആണെന്ന് പറഞ്ഞപ്പോൾ എവിടെ, കറന്റ് ആപ്പീസിലോ വെള്ളത്തിന്റെ ആപ്പീസിലോ എന്ന് മറുചോദ്യം. പെൻഷൻ ഉള്ള ജോലിയാണോ എന്ന് അറിയാൻ ആയിരിക്കും ആ അന്വേഷണം. ഏതായാലും പിറ്റേദിവസം വിലാസിനി കൃത്യസമയത്ത് ജോലിയിൽ പ്രവേശിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് നല്ല വൃത്തിയും വെടിപ്പും ജോലിയിലുള്ള കാര്യക്ഷമതയും കണ്ട് അമ്മയ്‌ക്ക് വലിയ സന്തോഷം ആയി. പുത്തൻ അച്ചിയുടെ പുരപ്പുറം തൂപ്പ് ആണോ എന്ന് എനിക്ക് അപ്പോൾ തന്നെ സംശയം തോന്നിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ഒരു മാസംകഴിഞ്ഞു…രണ്ട് മാസം കഴിഞ്ഞു……. യാതൊരു പ്രശ്നവുമില്ലെന്ന് മാത്രമല്ല രണ്ടുപേരും നല്ല കൂട്ടുകാരുമായി കഴിഞ്ഞിരുന്നു. അങ്ങനെയിരുന്നപ്പോൾ അമ്മയ്ക്ക് സിമ്പതി വർക്കൗട്ട് ആയി തുടങ്ങി. അമ്മയുടെ അയൽവക്കത്ത് ഒരു സ്ത്രീ പെൻഷൻ ഓഫീസിൽ ജോലിചെയ്യുന്നുണ്ട്. അവരെ ചെന്ന് കണ്ടാൽ വിധവാപെൻഷൻ ഉള്ള ഫോം തരും,അത് വാങ്ങി കൊണ്ടു വന്നാൽ ഇവിടത്തെ സാർ അത് പൂരിപ്പിച്ച് തരും എന്നൊക്ക പറഞ്ഞു. സന്തോഷം കൊണ്ട് മതിമറന്ന വിലാസിനി ആ സ്ത്രീയെ പോയി കണ്ട് വിധവ പെൻഷൻ ലഭിക്കാനുള്ള ഫോം സംഘടിപ്പിച്ചു.അച്ഛൻ അത് യഥാവിധി പൂരിപ്പിച്ചു കൊടുത്തു.എന്നിട്ട് അമ്മ വിലാസിനിയോട് പറഞ്ഞു, ശനിയാഴ്ച ഞങ്ങൾ ഇവിടെ ഉണ്ടാകില്ല. അപ്പോൾ നിനക്ക് ഇവിടെ ജോലിക്ക് വരണ്ടല്ലോ അന്ന് നീ പെൻഷൻ ഓഫീസിൽ കൊണ്ടുപോയി കൊടുത്തോളു എന്ന്. പക്ഷേ പൂരിപ്പിച്ച വിധവ പെൻഷൻ ഫോമുമായി പോയ വിലാസിനി പിന്നെ പൊങ്ങിയത് ഒരാഴ്ച കഴിഞ്ഞ്. ദേഷ്യം കൊണ്ട് നില തെറ്റിയ അമ്മ ചോദിച്ചപ്പോൾ വിലാസിനിയ്ക്ക് പറയാനുണ്ടായിരുന്ന മറുപടി ഇതായിരുന്നു . ശനിയാഴ്ച സർക്കാർ ആപ്പീസിൽ ഒരു കാര്യവും നടക്കില്ല.നീ തിങ്കളാഴ്ച തന്നെ ഇത് കൈയ്യോടെ ഓഫീസിൽ കൊണ്ടുപോയി കൊടുക്കണം എന്ന് വിദഗ്ധോപദേശം അവൾക്ക് സുഹൃത്തുക്കളിൽ നിന്ന് കിട്ടിയിരുന്നുവത്രേ! അതുകൊണ്ട് തിങ്കളാഴ്ച തന്നെ രാവിലെ നല്ലൊരു കാര്യത്തിനായി പോകുന്നതുകൊണ്ട് കുളിച്ചു കുറിയിട്ടു അനന്തപത്മനാഭനെ തൊഴുതു പെൻഷൻ ആപ്പീസിലേക്ക് വച്ചു പിടിച്ചു. രണ്ടു ഉദ്യോഗസ്ഥർ അതിൽ ഒപ്പ് വയ്ക്കേണ്ടത് ഉണ്ടായിരുന്നു.ഒരാൾ അന്ന് ലീവ് ആയിരുന്നു. ഫോം അവിടെ കൊടുത്ത് തമ്പാനൂർ വന്ന് ബോഞ്ചിയും വടയും അകത്താക്കി ക്ഷീണം കൊണ്ട് വീട്ടിൽ വന്ന് റസ്റ്റ് എടുത്തു. ചൊവ്വാഴ്ചയും പോയി.അപ്പോൾ മറ്റേയാൾ ലീവ്.ബുധനാഴ്ചയും പോയി അന്ന് രണ്ടുപേരും ലീവ്. വ്യാഴാഴ്ച രണ്ടുപേരും വന്ന് ഒപ്പിട്ട് എങ്ങോട്ടോ പോയിട്ടുണ്ട്,തിരികെ ഇനി ഓഫീസിൽ വരുമോ എന്ന് അറിഞ്ഞുകൂട എന്നവരുടെ സഹപ്രവർത്തകർ പറഞ്ഞറിഞ്ഞു.ഏതായാലും വെള്ളിയാഴ്ച രണ്ടുപേരും ഉണ്ടായിരുന്നു.രണ്ടു പേരും ഒപ്പിട്ടു.ഫയൽ മുകളിലേക്ക് നീങ്ങി. അഞ്ചുദിവസവും വിലാസിനി മുടങ്ങാതെ ഓഫീസിൽ പോകും. തേയില വെള്ളങ്ങളും ബജികളും കഴിക്കും. തിരികെ വരും. ഇതാണ് നടന്നിരുന്നത് എന്ന് പറഞ്ഞു.
“നിങ്ങളോട് ഞാൻ ശനിയാഴ്ച പോകാനല്ലേ പറഞ്ഞത്, ഞാൻ സുഖമില്ലാത്ത ആളാണ് എന്ന് അറിഞ്ഞുകൂടെ,എങ്ങനെ നിങ്ങൾക്ക് ഇത് എന്നോട് ചെയ്യാൻ തോന്നി? നിങ്ങൾക്ക് ഉപകാരം ചെയ്യാൻ പോയിട്ട് ഞാൻ തന്നെ പാടുപെടേണ്ടി വന്നല്ലോ എൻറെ ദൈവമേ! ഇതാണ് പറയുന്നത് ഈ വന്ന കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല “ എന്ന് അമ്മ ആത്മഗതം പറഞ്ഞപ്പോൾ വിലാസിനിയുടെ മറുപടിയാണ് ഇതിലെ ഹൈലൈറ്റ്. “ നിങ്ങൾ വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന ഒരു സാറിൻറെ ഭാര്യയല്ലേ? ഇത്രയും വിവരമില്ലാത്ത ഒരു മറുപടി നിങ്ങളിൽ നിന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. എത്ര തവണ നടന്നാൽ ആണ് സർക്കാർ ഓഫീസിൽ ഒരു കാര്യം നടക്കുക എന്ന് നിങ്ങൾ തന്നെ സാറിനോട് ഒന്ന് ചോദിച്ചു മനസ്സിലാക്കു. “ എന്ന്. പോരേ പൂരം? 😜
ഇവരുടെ വാഗ്വാദം കേട്ട അച്ഛൻ അമ്മയോട് ശബ്ദംതാഴ്ത്തി ഇങ്ങനെ പറഞ്ഞു. “ അവര് പറഞ്ഞതിലും കാര്യം ഉണ്ടാകും. ആ പാവം അഞ്ചു ദിവസവും ആ ആപ്പീസിൽ നടന്നു കാണും എന്ന്.”
ഏതായാലും രണ്ടുമൂന്നു വർഷം വിലാസിനിയുടെ സേവനം അവിടെ ഉണ്ടായിരുന്നു.പിന്നെയും ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. “വളരെ ബുദ്ധിമുട്ടി ഞാൻ ഒരാളെ സംഘടിപ്പിച്ച് അങ്ങോട്ട് വിടുന്നുണ്ട്. ദൈവത്തെ ഓർത്ത് അതിന് വിധവാപെൻഷൻ, തൊഴിലില്ലായ്മ വേതനം……ഒന്നും വാങ്ങി കൊടുക്കാൻ ശ്രമിച്ച് എനിക്ക് പണി ഉണ്ടാക്കരുത്.ഈ വരുന്ന ആളിന് കെട്ടിയോൻ ഉണ്ട്. ഡെയിലി കോട്ട കിട്ടിയാൽ അതും കുടിച്ച് അങ്ങേരു അവിടെ എങ്ങാനും കിടന്നോളും. ഇനി അയാളെ നന്നാക്കാൻ ഒന്നും പുറപ്പെടല്ലേ എന്നൊരു താക്കീതോടെ മറ്റൊരാളെ ഞാൻ ഏർപ്പാടാക്കി കൊടുത്തു. അപ്പോഴത്തെ അമ്മയുടെ ഇളിഭ്യമായ ആ മുഖം ഒക്കെ ഞാൻ ഇന്നലെ പോലെ ഓർക്കുന്നു. 😜
സ്നേഹിക്കുന്നവർ അപ്രത്യക്ഷമാകുമ്പോൾ ആണ് അവരുടെ ആ നിശബ്ദ സാന്നിധ്യം പോലും എത്ര ഊർജദായകമായിരുന്നു എന്ന് നമ്മൾ മനസിലാക്കുക.
ലോകത്തിലെ എല്ലാ അമ്മമാർക്കും എൻറെ മാതൃദിന ആശംസകൾ നേരുന്നു.