Monday, November 25, 2024
Homeസ്പെഷ്യൽകതിരും പതിരും (42) 'ദാരിദ്ര്യ ചൂഷണത്തിന്റെ മനുഷ്യക്കടത്ത്' ✍ ജസിയഷാജഹാൻ.

കതിരും പതിരും (42) ‘ദാരിദ്ര്യ ചൂഷണത്തിന്റെ മനുഷ്യക്കടത്ത്’ ✍ ജസിയഷാജഹാൻ.

ജസിയഷാജഹാൻ.

‘ദാരിദ്ര്യ ചൂഷണത്തിന്റെ മനുഷ്യക്കടത്ത്’

അന്തരാഷ്ട്ര വിപണിയിൽ ചൂഷണത്തിന്റെ മനുഷ്യക്കടത്തിൽ കൂടുതലും ഇരകളാകുന്നത് ദാരിദ്ര്യത്തിന്റെ മേഖലയിലെ ഒരു കൂട്ടം പാവപ്പെട്ട മനുഷ്യരാണ്.

കഴുകൻ കണ്ണുകളോടെ കൂർമ്മബുദ്ധിയോടെ, പയറ്റിത്തെളിഞ്ഞ അഭ്യാസമുറക
ളോടെ ഇരകൾക്ക് പിറകെ വലവിരിച്ച് എവിടെയും പതിയിരിക്കുന്ന രഹസ്യ കണ്ണികൾ. അവരെ പോറ്റി വളർത്തുന്ന , അവർക്ക് വേണ്ടത്ര ഒത്താശകൾ ചെയ്തുകൊടുക്കുന്ന ഉന്നത ആശുപത്രികൾ, മേധാവികൾ. അവിടുത്തെ മറ്റു ജീവനക്കാർ.

ദാരിദ്ര്യത്തിൽ നിന്ന് ഒറ്റയടിക്ക് കരകയറാനുള്ള പോംവഴി എന്നനിലയിൽ അവയവദാന കച്ചവട ഇടപാടുകളിൽ പെട്ട് ചതിക്കപ്പെട്ടവരുടെ കഥാചുരുളുകൾ നമുക്ക് മുന്നിൽ അഴിഞ്ഞുവീഴുമ്പോൾ ആരും ഒന്ന് തരിച്ചിരുന്നു പോകും. തരിപ്പൊന്നു മാറി വരുമ്പോൾ ഞരമ്പുകൾ വലിഞ്ഞു മുറുകും. രക്തം തിളച്ചു മറിയും …കാണാപ്പുറങ്ങളുടെ വഴിയിൽ ആ മനസ്സുകൾ സഞ്ചാരം തേടും.

ആർക്കും എവിടെയും നുഴഞ്ഞുകയറണമെങ്കിൽ ഇടങ്ങൾവേണം. അവരെ കാക്കാൻ കണ്ണുകൾ കാവലുണ്ടാകണം. അവർക്കഭയം നൽകണം. സുരക്ഷിതത്വം ഉറപ്പാക്കണം. ഈ റാക്കറ്റുകളിലെ ഇടനിലക്കാരായ ആൾക്കാരെ എല്ലാവരുടെയും കണ്ണുകളിൽ മണ്ണ് മൂടി ആരാണ് സംരക്ഷിക്കുന്നത്? അതാണ് ആദ്യം വെളിച്ചത്തു കൊണ്ടുവരേണ്ടത്.

അവയവദാനത്തിന്റെ എല്ലാ ഫോർമാലിറ്റി പേപ്പേഴ്സും തനതായ രീതികൾ മറികടന്ന് എങ്ങനെ എളുപ്പത്തിൽ സംജാതമാകുന്നു? ഇവിടെ ഉദ്യോഗസ്ഥർ ബിനാമികളാണോ? എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സംശയം സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.

കൂടാതെ ഇടനിലക്കാർ സ്വൈര വിഹാരം നടത്തി ഈ കച്ചവടത്തിന് ആരെയൊക്കെ വീഴ്ത്താം എന്ന് മണത്തറിയണമെങ്കിൽ! ആമണം അവരിലേക്ക് എത്തിക്കുന്ന അജ്ഞാത കുസുമങ്ങൾ അവിടെ തീർച്ചയായും വാഴുന്നുണ്ടാകണം. അവർ ജനങ്ങൾക്ക് സെക്യൂരിറ്റി ഉറപ്പാക്കാൻ ഉള്ളവർ തന്നെ ആയിരിക്കണം. ഇവരെയൊക്കെ പുറം ലോകത്തേക്ക് വെളിച്ചം കാണിക്കാൻ ആയില്ലെങ്കിൽ വൻ ചെയിനുകളായി ഈ അവയവ വ്യാപാരം വിപണികൾ കൈയ്യടക്കുക തന്നെ ചെയ്യും.

ഈ ഇരകളെ തിരഞ്ഞുപിടിച്ച് അവരുടെ ജീവിതസാഹചര്യങ്ങൾ മുഴുവൻ പഠിച്ച് അവരുമായി അടുപ്പം കൂടി വശത്താക്കി സ്നേഹം നടിച്ച്, ചങ്ങാത്തമുറപ്പിച്ച് മോഹന വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും വീഴ്ത്തി അവരുടെ ഇല്ലായ്മകൾക്കും, ആഗ്രഹങ്ങൾക്കും, അത്യാവശ്യങ്ങൾക്കും, വിഷമതകൾക്കുമൊക്കെ പരിഹാരമായി അവയവ ദാനത്തിന്റെ ലക്ഷങ്ങളുടെ കണക്കിൽ അവരെ വിളക്കിച്ചേർത്ത് ശാരീരിക പീഢനമുൾപ്പടെ പലവിധ മാനസിക പീഢന സമ്മർദ്ദ മുറകൾ പയറ്റി , എല്ലാ വിധ വിധേയത്വത്തോടും പെരുമാറത്തക്ക രീതിയിൽ അവരെ കീഴ്പ്പെടുത്തി കാര്യം നേടുന്ന ഇടനിലക്കാരുടെ വാഴ്ച്ച അതിവിദഗ്ധമായി തന്നെ അന്വേഷണ സംഘത്തിന് പൂർണ്ണമായും കണ്ടെത്താനാകണം.

കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഈ കച്ചവടത്തിന് ഇരകളാകാം.
വളരെ തന്ത്രപരമായി അവർ വിരിക്കുന്ന വലകളിൽ ആരും എപ്പോഴും കുടുങ്ങാം. കാരണം എല്ലായിടത്തും അവരുണ്ട് .അവർക്ക് നമ്മളെ കാണാം. നമുക്ക് കാണാൻ കഴിയില്ല. അഥവാ കണ്ടാൽ തിരിച്ചറിയാൻ കഴിയില്ല.

കണ്ണികൾ തൊടുത്താണ് ചെയിനുകൾ നീളുന്നത്. കണ്ണികളുടെ വ്യാപ്തിയും ബലവും, ശക്തിയും, ആഴവും അനുസരിച്ച് ചങ്ങലകൾ കനക്കും. ഒന്നും ഒറ്റയടിക്ക് പൊട്ടിച്ചെറിയാൻ എളുപ്പമല്ല!

എല്ലാം അരിച്ചുപെറുക്കി ആരുടേയും മുഖം നോക്കാതെ, സ്ഥാനമാനങ്ങൾ നോക്കാതെ, കൊടിയ തലക്കെട്ടുകൾ നോക്കാതെ, സത്യത്തിന്റെയും നീതിയുടേയും, ധർമ്മത്തിന്റെയും പതാക ഉയർത്തി ഉച്ചത്തിലുച്ചത്തിൽ മുഴങ്ങട്ടെ ! എന്തിനേയും തെറിപ്പിച്ചെറിയുന്ന ഒറ്റ വാക്യം.

“സത്യമേവ ജയതേ”

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം.. നന്ദി,സ്നേഹം.

ജസിയഷാജഹാൻ. ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments