1856 ജൂലൈ 26-ന് അയർലന്റിലെ ഡബ്ലിൻ നഗരത്തിൽ ജോർജ്ജ് കർഷാ യുടെയും ഡബ്ലിനിലെ ഒരു ഭൂവുടമയുടെ മകളും സംഗീതജ്ഞയുമായിരുന്നു ലൂസിൻഡ എലിസബത്ത് ഷാ യുടെയും മകനായി ജോർജ്ജ് ബെർണാഡ് ഷാ ജനിച്ചു . അച്ഛൻ ഡബ്ലിൻ കോടതിയിലെ ശിപായി ആയിരുന്നെങ്കിലും ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം ധാന്യ വ്യാപാരത്തിൽ ഏർപ്പെടുകയും കടബാധിതനാവുകയും ചെയ്തു .
അദ്ദേഹത്തിന് രണ്ടു സഹോദരിമാരുണ്ടായിരുന്നു.ലൂസിൻഡ ഫ്രാൻസെസും, എലിനർ ആഗ്നസും.ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം.ഡബ്ലിൻ ഇംഗ്ലീഷ് സയന്റിഫിക് ആന്റ് കൊമേഴ്സ്യൽ ഡേ സ്കൂളിൽ പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. അദ്ദേഹത്തിന്റെ പതിനാറാം വയസിൽ അമ്മ പെണ്മക്കളോടൊപ്പം ലണ്ടനിലേക്ക് പോയി .ഡബ്ലിനിൽ അച്ഛനോടൊപ്പം അദ്ദേഹം നിന്നു .അക്കാലത്ത് ഒരു എസ്റ്റേറ്റ് ഓഫീസിൽ ഗുമസ്തനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
അശാസ്ത്രീയമായ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് എന്നും ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്ന അദ്ദേഹം വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തന്റെ നിഷേധാത്മക നിലപാട്” Cashel Byron’s Profession “എന്ന നോവലിൽ പറയുന്നുണ്ട് .”ഔപചാരികവിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികൾ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം .
1876 ഏപ്രിൽ മാസത്തിൽ അദ്ദേഹം ലണ്ടനിലെത്തി.അവിടെ വച്ച് സാഹിത്യത്തിൽ കൂടുതൽ തത്പരനായ ബർണാഡ് ഷാ “സ്റ്റാര്‍” എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപത്രത്തിൽ ചെറു ലേഖനങ്ങളെഴുതി തുടങ്ങി .പിന്നീട് “സാറ്റർ ഡേ റിവ്യു “എന്ന വാരികയിൽ അന്നത്തെ പ്രമുഖ നാടകങ്ങളെ വിമർശിച്ചും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.1898-ൽ തന്റെ സഹപ്രവർത്തകയായിരുന്ന “ഷാർലറ്റ് പയ്ൻ ടൗൺഷൻഡ്” എന്ന ഐറിഷ് വനിതയെ അദ്ദേഹം വിവാഹം കഴിച്ചു.
1906-ൽ ഹെർട്ഫോഡ്ഷെയറിലെ വസതിയിൽ അവരിരുവരും താമസമാരംഭിച്ചു. വസതി “ഷാസ് കോർണർ”(Shaw’s Corner)എന്ന പേരിൽ ഇന്നും സംരക്ഷിച്ചു പോരുന്നു .1879നും 1883നും ഇടയിൽ അദ്ദേഹം ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചെങ്കിലും ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
1892-ലാണ് ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതം പ്രമേയമാക്കി ആദ്യ നാടകം “Widower’s Houses” അരങ്ങിലെത്തിയത്.തുടർന്ന് “സീസർ ആൻഡ് ക്‌ളിയോപാട്ര ” ഉൾപ്പടെ അറുപത്തി മൂന്നു നാടകങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കി രണ്ടു ലക്ഷത്തിലധികം ലഘു പ്രബന്ധങ്ങളും അദ്ദേഹം എഴുതിയെന്നുള്ളത് മറി കടക്കാൻ കഴിയാത്ത അപൂർവതയാണ് . കൂടാതെ എഴുത്തിലൂടെ നീളം ഹാസ്യത്തിന്റെ മേമ്പൊടിയിൽ ഗൗരവമുള്ള വിഷയങ്ങൾ അദ്ദേഹത്തെ പോലെ അവതരിപ്പിച്ചവർ ചരിത്രത്തിൽ കാണില്ല. “വല്ലതും ചെയ്യാന്‍ അറിയുന്നവര്‍ ചെയ്യുന്നു, അല്ലാത്തവര്‍ പഠിപ്പിക്കുന്നു “എന്ന പോലെ പറയാൻ
അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മികച്ച ഒരു ഛായാഗ്രാഹകൻ കൂടിയായിരുന്നു അദ്ദേഹമെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു.”ലോകത്തെ ഏതെങ്കിലും ഒരു സ്വേഛാധിപതി മുഹമ്മദ് നബിയെ പോലെ ആയിത്തീരുമെങ്കില്‍ അയാള്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് സമാധാനവും സന്തോഷവും കൈവരിക്കുന്നതില്‍ വിജയിക്കും. അന്തിക്രിസ്തു എന്ന നിലയ്ക്കല്ല, ഞാനദ്ദേഹത്തെ നിരീക്ഷിച്ചത്. അതുകൊണ്ടുതന്നെ മാനവരാശിയുടെ രക്ഷകനാണദ്ദേഹം. ഇന്നിന്റെ യൂറോപ് സ്വീകരിക്കുന്നതിനേക്കാള്‍ വര്‍ധിതാവേശത്തോടെ നാളെയുടെ യൂറോപ് മുഹമ്മദിന്റെ സന്ദേശങ്ങളെ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്” എന്ന് അക്കാലത്തു അദ്ദേഹം തുറന്നു പറഞ്ഞത് വർത്തമാന കാലത്തു യാഥാർഥ്യമാകുന്നത് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ മകുടോദാഹരണമാണ്.
ഇസ്‌ലാമിക വീക്ഷണത്തെ ഉയർത്തിപിടിക്കുമ്പോളും എന്ത് കൊണ്ട് നിങ്ങൾ മുസ്‌ലിം ആകുന്നില്ല എന്നൊരിക്കൽ ഒരു സുഹൃത്ത് ചോദിച്ചപ്പോൾ, “താൻ ഇസ്‌ലാമിനെ കുറിച്ചാണ് സംസാരിക്കുന്നത് മുസ്ലീമിനെ കുറിച്ചല്ല “എന്ന് ഷാ മറുപടി നൽകിയതും ചരിത്രം. “ഒരിക്കൽ സുന്ദരിയായ സ്ത്രീ അദ്ദേഹത്തെ സമീപിച്ചു വിവാഹം കഴിക്കണമെന്നും താങ്കളുടെ ബുദ്ധിയും തന്റെ സൗന്ദര്യവും ലഭിക്കുന്ന ഒരു കുഞ്ഞുണ്ടായാൽ അത് ലോകത്തിലെ തന്നെ എല്ലാം തികഞ്ഞ ആളായി മാറുമെന്ന്” പറഞ്ഞപ്പോൾ മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ? എന്ന ഷായുടെ മറുപടി ഹാസ്യമായി തോന്നാമെങ്കിലും വലിയ ഗൗരവമുള്ള ചിന്തകൾ അതിൽ ഒളിഞ്ഞിരിപ്പുണ്ട് .അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ നടന്നിട്ടുള്ള ഇത്തരം സംഭവങ്ങൾ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതും അത് കൊണ്ടാണ്.
സോഷ്യലിസവും തൊഴിലാളിവർഗ്ഗവും നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കിയ അദ്ദേഹം ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവ് കൂടിയായിരുന്നു .നോബൽ സമ്മാനവും(1925) ഓസ്കാർ പുരസ്കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ് ബെർണാർഡ് ഷാ. 1950 നവംബർ 2-ന് 94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചിരുന്ന അദ്ദേഹം, എഴുതി തുടങ്ങിയ നാടകം പൂർത്തിയാക്കാതെ ഏണിവെച്ചു മരച്ചില്ല ഒരുക്കുന്നതിനിടയിൽ കാൽ വഴുതിവീണു ലോകത്തോട് വിട പറഞ്ഞു .അദ്ദേഹത്തിന്റെ ചിതാഭസ്മം പത്നി ഷാർലറ്റ് ഷായുടേതിനൊപ്പം ഷാസ് കോർണറിലെ പൂന്തോട്ടത്തിൽ വിതറി .അദ്ദേഹം കൂടി ചേർന്ന് രൂപപ്പെടുത്തിയ “ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ” ലൈബ്രറിയിൽ ഷായുടെ ബഹുമാനാർഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിട്ടുണ്ട് .
ലോകാവസാനം വരെ ബർണാഡ്ഷാ ജനമനസുകളിൽ ജീവിക്കുമെന്നതിൽ തർക്കമില്ല ….
“ഭാവനയില്‍ കാണുന്നത് സൃഷ്ടിയുടെ ആദ്യ ഘട്ടം ആണ്, നമുക്ക് ആഗ്രഹം ഉള്ളത് നാം ഭാവന യില്‍ കാണുന്നു, അത് മെല്ലെ മെല്ലെ നമ്മള്‍ സൃഷ്ടിക്കുന്നു”.