Saturday, November 16, 2024
Homeമതംസുവിശേഷ വചസ്സുകൾ (65) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (65) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വഴി നടത്തുന്ന ദൈവം
(1 രാജാ. 17:8 – 16)

“യഹോവ ഏലിയാവു മുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം, കലത്തിലെ മാവു തീർന്നു പോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞു പോയതുമില്ല” (വാ.16).

ഉദ്വേഗജനകമായ ഒരു നോവൽ പോലെ, ശ്വാസമടക്കിപ്പിടിച്ചു വായിക്കാവുന്ന കഥയാണ്, ഏലിയാ പ്രവാചകന്റേത്. തന്റെ വാക്കുകൾ അനുസരിച്ചു യിസ്രായേലിൽ, വരൾച്ചയുടെയും വറുതിയുടേയും നാളുകൾ കടു
ത്തു കൊണ്ടേയിരുന്നു. ദൈവം പ്രവാചകനെ കെരീത്തു തോട്ടിനരികെ പാർപ്പിച്ചു കാക്കയിൽ കൂടി അപ്പവും ഇറച്ചിയും, തോട്ടിൽ നിന്നു ലഭ്യമായിരുന്ന വെള്ളവും നൽകി പരിപോഷിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞു വരൾച്ച മൂലം തോടു വറ്റി. ഇനിയും എന്തു ചെയ്യും എന്നു ഭാരപ്പെട്ട പ്രവാചകനെ, ദൈവം സാരെഫാത്തിലെ വിധവയുടെ അടുത്തേക്ക് അയയ്ക്കുന്നു.

കലത്തിൽ ബാക്കിയുണ്ടായിരുന്ന അല്പം മാവും, തുരുത്തിയിൽ ഉണ്ടായിരുന്ന അല്പം എണ്ണയും ഉപയോഗിച്ചു തനിക്കും മകനും അടുത്ത നേരത്തെ ഭക്ഷണം ഉണ്ടാക്കി, ‘അവസാനത്തെ അത്താഴവും’ കഴിച്ചു ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചുറച്ചവളായിരുന്നു വിധവ. അങ്ങേയറ്റം വിഷമകരമായ സാഹചര്യങ്ങളായിരുന്നു മുമ്പിലുണ്ടായിരുന്നതെങ്കിലും, പ്രവാചകന്റെ ആവശ്യത്തിനു മുമ്പിൽ, തനിക്കുള്ള അല്പത്തിൽ നിന്നും പങ്കുവയ്ക്കുവാൻ അവൾ തയ്യാറാകുന്നു. ദൈവാധികാരം ഉപയോഗിച്ചു മഴയെ തടുത്തു നിർത്തിയ പ്രവാചകനു തന്റെ ജീവൻ നിലനിർത്തുവാൻ വിധവയുടെ അല്പത്തിൽ നിന്നുള്ള പങ്കു ലഭിക്കണമായിരുന്നു! ദൈവത്തിന്റെ വഴികൾ എപ്പോഴും മാനുഷീക ബുദ്ധിക്കും യുക്തിക്കും വിധേയമായിരിക്കണമെന്നില്ല.

കെരീത്ത് തോട്ടിന്റെ സമൃദ്ധിയും സംരക്ഷണവും നൽകുന്നവനും ദൈവം; അത് ഇല്ലാതാക്കുന്നവനും ദൈവം. വിധവയുടെ ഇല്ലായ്മയിൽ നിന്നായാലും, ജീവൻ പരിരക്ഷിച്ചു നിർത്താൻ ആവശ്യമായ മുഖാന്തരങ്ങൾ ഒരുക്കുന്നവനും ദൈവം. ദൈവ നിയോഗത്തെ യാതൊരു മുൻ വിധിയും കൂടാതെ അനുസരിക്കുന്നവർക്കു മാത്രമുള്ളതാണ് ദൈവത്തിന്റെ വഴിനടത്തൽ! നമ്മെ വിളിച്ചതും നയിക്കുന്നതും, സർവ്വ ശക്തനായ ദൈവമാണെങ്കിൽ, ഏലിയാവിന്റെ ദൈവമാണെങ്കിൽ, ഏതു പ്രതിസന്ധിയിലും നമ്മെ പോറ്റിപ്പുലർത്തുവാൻ അവൻ ശക്തനും മതിയായവനും ആണ്. വിളിച്ചിറക്കിയ ആരേയും, വഴിയിൽ ഉപേക്ഷിക്കുന്നവനല്ല ദൈവം.
എളിയവനായ ഈയുള്ളവന്റെ അനുഭവം അതിനു സാക്ഷ്യം വഹിക്കുന്നു എന്ന്
ഏറെ വിനയത്തോടെ പറയട്ടെ. അവനിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും മാത്രം ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ..

ചിന്തയ്ക്കു്: പ്രതികൂലതകളെ അനുകൂലതകൾ ആക്കുവാൻ കഴിവുള്ളവനാണു ദൈവം!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments